കൊച്ചി: 2012 ജനുവരി ഒന്നിനെ ആധാരമാക്കി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജില്ലയില്‍ 64276 അപേക്ഷകളാണ് ലഭിച്ചത്. വിവിധ താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് അപേക്ഷകളുടെ പരിശോധന നടന്നു വരികയാണ്. ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
ഏറ്റവും കൂടുതല്‍ അപേക്ഷ പിറവം നിയോജക മണ്ഡലത്തിലാണ്. 6496 അപേക്ഷകളാണ് മണ്ഡലത്തിലെ 14 വില്ലേജുകളില്‍ നിന്നായി ലഭിച്ചത്. കളമശേരിയാണ് തൊട്ടടുത്ത്. മൊത്തം 5562 അപേക്ഷകള്‍. ആലുവയില്‍ കന്നിവോട്ടിനായി 5449 പേരാണ് രംഗത്തുളളത്. മറ്റു നിയോജക മണ്ഡലങ്ങളിലെ എണ്ണം ഇപ്രകാരമാണ്. പെരുമ്പാവൂര്‍-4614, അങ്കമാലി-3822, വൈപ്പിന്‍-4056, കൊച്ചി-4995, തൃപ്പൂണിത്തുറ-4627, എറണാകുളം-3423, തൃക്കാക്കര-4615, കുന്നത്തുനാട്-4916, മൂവാറ്റുപുഴ-4713, കോതമംഗലം-4011. ഏറ്റവും കുറവ് അപേക്ഷ പറവൂരിലാണ്- 2977.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2206611 വോട്ടര്‍മാരാണ് ജില്ലയിലുണ്ടായിരുന്നത്. ഒക്ടോബര്‍ ഏഴ് വരെ ലഭിച്ച അപേക്ഷ തീര്‍പ്പാക്കി 7014 പേരെക്കൂടി 14 മണ്ഡലങ്ങളിലെ പട്ടികയില്‍ ചേര്‍ത്തിരുന്നു. നിലവില്‍ അതോടെ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 2213625 ആയി ഉയര്‍ന്നു. അതായത് ഓരോ മണ്ഡലത്തിലും ശരാശരി 500 പേര് വീതം അധികമായി വന്നിട്ടുണ്ട്. അതിനുശേഷം പോളിംഗ് സ്റ്റേഷനുകളിലടക്കം നടത്തിയ കാമ്പയിന് വഴിയാണ് 64276 അപേക്ഷ പുതിയതായി ലഭിച്ചത്.
അപേക്ഷകരെ നോട്ടീസ് നല്കി ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ വിളിച്ച് രേഖകള്‍ പരിശോധിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്. പൂര്‍ണമായും കുറ്റമറ്റ രീതിയില്‍ അപേക്ഷ തീര്‍പ്പാക്കാനുളള നടപടികള്‍ അധികൃതര്‍ എടുത്തുവരികയാണ്. പിറവം നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ വില്ലേജ് തലത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയോഗിച്ച് വോട്ടര്‍ പട്ടികയുടെ കൃത്യത പ്രത്യേകമായി ഉറപ്പുവരുത്തും. വിവിധ താലൂക്കുകളില്‍ നിന്നും ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ സേവനം 10 ദിവസത്തേക്ക് ഇതിനായി വിട്ടുനല്‍കാന്‍ ജില്ലാ ഇലക്ഷന് ഓഫീസ് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. മൂവാറ്റുപുഴ തഹസില്‍ദാര്‍ക്കാണ്‍് പിറവം നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: