ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നം ഉന്നയിച്ച് സംസ്ഥാനം അയച്ച കത്തിന് തമിഴ്നാട് നല്കിയ മറുപടി കേരളത്തിന് അനുകൂലമായ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആശങ്ക മനസിലാക്കി തമിഴ്നാട് സഹകരിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു.
പ്രധാനമന്ത്രി, സോണിയാഗാന്ധി, ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. തമിഴ്നാട് ഹൃസ്വവീക്ഷണത്തോടെയാണ് പ്രശ്നത്തെ കാണുന്നത്. തമിഴ്നാടുമായി നല്ല ബന്ധമാണ് കേരളത്തിനുള്ളതെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന നിലപാടില്‍ തന്നെയാണ് കേരളം ഇപ്പോഴും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിതാലും തമിഴനാടിന് നിലവില്‍ ലഭിക്കുന്ന വെള്ളത്തില്‍ ഒരു തുള്ളി പോലും കുറയില്ലെന്നും പ്രശ്ന പരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തോട് കേരളം സഹകരിക്കുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതിയ ഡാം നിര്‍മ്മിക്കുക, ജലനിരപ്പ് 120 അടിയായി താഴ്ത്തുക എന്നിവയാണ് കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് അറിയിച്ച പ്രധാനമന്ത്രി ചര്‍ച്ചകള്‍ എത്രയും വേഗം നടത്താന്‍ കേന്ദ്ര ജലവിഭവമന്ത്രിയെ ചുമതലപ്പെടുത്തിയതായി തന്നെ അറിയച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
100 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമുകളുടെ സുരക്ഷയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദ്ധ പഠനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഡാം സുരക്ഷ സംബന്ധിച്ച് നിലവിലെ സംസ്ഥാന നിലപാടിന് വിരുദ്ധമായ രീതിയില്‍ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ സത്യവാംഗ്മൂലം നല്കിയതിനെക്കുറിച്ച ചോദിച്ചപ്പോള്‍ അങ്ങനെയൊരു അഭിപ്രായം തനിക്കില്ലെന്നും എ.ജി. അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: