ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായും മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചതായാണ് സൂചന. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം കേരളത്തില്‍ ശക്തമാണ്. കൂടാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഒരു അടിയന്തിര ഇടപെടല്‍ കേരളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഉന്നതാധികാര സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് അറിയാന്‍ കഴിയുന്നത്. സമിതി തീരുമാനം വേഗത്തിലാക്കാന്‍ ജലവിഭവകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമവിദ്ഗദ്ധരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതിനിടെ മുല്ലപ്പെരിയാറിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയയ്ക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സ്പീക്കര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: