ഇന്ദിര എന്നും ഇന്ദു എന്നും ഇന്ത്യയില്‍ ഏറെ പെണ്‍കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ ഒരു കാലത്ത് പേരിട്ടിരുന്നത്, ജവഹര്‍ലാല്‍ നെഹ്റുവിനോടും ഇന്ത്യന്‍ ജനാധിപത്യത്തോടും ഉളള ആദരവ് കാരണമാണ്. നെഹ്റുവിന്റെ മകള്‍ ഇന്ദിര തന്നെയാണ് പില്ക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ ശ്രമിച്ചതെന്നത് വേറെ കാര്യം. ‘എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിപ്പൂ’ എന്ന് അക്കാലത്ത് സുഗതകുമാരിയെ പോലുള്ളവര്‍ കവിതയെഴുതി. ഇന്ത്യാക്കാര്‍ പെണ്‍കുട്ടികള്‍ക്കിടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇന്ദിരയെന്ന പേര് പോലെ ആയിരുന്നു ഒരു കാലത്ത് ഇന്ത്യയ്ക്ക് പുറത്ത്, പ്രത്യേകിച്ചും അമേരിക്കയില്‍, കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സ്വെട്ലന എന്ന പേര്. സോവിയറ്റ് സ്വേഛാധിപതി ജോസഫ് സ്റ്റാലിനോടുള്ള വിദ്വേഷവും പകയുമാണ് അവരില്‍ പലരേയും തങ്ങളുടെ പെണ്മക്കള്ക്ക് സ്വെട്ലന എന്ന് പേരിടാന്‍ പ്രേരിപ്പിച്ചത്. സ്റ്റാലിന്റെ ഏക പുത്രി സ്വെട്ലന കഴിഞ്ഞയാഴ്ച അമേരിക്കയില്‍ അന്തരിച്ചു.
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില് മക്കളായി ജനിക്കുന്നതെന്ന പഴഞ്ചൊല്ലില്‍ പതിരുണ്ടെന്ന് തോന്നിക്കുന്നതായിരുന്നു സ്വെട്ലനയുടെ ജീവിതം. ആജന്മശത്രുക്കളെപോലെ ആയിരുന്നു സ്റ്റാലിന്റേയും മകള്‍ സ്വെട്ലനയുടേയും ജീവിതം. കമ്മ്യൂണിസ്റ്റ് വിരുദ്ധ ലോകത്തിന് ശീതസമര കാലത്ത് കിട്ടിയ ഏറ്റവും നല്ല പ്രചരണായുധമായിരുന്നു സ്വെട്ലന. അമേരിക്കന്‍ ഭരണകൂടവും അമേരിക്കയുടെ നേതൃത്വത്തില്‍ ആഗോള കമ്മ്യൂണിസ്റ്റ് വിരോധികളും സ്വെട്ലനയെ സ്റ്റാലിനെതിരായ പ്രതിഷേധത്തിന്റെ ഒരു പ്രതീകമാക്കി, പ്രതിമയാക്കി മാറ്റി. “എന്റെ അച്ഛന് എന്റെ ജീവിതം തകര്‍ത്തു. ഒരിക്കലല്ല. ഒന്നിലേറെ തവണ. എന്റെ മാത്രമല്ല. പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് റഷ്യാക്കാരുടേയും”, സ്റ്റാലിനെക്കുറിച്ച് സ്വെട്ലന പകയോടെയും പ്രതികാരത്തോടെയും പറഞ്ഞു നടന്നിരുന്നു.
സ്റ്റാലിനുമായുള്ള സമരത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയനോട് വിട പറഞ്ഞ് അമേരിക്കയില്‍ അഭയം തേടിയെത്തിയതിനെത്തുടര്ന്ന് നടത്തിയ പത്രസമ്മേളനത്തെപ്പറ്റി, ആ ആഴ്ചയിലിറങ്ങിയ ‘ടൈം’വാരിക എഴുതിയത് ടോള്‍സ്റ്റോയിയെ ഉദ്ധരിച്ചു കൊണ്ടായിരുന്നു. “സന്തുഷ്ട കുടുംബങ്ങള്‍ക്കിടയില്‍ സമാനതകളേറെയുണ്ടെന്നും എന്നാല്‍ സന്തപ്ത കുടുംബങ്ങള്‍ക്കു പിന്നിലെ സാഹചര്യം വിഭിന്നമാണെന്നും, റഷ്യന്‍ മനസ്സിനെപ്പറ്റി മറ്റാരെയും കാള്‍ നന്നായറിയാമായിരുന്ന ലിയോ ടോള്‍സ്റ്റോയി ഒരിക്കലെഴുതി. ഒരു റഷ്യന്‍ കുടുംബത്തിന്റെ സന്തോഷത്തിനും ദുഃഖത്തിനും ഇടയാക്കിയ സവിശേഷ സാഹചര്യത്തിന്റെ വേദനിപ്പിക്കുന്ന നേര്‍ക്കാഴ്ചയ്ക്ക് കഴിഞ്ഞയാഴ്ച അമേരിക്ക സാക്ഷ്യം വഹിച്ചു- – സ്വേഛാധിപതി ജോസഫ് സ്റ്റാലിന്റെ മകളായുള്ള യാദൃച്ഛിക ജനനത്തില്‍നിന്നും കമ്മ്യൂണിസത്തില്‍നിന്നും സ്വയം വിമോചിതയായ നാല്‍പ്പത്തിരണ്ടുകാരി സ്വെട്ലന അലീലുയേവ സ്റ്റാലിനയുടെ കുടുംബത്തിന്റെ. അതേ! സ്റ്റാലിന്റെ പുത്രി അഭയം തേടിയെത്തിയത് അമേരിക്ക ആഘോഷിക്കുകയായിരുന്നു. ആയിരത്തിതൊള്ളായിരത്തി അറുപത്തേഴില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് തനിക്ക് അച്ഛനിട്ട പേര് പോലും പിന്നീടുപേക്ഷിച്ച് ലന പീറ്റേഴ്സ് എന്ന പേരിലറിയപ്പെട്ട സ്വെട്ലന ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി.
അന്നവര്‍ക്ക് വയസ് നാല്‍പ്പത്തൊന്ന്. അപ്പോള്‍ സ്റ്റാലിന് മരിച്ചു കഴിഞ്ഞിരുന്നു. പക്ഷെ സോവിയറ്റ് യൂണിയനേയും സോവിയറ്റ് നേതൃത്വത്തേയും സ്വെട്ലനയുടെ നടപടി വല്ലാതെ അസ്വസ്ഥമാക്കി. അക്കാലത്തെ സോവിയറ്റ് പ്രധാനമന്ത്രി അലക്സി കൊസിജിന്‍ അന്ന് പ്രതികരിച്ചത് “അവര്‍ക്ക് അസുഖമാണ്” എന്നാണ്.
തന്റെ പ്രണയം തകര്‍ത്തു എന്നതായിരുന്നു സ്റ്റാലിനോടുള്ള സ്വെട്ലനയുടെ പ്രതികാരത്തിന്റെ പ്രധാന കാരണം. പതിനാറ് തികഞ്ഞപ്പോഴായിരുന്നു സ്റ്റാലിന്റെ ഏകപുത്രിയുടെ കടിഞ്ഞൂല്‍ പ്രണയം. സ്വെട്ലനയെക്കാള് നാല്‍പ്പത് വയസ് കൂടുതലുള്ള എഴുത്തുകാരനും ചലച്ചിത്രകാരനുമായ അലക്സി കപ്ലറുമായുള്ള പ്രണയത്തെ സ്റ്റാലിന് ശക്തിയായി എതിര്‍ത്തു. ജൂതനായ ആ കാമുകനെ സ്റ്റാലിന് സൈബീരിയയിലേക്ക് നാടു കടത്തി, പിന്നെ ലേബര്‍ ക്യാമ്പില്‍ പാര്‍പ്പിച്ചു. അവിടെ കിടന്ന് അയാള്‍ മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് സ്വെട്ലന് മോസ്കോ സര്‍വകലാശാലയിലെ തന്റെ സഹപാഠി ഗ്രിഗറി മൊറോസോവിനെ, സ്റ്റാലിന്റെ സമ്മതത്തോടെ വിവാഹം കഴിച്ചു. പക്ഷെ മരുമകനെ കാണാന്‍ സ്റ്റാലിന് കൂട്ടാക്കിയില്ല. ഒരാണ്‍കുട്ടി പിറന്നയുടനെ സ്വെട്ലന വിവാഹമോചനം നേടി. സ്റ്റാലിന് തന്നെയാണ് സ്വെട്ലനയുടെ രണ്ടാം വിവാഹത്തിനുള്ള വരനെ തെരഞ്ഞെടുത്തത്-സ്റ്റാലിന്റെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്ന ആന്ദ്രേ ഷഠ്നോവിന്റെ മകന് യൂറി ഷഠ്നോവ് . സ്വെട്ലന-യൂറി ദമ്പതികള്‍ക്ക് പിറന്നത് ഒരു പെണ്‍കുഞ്ഞാണ്-ഏക ടെറീന. വൈകാതെ അവര്‍ വേര്‍പിരിഞ്ഞു.
സ്വെട്ലനയുടെ അച്ഛനമ്മമാരുടെ ദാമ്പത്യം അസ്വസ്ഥമായിരുന്നു. സ്റ്റാലിന്റെ രണ്ടാം വിവാഹമായിരുന്നു നടേഷ്ദ അലീലുയേവയുമായി. നടേഷ്ദ-സ്റ്റാലിന് ദമ്പതികള്‍ക്ക് സ്വെട്ലനയെ കൂടാതെ മൂത്ത രണ്ട് ആണ് കുട്ടികള്‍. അവര്‍ ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒരാള്‍ ജേക്കബ്. നാസി തടങ്കല്‍ പാളയത്തില്‍ കിടന്നാണ് മരിച്ചത്. മറ്റൊരാള്‍, വസീലി മദ്യത്തില്‍ മുങ്ങിയും. ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ സ്വെട്ലനയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു. നടേഷ്ദ ആത്മഹത്യ ചെയ്തതാണെന്ന് പ്രചരിച്ചിരുന്നുവെങ്കിലും ‘അപന്റിക്സ്’ പൊട്ടി മരിച്ചുവെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ഭാര്യയെ സ്റ്റാലിന് കൊല്ലിക്കുകയായിരുന്നെന്നും സ്റ്റാലിന് സ്വയം കൊല്ലുകയായിരുന്നെന്നും മറ്റും ആരോപണമുയര്‍ന്നിരുന്നു. സ്റ്റാലിന്-നടേഷ്ദ ദാമ്പത്യത്തെപ്പറ്റി, സോവിയറ്റ് പ്രധാനമന്ത്രി നികിത ക്രൂഷ്ചേവ് തന്റെ ആത്മകഥയില്‍, മഹാഭാരതത്തില്‍ ദ്രൗപദിയെ കൗരവസഭയിലേക്ക് ദുശാസനന് തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചു കൊണ്ടുവന്നതുപോലെ ഒരു രംഗം വരച്ചു കാട്ടുന്നുണ്ട്. നൃത്തം ചെയ്യാന്‍ വിസമ്മതിച്ച നടാഷ്ദയെ, അവളുടെ നിലവിളി വകവെയ്ക്കാതെ, ഒരു വിരുന്ന് സല്‍ക്കാരവേദിയിലേക്ക്, മദ്യപിച്ച് മദോന്മത്തനായ സ്റ്റാലിന് തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചുകൊണ്ടു വന്നതിന് താന്‍ ദൃക്സാക്ഷിയാണെന്ന് ക്രൂഷ്ചേവ് രേഖപ്പെടുത്തുന്നു.
അമ്മയെ നഷ്ടപ്പെട്ട സ്വെട്ലനയ്ക്ക് ബാല്യകാലത്ത് അച്ഛനോട് അടുപ്പവും സ്നേഹവുമായിരുന്നു. തിരിച്ച് സ്റ്റാലിന് മകളോടും. സ്വെട്ലനയെ സ്റ്റാലിന് കുട്ടിക്കാലത്ത് ‘കുഞ്ഞാറ്റ’യെന്നാണ് സ്നേഹപൂര്‍വം വിളിച്ചിരുന്നത്. സ്റ്റാലിന്റെ അമ്മയുടെ ഛായയായിരുന്നത്രെ സ്വെട്ലനയ്ക്ക്. അവരുടെ ചുവന്ന തലമുടിയും സ്വെട്ലനയ്ക്ക് സ്വന്തമായി. അച്ഛന് ആദ്യകാലങ്ങളിലൊക്കെ തന്നെ അമിതമായി സ്നേഹിച്ചിരുന്നതായി സ്വെട്ലന തന്റെ ഗ്രന്ഥങ്ങളില്‍ സമ്മതിക്കുന്നുണ്ട്. “മകള്‍ ഒരു നല്ല അഭ്യസ്തവിദ്യയായ മാര്‍ക്സിസ്റ്റായി വളര്ന്നുകാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ അച്ഛന് ക്രൂരനായിരുന്നു. സങ്കീര്‍ണമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. സങ്കീര്ണതയില്ലാത്തതായി ഒന്നും ഇല്ലായിരുന്നു അച്ഛന്റെ ജീവിതത്തില്‍. ഒരിക്കലും ഒരു കാരണവശാലും ഞാന്‍ റഷ്യയിലല്ലാതെ ജീവിക്കുന്നത് അച്ഛന് സങ്കല്പ്പിക്കാന് പോലുമാവില്ലായിരുന്നു.” അച്ഛന്റെ വ്യക്തിത്വം എക്കാലത്തും, എവിടെ പോയാലും തന്നെ വേട്ടയാടുന്നതായി സ്വെട്ലന പരാതിപ്പെട്ടു.
“അമേരിക്കയിലോ സ്വിറ്റ്സര്‍ലന്റിലോ ഇന്ത്യയിലോ, ഇനി ഏതെങ്കിലും ദ്വീപിലോ ആയാലും ഞാനെന്റെ അച്ഛന്റെ പേരിന്റെ രാഷ്ട്രീയ തടവുകാരിയാണ്.”
ആയിരത്തിതൊള്ളായിരത്തി അമ്പത്തിമൂന്നില്, സ്റ്റാലിന്റെ മരണശേഷം സ്വെട്ലന മോസ്കോയില്‍ അദ്ധ്യാപികയായി കഴിഞ്ഞുകൂടി. സോവിയറ്റ് ഭരണകൂടം സ്റ്റാലിന്റെ പുത്രിക്ക് ഒരു പെന്ഷന് അനുവദിച്ചിരുന്നു. സാഹിത്യം പഠിക്കാനായിരുന്നു സ്വെട്ലനയ്ക്ക് താല്‍പ്പര്യമെങ്കിലും സ്റ്റാലിന്റെ നിര്‍ബന്ധപ്രകാരം ചരിത്രവും രാഷ്ട്രമീമാംസയുമാണ് അവര്‍ പഠിച്ചത്. റഷ്യന്‍ ഭാഷ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളിലും സ്വെട്ലന പ്രാവീണ്യം നേടി.
സോവിയറ്റ് യൂണിയനോട് എന്നെന്നേയ്ക്കും വിട പറയാന്‍ സ്റ്റാലിന്റെ പുത്രിയെ പ്രേരിപ്പിച്ചതും ഒരു പ്രണയം തന്നെ, ഒരിന്ത്യാക്കാരനുമായുള്ള പ്രണയം. മോസ്കോ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയില്‍നിന്നുള്ള കമ്മ്യൂണിസ്റ്റുകാരനായ ബ്രജേഷ് സിംഗിനെ, സ്വെട്ലന കണ്ടുമുട്ടുന്നത് ‘ടോണ്സില്സ്’ നീക്കം ചെയ്യുന്നതിനായി ഒരാശുപത്രിയില്‍ കിടക്കവെയാണ്. ‘ബ്രോങ്കൈറ്റിസ്’ ബാധിച്ച് ബ്രജേഷും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പം അനുരാഗമായി.
പക്ഷെ സ്വെട്ലനയ്ക്ക് ബ്രജേഷിനെ വിവാഹം കഴിക്കാനായില്ല. അതിനുമുമ്പ്, ആയിരത്തിതൊള്ളായിരത്തി അറുപത്താറില്‍ ബ്രജേഷ് മരിച്ചു. അദ്ദേഹത്തിന്റെ ചിതാഭസ്മം ഗംഗയിലൊഴുക്കാനാണ് അറുപത്തേഴില്‍ സ്വെട്ലന ഇന്ത്യയിലെത്തുന്നത്. എട്ട് മാസത്തിലേറെ കാലം സ്വെട്ലന ഗംഗാതീരത്ത് ബ്രജേഷിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു. ഇന്ത്യയിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അവര്‍ ആകൃഷ്ടയായി. മതത്തോടും ഈശ്വരനോടും അന്നുവരെ പുലര്‍ത്തിയിരുന്ന അകലം അതോടെ അവര്‍ ഉപേക്ഷിച്ചു. സ്വെട്ലന ഒരു കടുത്ത ഈശ്വരവിശ്വാസിയായി. ഈശ്വരീയമല്ലാതെ ഇനിയൊരു ജീവിതം ഇല്ലെന്നും അവര്‍ തീരുമാനിച്ചു.
ഇനി റഷ്യയിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ച സ്വെട്ലനയെ സ്വീകരിക്കാന്‍ ഇന്ത്യാ ഗവണ്മെന്റിന് ധൈര്യമില്ലായിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഭയന്ന് സ്റ്റാലിന്റെ പുത്രിക്ക് രാഷ്ട്രീയ അഭയം നല്കാന് ഇന്ത്യാ സര്‍ക്കാര്‍ വിസമ്മതിച്ചു. പിന്നെ സ്വെട്ലന സമീപിച്ചത് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ചെസ്റ്റര്‍ ബൗള്‍സിനെ. സ്റ്റാലിനോടും സോവിയറ്റ് യൂണിയനോടും പക വീട്ടാന്‍ അവസരം കാത്തിരുന്ന അമേരിക്ക സ്വെട്ലനയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. സോവിയറ്റ് പാസ്പോര്‍ട്ട് സ്വെട്ലന കത്തിച്ചു കളഞ്ഞു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചശേഷം ഒരു അമേരിക്കന്‍ ആര്‍ക്കിടെക്റ്റ് വില്ല്യം വെസ്ലി പീറ്റേഴ്സിനെ അവര്‍ വിവാഹം കഴിച്ചു. ലന എന്ന് സ്വയം പേരും അവര്‍ പരിഷ്ക്കരിച്ചു. ലന-വില്ല്യം ദമ്പതികള്‍ക്ക് ജനിച്ച പെണ്‍കുട്ടിയ്ക്ക് ഓള്‍ഗ എന്ന് പേരിട്ടു. പീറ്റേഴ്സുമായുള്ള ബന്ധവും ലന പില്ക്കാലത്ത് വേര്‍പെടുത്തി. ഓള്‍ഗയെ കൂടാതെ മുന്‍ വിവാഹങ്ങളില്‍ സ്വെട്ലനയ്ക്ക് ഒരു മകളും മകനും കൂടിയുണ്ട്.
ഒക്ടോബര്‍ വിപ്ലവത്തിന്റെ അമ്പതാം വാര്‍ഷികവേളയിലാണ് സ്വെട്ലന ആദ്യ ഗ്രന്ഥം എഴുതിയത്. “ഒരു സുഹൃത്തിനെഴുതിയ ഇരുപത് കത്തുകള്‍” എന്ന ആ ഗ്രന്ഥത്തിന്റെ ലക്ഷക്കണക്കിന് പ്രതികളാണ് വിറ്റഴിഞ്ഞത്. സ്റ്റാലിന്റെ മകളുടെ കഥ പറയുന്ന ചലച്ചിത്രമാണ് ‘സ്വെട്ലനയെപ്പറ്റി സ്വെട്ലന’. ആത്മാവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് താന്‍ അമേരിക്കയില്‍ അഭയം തേടിയതെന്ന് സ്വെട്ലന എഴുതി. കമ്മ്യൂണിസത്തിലോ മുതലാളിത്തത്തിലോ തനിക്ക് വിശ്വാസമില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. “ഇവിടെ മുതലാളിമാരോ കമ്മ്യൂണിസ്റ്റുകാരോ ഇല്ല, നല്ല മനുഷ്യരും ചീത്ത മനുഷ്യരും മാത്രമാണുള്ളത്; മനുഷ്യര്‍ മാത്രം”, സ്വെട്ലന വിശ്വസിച്ചു.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: