ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികള്‍ തടസ്സപ്പെട്ടത്.
തീരുമാനത്തില്‍ നിന്നു പിന്തിരിയില്ലെന്നു സര്‍ക്കാര്‍ സഭയ്ക്കകത്തും പുറത്തും വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന് സിങ് പൊതുചടങ്ങില്‍ തീരുമാനത്തെ ന്യായീകരിച്ചു. ഇന്നു സഭയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇത് ആവര്‍ത്തിച്ചു. ഇതിനെതിരേ ഇരു സഭകളിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ബഹളം മൂലം പാര്‍ലമെന്റ് നടപടികള്‍ ആദ്യം 12 മണിവരെ നിര്‍ത്തിവച്ചു. പിന്നീടു സഭ ചേര്‍ന്നപ്പോഴും ബഹളം തുടരുകയായിരുന്നു. പ്രതിപക്ഷ ബഹളം മൂലം നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാനാകാത്ത സാഹചര്യത്തില്‍ സഭ ഇന്നത്തേക്കു പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ലോക് സഭാ സ്പീക്കറും രാജ്യസഭ അധ്യക്ഷനും അറിയിക്കുകയായിരുന്നു. ഇതോടെ ശീതകാല സമ്മേളനം തുടങ്ങി ഏഴു ദിവസമായിട്ടും സഭാപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. 21 ദിവസമാണു ശീതകാല സമ്മേളനം.
ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയോ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ബി.ജെ.പി അറിയിച്ചു, സര്‍ക്കാരിന് പാര്‍ലമെന്റ് നടത്തിക്കൊണ്ടു പോകാന്‍ താത്പര്യമില്ലെന്നും അവര്‍ ആരോപിച്ചു.
ഇടതുപക്ഷവും തീരുമാനത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. വിഷയത്തില്‍ പാര്‍ലമെന്റിലും രാജ്യവ്യാപകമായും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. വോള്‍മാര്‍ട്ട് അടക്കമുള്ള ഭീമന് റീട്ടെയ്ല്‍ ശൃംഖലകള്‍ക്കു പ്രവേശനം അനുവദിക്കുന്നതു വഴി 450 ബില്യന്‍ ഡോളര്‍ വിറ്റുവരവുള്ള ഇന്ത്യന്‍ ചില്ലറ വ്യാപാരമേഖലയില്‍ നിന്നു ചെറുകിട വ്യാപാരികള്‍ തുടച്ചു നീക്കപ്പെടുമെന്നാണു പ്രതിപക്ഷ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: