ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ മാര്‍ക്സിസ്റ്റ് കാപാലികരാല്‍ കൊല ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് പന്ത്രണ്ട് വര്‍ഷം തികയുകയാണ്. കണ്ണൂരിലെ മാര്‍ക്സിസ്റ്റ് സര്‍വ്വാധിപത്യത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ധീരമായ ചെറുത്തു നില്‍പ്പ് നടത്തുകയും യുവാക്കളെയും പൊതു സമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ട് സിപിഎമ്മിന്റെ ദുഷ്ചെയ്തികളെ തുറന്നു കാണിക്കുകയും ചെയ്ത ജയകൃഷ്ണന് മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ കരടായിരുന്നു. കേരളത്തിന്റെ പൊതു മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരവും നിന്ദ്യവുമായ സംഭവമായിരുന്നു ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകം. ക്ലാസ് മുറിയില്‍ തന്റെ ശിഷ്യരുടെ മുന്നില്‍ വച്ച് ജയകൃഷ്ണന് മാസ്റ്ററെ സിപിഎം നരാധമന്മാര് കൊല ചെയ്തപ്പോള്‍ ഇന്ത്യ മുഴുവന്‍ അപലപിച്ചെങ്കിലും അതിനെ ന്യായീകരിക്കാന്‍ സിപിഎം നേതൃത്വം രംഗത്തു വരികയാണ് ചെയ്തത്. കണ്ണൂരിലെ സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരായുള്ള ജനാധിപത്യ ശക്തികളുടെ ദൃഢീകരണമാണ് ജയകൃഷ്ണന് മാസ്റ്ററുടെ ആത്മാവിനോട് നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതീകരണം.
ജയകൃഷ്ണന് മാസ്റ്റര്‍ പ്രതിനിധാനം ചെയ്തത് സിപിഎമ്മിന്റെ അക്രമത്തിനെതിരായ ചെറുത്തു നില്പ്പിനെ മാത്രമായിരുന്നില്ല. ദേശീയ ശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം കൂടിയായിരുന്നു അദ്ദേഹം. സ്വാഭാവികമായും ജയകൃഷ്ണന് മാസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയവും സാമൂഹികവുമായ മൂല്യങ്ങളില്‍ അടിയുറച്ചു നിന്ന് പ്രവര്‍ത്തിക്കുകയാണ് യുവമോര്‍ച്ചയ്ക്ക് ചെയ്യാനുള്ളത്.
സമൂഹത്തിലെ ചെറുപ്പക്കാരെന്ന നിലയ്ക്ക് നാടിനെ ഗ്രസിച്ചിരിക്കുന്ന സാമൂഹ്യവിപത്തുകള്‍ക്കെതിരായ പോരാട്ടമാണ് യുവമോര്‍ച്ചയ്ക്ക് ഏറ്റെടുക്കാനുള്ളത്. ഇന്ന് നമ്മുടെ സമൂഹത്തെ ഏറ്റവും അധികം ഗ്രസിച്ചിരിക്കുന്നത് അഴിമതിയാണ്. രാഷ്ട്രീയ രംഗത്താണെങ്കിലും സമൂഹത്തിന്റെ മറ്റേതുമേഖലയിലാണെങ്കിലും അഴിമതിയുടെ അതിപ്രസരം ദൃശ്യമാണ്. അതേസമയം അഴിമതിക്കെതിരായ ചെറുത്തു നില്‍പ്പും അങ്ങിങ്ങായി ഉയര്‍ന്നു വരുന്നു എന്നുള്ളതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്.
ജനാധിപത്യത്തിന്റെ പേരിലാണ് നമ്മുടെ രാഷ്ട്രം ലോകം മുഴുവന്‍ പ്രകീര്ത്തിക്കപ്പെട്ടിരുന്നത്. എന്നാല്‍ അഴിമതിയുടെ പേരില്‍ എല്ലാ ഇന്ത്യാക്കാരനും തലകുനിക്കേണ്ടിവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ അഴിമതികള്‍ നടന്നിരിക്കുന്നത് നമ്മുടെ നാട്ടിലാണ്. ടു-ജി സ്പെക്ട്രം ആയാലും കോമണ്‍വെല്‍ത്ത് ഗെയിംസായാലും അഴിമതിയുടെ അളവിനെക്കുറിച്ച് നിലവിലുള്ള ധാരണകളൊക്കെ തിരുത്തുന്ന രീതിയിലാണ് യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
അഴിമതി കോണ്‍ഗ്രസ്സിന്റെ കൂടപ്പിറപ്പാണ്. ജവഹര്‍ലാല്‍ നഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളൊക്കെ അഴിമതിയില്‍ മുങ്ങിക്കുളിച്ചവരായിരുന്നു. രാജീവ് ഗാന്ധിയുടെ ബൊഫോഴ്സ് അഴിമതിക്കെതിരെ പാര്‍ളമെന്റില്‍ പ്രതിപക്ഷാംഗങ്ങളൊക്കെ രാജിവച്ച സംഭവം വരെയുണ്ടായി. എന്നാല്‍ ഈ പാരമ്പര്യത്തെയൊക്കെ മറികടക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങളില്‍ നിന്ന് നേരെ ജയിലിലേക്കാണ് പോകുന്നത്.
ഇവരെ അകത്താക്കിയത് ഭരണക്കാര്‍ നിയന്ത്രിക്കുന്ന സിബിഐ ഒന്നുമല്ല. കോടതിയുടേയും സിഎജിയുടെയും ഇടപെടലുകളാണ് അഴിമതിക്കാര്‍ അല്പമെങ്കിലും പിടിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ കുറ്റം മുഴവന്‍ ഘടക കക്ഷി മന്ത്രിമാരുടെ തലയിലാക്കി രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ടു-ജി സ്പെക്ട്രം കുംഭകോണം നടന്നത് ചിദംബരം ഉള്‍പ്പടെയുള്ള കോംഗ്രസ് മന്ത്രിമാരുടെ അറിവോടും അനുഗ്രഹാശിസ്സുകളോടും കൂടിയാണ്. ഇവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാതെ അഴിമതി അവസാനിപ്പിക്കാനും കഴിയില്ല.
നേരത്തെ അഴിമതിയെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയെക്കുറിച്ചുമാത്രമാണ് നമുക്ക് ഓര്മ്മവരാറുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തിലെ എല്ലാമേഖലയിലും അഴിമതി ഗ്രസിച്ചിരിക്കുകയാണ്. ഏറ്റവും വലിയ അഴിമതി നടക്കുന്നത് തെരഞ്ഞെടുപ്പ് രംഗത്താണ്. അഴിമതിക്കാരായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കോര്‍പ്പറേറ്റുകള്‍ രംഗത്തിറങ്ങുന്നത് സ്വാഭാവികം മാത്രം. പണംകൊണ്ട് തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയ ശേഷം അഴിമതി നടത്തി പണമുണ്ടാക്കുകയാണ് ഇവിടെ നടക്കുന്നത്. പാര്‍ളമെന്റ് തെരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ നവീകരണം വരുത്തുകയും പണത്തിന്റെ ഉപയോഗം കുറയ്ക്കുകയുമാണ് ഇതിനൊരു പോംവഴി. തെരഞ്ഞെടുപ്പു പരിഷ്കാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ബിജെപിയും യുവമോര്‍ച്ചയും വളരെ നാളുകളായി ആവശ്യപ്പെട്ടുവരുന്നതാണ്.
അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ നിരാശാജനകമായ വാര്‍ത്തകള്‍ മാത്രമല്ല നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. അഴിമതിയെ നിയന്ത്രിക്കാനുള്ള ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാഹസാരെയുടെയും രാംദേവിന്റെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പതിനായിരക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. നിലവില്‍ രാഷട്രീയ പ്രവര്‍ത്തനവുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി യുവാക്കള്‍, ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചുകൊണ്ട് അഴിമതിക്കെതിരായ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയത് ഭരണാധികാരികളെ വിറകൊള്ളിച്ചിട്ടുണ്ട്.
അഴിമതിക്കാരായ ഭരണാധികരാകിളെ നിലയ്ക്കു നിര്‍ത്താനും അഴിമതിയെ തുടച്ചു നീക്കാനും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഴിയും. എഴുപതുകളുടെ തുടക്കത്തില്‍ ഗുജറാത്തിലും ബിഹാറിലും വിദ്യാര്‍ത്ഥികളും യുവാക്കളും അഴിമതി വിരുദ്ധ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയിരുന്നു. പിന്നീട് ലോക്നായിക് ജയപ്രകാശ് നാരായണന് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ജനമധ്യത്തിലേക്കിറങ്ങി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും പൗരാവകാശങ്ങള്‍ റദ്ദാക്കിയും ബിജെപി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപകാലത്തും കോണ്‍ഗ്രസ്സിന് അഴിമതി വിരുദ്ധ സമരങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നിട്ടുണ്ട്.
ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനം പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുള്ള നമ്മുടെ അവകാശത്തോടൊപ്പം അഴിമതിക്കെതിരായി പോരാടാനുള്ള നമ്മുടെ കര്ത്തവ്യത്തെക്കൂടി ഓര്‍മിപ്പിക്കുന്നതാണ്. അഴിമതിക്കെതിരെ യുവശക്തി എന്നതാണ് ഈ ഘട്ടത്തില്‍ യുവമോര്‍ച്ച ഉയര്‍ത്തുന്ന മുദ്രാവാക്യം. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും അഴിമതിക്കെതിരായ ചെറുത്തു നില്പ്പിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.
വി.വി. രാജേഷ്
(യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: