‘അതും പൂര്‍ണ്ണം ഇതും പൂര്‍ണ്ണം’ എന്നതില്‍ ഉണ്മയെന്നാണ് ഉദ്ദേശിക്കുന്നത്. ഞാന്‍ ഉണ്മയാണെങ്കില് – ദേഹമെങ്കില് – ഞാന്‍ പൂര്‍ണനാണ്, അപൂര്‍ണം എന്ത് എന്ന് തെളിയിക്കേണ്ടതായിട്ടില്ലാത്ത പൂര്ണന്. അറിയാന്‍ കഴിയുന്നത് അപൂര്‍ണമാണെന്ന് തെളിയിക്കാന്‍ ബുദ്ധിവിശേഷം ആവശ്യമില്ല. പൂര്‍ണവും അപൂര്‍ണവും എന്നത് ആശയപരമായി മാത്രം ഉള്ളതാണ്. ‘താന്‍’ ഇതിന്റെ രണ്ടിന്റെയും ഒരുപോലെയുള്ള ഉണ്മയാണ്. അവിടെ മനസ്സിന് അഹം ബോധത്തെ കൂട്ടുപിടിച്ച് ഇടയ്ക്കൊരു മറയുണ്ടാക്കി പൂര്‍ണം അപൂര്‍ണം എന്ന് വേര്‍തിരിക്കേണ്ടതില്ല. പ്രപഞ്ചത്തെ കാണുന്നവനോട് അതിന്റെ യഥാര്‍ത്ഥനില പൂര്‍ണമാണ് എന്നറിയിക്കുന്നു.
പ്രപഞ്ചത്തിന്റെ സഹായമില്ലാതെതന്നെ താന്‍ പൂര്‍ണനാണ്. പൂര്‍ണം എന്ന വാക്കുതന്നെ പ്രപഞ്ചത്തിന്റെ അപൂര്ണതയില് നിന്ന ഒരു മനസ്സിന്റെ സൃഷ്ടിയായി മാത്രം കാണണം. മനസ്സ് അപൂര്‍ണമാണ്. മനസ്സിന്റെ സൃഷ്ടിയും അപൂര്‍ണമാണ്. മനസ്സിനപ്പുറമുള്ളതിനെ – സൃഷ്ടിയില്ലാത്തതിനെ – അതിന് വിരുദ്ധമായ ഒരു പദം ഉപയോഗിച്ച് പറയേണ്ടതായി വരുന്നതിനാല്‍ പൂര്‍ണം എന്ന് പറയുന്നു. പ്രപഞ്ചം അപൂര്‍ണ്ണം, അത് ‘അ’ കാരം. അപൂര്‍ണത്തിന്റെ പ്രപഞ്ചമാകുന്ന ‘അ’കാരം പോയാല്‍ പൂര്‍ണം ശേഷിക്കുന്നു. സര്‍വതിലും പൂര്‍ണമായത് ആശയങ്ങള്‍ക്ക് മുറിക്കാന്‍ പറ്റാത്തതാണ്. അതിനാല്‍ അളവറ്റ ‘അതു’ മാത്രമാണ് ആനന്ദം. പരിധിയുള്ളത് ആനന്ദമല്ല. ആണെങ്കില്‍ അത് പൂര്‍ണമല്ല. അപ്പോള്‍ ആനന്താനന്ദനില തന്നെ പൂര്‍ണ്ണം.
ഉണ്മയാകുന്ന തന്റെ ആനന്ദനില ഒരുപോലെയായതിനാല്‍ ആണ് താന്‍ പൂര്ണന് എന്ന് പറയുന്നത്. തന്റെ തൃപ്തി രണ്ടാമതൊന്നിന്റെ ലഭ്യതയിലല്ല കുടിയിരിക്കുന്നത്. അതാണ് പൂര്‍ണത. പൂര്‍ണത പരിമിതമായതുകളെ അറിയിക്കുന്നില്ല. ആ അറിവ് അപൂര്‍ണമാണ്, അയഥാര്‍ത്ഥമാണ്. അത് ജീവന്റെ മനസ്സിനോടുള്ള കടപ്പാടില്‍ വരുന്ന കുരുക്കാണ്. ആ കുരുക്ക് അഴിക്കുന്നത്, ഇതൊന്നുമല്ല ‘താന്‍’ എന്ന് നിഷേധിച്ചുകൊണ്ടാണ്. ഇതല്ല ഇതല്ല എന്ന് അറിയിക്കുന്നത് ഏതാണ്? അത് നാമവും രൂപവുമല്ല. ഒഴിവാക്കാനാണെങ്കില്‍ അത് എണ്ണമില്ലാതെ കിടക്കുന്നു. എണ്ണുന്നവന് എണ്ണങ്ങളുടെ കടലില്‍ മുങ്ങി മരിക്കുകയേ ഉള്ളൂ. അപ്പോള്‍ പിന്നെ ഒന്നിച്ച് ഒഴിവാക്കണം. എങ്ങനെ ? അവയെ വിചാരിക്കാതിരിക്കുക. അല്ലെങ്കില്‍ അത് താനാകുന്ന ഉണ്മയിലെ രണ്ടാമതൊന്നല്ല എന്ന അറിവില്‍ അതിനെ അന്യമാക്കാതെ കാണുക. അപ്പോള്‍ എല്ലാമായി തോന്നുന്നത് താന്‍ അതുകളില്‍ ഉള്ളതുകൊണ്ടാണ് എന്ന് വരുന്നു. എങ്ങനെയെന്നാല്‍ ശരീരം തുടങ്ങിയുള്ള എല്ലാ ജഡങ്ങളും ഒര് ഉണ്മയില് അറിയുന്നു. ഉണ്മ താന്‍ തന്നെ ആയതിനാല്‍ ശരീരത്തില്‍ പൂരിതമാണ്. അതുപോലെ അറിയുന്നതുകളിലും പൂരിതം. അതുകൊണ്ട് തന്നെ ഒന്നില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയുന്നില്ല. ഒന്നുമില്ലാത്തതും, എല്ലാമായിത്തീര്‍ന്നിരിക്കുന്നതും താന്‍ തന്നെ.
എല്ലാം എന്ന അറിവിന്റെ ഏകമായ അറിവാണ് ‘ജ്ഞാനി’. എല്ലാം ഇല്ലാതായാല്‍ ‘ഇല്ല’ എന്നറിയുന്ന ചേതന ശേഷിക്കുന്നു. ഉണ്ട് എന്നാണെങ്കിലും ഉണ്മ ഏതിലും ഒരുപോലെ നില്ക്കുന്നു. ഇവിടെ രണ്ടാമതൊന്ന് മറയാനും തെളിയാനും അനുവദിച്ചുകൊണ്ട് മനസ്സിനെ അതിന്റെ ഇന്ദ്രജാലത്തിനായിട്ട് വിട്ടുകൊണ്ട് സര്‍വപ്രപഞ്ച ഘടകങ്ങളിലും ആനന്ദിക്കുന്ന താനാകുന്ന വ്യാപകത്വ വസ്തു നില്‍ക്കുന്നത് ആകാശത്തിന്റെ നിറവുപോലെയാണ്. അവിടെ ഒന്നുമില്ല.
ശുദ്ധബോധാകാശം ശേഷിക്കുന്നു. അത് ആദിയിലും, മദ്ധ്യത്തിലും, അന്ത്യത്തിലും പ്രപഞ്ചത്തെ സൃഷ്ടിക്കാതെയും, നിലനിര്‍ത്താതെയും, സംഹരിക്കാതെയും ഒരുപോലെ സ്ഥിതി ചെയ്യുന്നു. ഉണ്ടാകാതെ നിലനില്‍ക്കുന്ന അത് ആരംഭിക്കാത്ത ഒരു തുടര്‍ച്ചയായി, നിര്യാതയായി, കാലാതീതമായി സ്ഥിരമാണ്. ആ വസ്തുവാണ് ‘ഞാന്‍’.
പ്രപഞ്ചത്തിന് ഞാനിനെ സൃഷ്ടിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഞാനിന്ന് പ്രപഞ്ചത്തെ സൃഷ്ടിക്കുകയോ ഒഴിച്ചുമാറ്റുകയോ ചെയ്യാം, ആശയരൂപത്തിലാണെന്ന് മാത്രം. അഭരണപൂരങ്ങളിലെല്ലാം സ്വര്‍ണമാണ് സ്ഥിരമായിട്ടുള്ളത്. സ്വര്‍ണത്തില്‍ ഒരാശയമാണ് ആഭരണനാമങ്ങളായ വള, മാല, കമ്മല്‍ എന്നിവ. അതുപോലെ സ്ഥിരമായ ആത്മചേതനയുടെ അസ്ഥിരമായ നാമരൂപസങ്കല്പമാണ് പ്രപഞ്ചം. അത് ഉണ്ടായാലും ഇല്ലാതായാലും വെറും തോന്നലിലൂടെ മാത്രമേ ഉള്ളൂ. ഉണ്ടെന്നുള്ള അറിവ് എങ്ങനെ മനസ്സിന്റെ നിറമാകുന്നുവോ അതുപോലെതന്നെ ഇല്ല എന്ന അറിവും. ഇരുളും വെളിച്ചവും ആകാശത്ത് വന്നുപോകുന്നു. ആകാശത്തില്‍ അവയ്ക്ക് സ്ഥായീഭാവമില്ല. അതുപോലെ ബ്രഹ്മസത്തയില്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള ഒരനുഭവവും ഉണ്ടാകുന്നില്ല. അനുഭവങ്ങളെല്ലാം മനസ്സിന്റെ സംഭാവന ആയതുകൊണ്ട് ബ്രഹ്മത്തില്‍ സൃഷ്ടി ഇല്ല. പിന്നെയോ? സൃഷ്ടിയെല്ലാം മനസ്സില്‍ മാത്രം. മാറുന്ന മനസ്സിന്റെ മാറുന്ന സങ്കല്പങ്ങളുടെ കുഴമറിയലാണ് സാധാരണമനുഷ്യന്റെ ജീവിതം.
– സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: