ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.6 അടിയായി ഉയര്‍ന്നു. ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും വൈകിട്ടോടെ പെയ്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടി പ്രദേശത്ത് ഇന്നും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയത്. സെക്കന്റില്‍ 2460 ഘന അടിയിലേറെ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അതേസമയം 1555 ഘന അടി വെള്ളം മാത്രമേ തമിഴ്നാട് കൊണ്ടു പോകുന്നുള്ളൂ. അണക്കെട്ടിന്റെ സ്പില്‍ വേ വഴി 349 ഘന അടി വെള്ളം ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്.
തമിഴ്നാട്ടിലെ വൈഗാ നദിയിലെ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയിലെത്തിയതിനാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് തമിഴ്നാട്. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെയും ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 3.43 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആയിരുന്നു മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് ഉത്പാദിപ്പിച്ചിരുന്നത്. ഇത് 8.715 ദശലക്ഷം യൂനിറ്റ് ആയി വര്‍ധിപ്പിച്ചു.
2384.34 അടിയായി ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നു. സംഭരണ ശേഷിയുടെ 79 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: