കൊച്ചി: മുല്ലപ്പെരിയാറില്‍ ദുരന്തമുണ്ടാകാനിടയായാല് സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വ്യക്തമായ പദ്ധതി സമര്‍പ്പിക്കണം. ദുരന്തമുണ്ടായാല്‍ സ്വീകരിക്കുന്ന നടപടികളുടെ മുന്‍ഗണനാക്രമം തയ്യാറാക്കണമെന്നുംകോടതി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോള് മുന്‍കരുതല്‍ നടപടികള്‍ വൈകുന്നത് എന്താണെന്ന് കോടതി ചോദിച്ചു.
മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷിതസ്ഥാനങ്ങളെപ്പറ്റിയും രക്ഷാമാര്ഗങ്ങളെപ്പറ്റിയും മാധ്യമങ്ങളിലൂടെ നിര്‍ദ്ദേശം നല്‍കണം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്നും നിയമസഭ ചേരലും പ്രമേയം പാസാക്കലും സാവകാശം ചെയ്യാമെന്നും ജനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള മുന്‍കരുതലുകളാണ് അടിയന്തരമായി സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ നാളെ രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കുളമാവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് കുറക്കാന്‍ ഒരുക്കമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനായി വൈദ്യുതോല്പാദനം കൂട്ടും. നാവികസേനക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: