ന്യൂദല്‍ഹി: ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപ പ്രശ്നത്തില്‍ പാര്‍ലമെന്റ് സ്തംഭനം തുടരുന്നു. വിവാദ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റക്കെട്ടായി അണിനിരന്ന പ്രതിപക്ഷത്തിനൊപ്പം പ്രമുഖ യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങളും ചേര്‍ന്നു.
ഇന്നലെ പാര്‍ലമെന്റ് സമ്മേളിച്ചയുടന്‍ ആരംഭിച്ച പ്രതിഷേധം തണുപ്പിക്കാന്‍ പ്രതിപക്ഷ നേതാക്കളുമായി സര്‍ക്കാര്‍ നേതൃത്വം നടത്തിയ ഔദ്യോഗിക, അനൗദ്യോഗിക സംഭാഷണങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇരുസഭകളും നിര്‍ത്തിവെക്കുകയും പിന്നീട് പിരിയുകയുമായിരുന്നു.
വിവാദതീരുമാനം പിന്‍വലിക്കുകയോ പ്രശ്നത്തില്‍ വോട്ടെടുപ്പ് ആവശ്യമുള്ള അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുകയോ ചെയ്യാതെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ഒച്ചപ്പാടുകള്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തു. രാജ്യസഭയില്‍ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ജനതാദള്‍ (യു), എഐഎഡിഎംകെ അംഗങ്ങള്‍ വന്ബഹളവുമായി രംഗത്തിറങ്ങി. മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തില്‍നിന്നുള്ള എംപിമാരും ഉന്നയിച്ചു.
ഇതിനിടെ, ഭൂരിപക്ഷത്തെക്കുറിച്ച് ആത്മവിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് വിദേശനിക്ഷേപ പ്രശ്നത്തില്‍ വോട്ടെടുപ്പ് ആവശ്യമുള്ള ചര്‍ച്ചയില്‍നിന്ന് കേന്ദ്രം ഒളിച്ചോടുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇതേക്കുറിച്ച് വിശദീകരിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: