കൊച്ചി: കോഴിക്കോട് കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ മാളിയേക്കല്‍ ഫയാസിനെയാണ് പോലീസ് പിടികൂടിയത്.
കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്ന ഫയാസിനെ യു.എ.ഇ അധികൃതരുടെ സഹായത്തോടെയാണ് പോലീസ് നാട്ടിലേക്ക് വിളിച്ചു വരുത്തിയത്. പുലര്‍ച്ചെ അഞ്ച് മണിക്കുള്ള ജെറ്റ് എയര്‍വേസിന്റെ ഷാര്‍ജ വിമാനത്തിലാണ് ഫയാസ് നാട്ടിലെത്തിയത്. കേസ് അന്വേഷിക്കുന്ന കൊടുവള്ളി സി.ഐ രാജപ്പന് റാവുത്തരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫയാസിനെ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. കേസില്‍ ഇനി രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരും വിദേശത്താണെന്ന് പോലീസ് കരുതുന്നു. കൊടിയത്തൂരിലെ ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഷാഹിദ് ബാവയെ അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്. ഈ മാസം ഒമ്പതിനാണ് ഷാഹിദ് ബാവയ്ക്ക് നേരെ ആക്രമണമുണ്ടായത്. പതിമുന്നാം തീയതി ഷാഹിദ് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: