ന്യൂയോര്‍ക്ക്: വര്‍ണവിവേചനത്തിനെതിരെയുള്ള ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യയുടെ പ്രതിനിധി ദിലീപ് ലാഹിരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2012 ജനുവരി 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. ആകെ പോള്‍ ചെയ്ത 167 വോട്ടുകളില്‍ 147 ഉം കരസ്ഥമാക്കി വന്‍ഭൂരിപക്ഷത്തോടെയാണ് ഇന്ത്യന്‍ പ്രതിനിധി വിജയിച്ചത്.
മൂന്നര പതിറ്റാണ്ടിനുശേഷം ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ യോജിച്ച പരിശോധനാസമിതിയില്‍ ചൈനയെ തോല്‍പ്പിച്ച് വിജയം വരിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇന്ത്യയുടെ ഐക്യരാഷ്‌ട്രസഭയിലെ പ്രതിനിധി ഹര്‍ദീപ് സിംഗ്പുരി ലാഹിരിയുടെ വിജയത്തില്‍ ആഹ്ലാദം രേഖപ്പെടുത്തി. മികച്ച ഒരു സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വിജയങ്ങളുടെ പരമ്പരയാണെന്നും വിജയിക്കുക മാത്രമല്ല നന്നായി വിജയിക്കുന്നതും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം തുടര്‍ന്നു.
കഴിഞ്ഞവര്‍ഷം ഐക്യരാഷ്‌ട്ര രക്ഷാസമിതിയിലേക്ക് 187 വോട്ടുകളുടെ റെക്കോഡ് വിജയത്തോടെ തുടങ്ങിയ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് ഉപദേശകസമിതി, മനുഷ്യാവകാശ കൗണ്‍സില്‍, അന്തര്‍ദേശീയ നിയമകമ്മീഷന്‍ ഇവയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: