ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്നാടുമായി സംഘര്‍ഷം ഉണ്ടാക്കാന്‍ കേരളം ആഗ്രഹിക്കുന്നില്ല. പുതിയ അണക്കെട്ട് എന്ന കാര്യത്തില്‍ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സംഘം ദല്‍ഹിക്ക് പോകണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുനു രമേശ് ചെന്നിത്തല. മുല്ലപ്പെരിയാറിലെ സ്ഥിതി ആശങ്ക ഉണ്ടാക്കുന്നതാണ്. നിയമസഭ സമ്മേളനം വിളിച്ചു കൂട്ടി സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. കോടതിയെയും സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം.
കേരളത്തിന്റെ ആശങ്കകള്‍ അസ്ഥാനത്താണെന്നു കാണിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയ ജയലളിതയുടെ നടപടി തെറ്റാണ്. സാഹചര്യങ്ങള്‍ മനസിലാക്കി പുതിയ ഡാം പണിയാനുള്ള മനുഷ്യത്വ പരമായ നടപടികള്‍ അംഗീകരിക്കുകയാണു ജയലളിത ചെയ്യേണ്ടത്. തമിഴ്നാട് ജനതയോടെന്ന പോലെ കേരള ജനതയോടും ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ട നേതാവാണു ജയലളിത.
പ്രശ്നത്തില്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും വസ്തുതകളെ നിരാകരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വികാരങ്ങള്‍ക്ക് അടിപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശ്ന പരിഹാരത്തിനു സഹായകമല്ല. തമിഴ്നാടും കേരളവുമായുള്ള ബന്ധം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.
ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ വരുത്താന്‍ പാടില്ല. പ്രശ്നത്തില്‍ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിച്ചു നിന്നു സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ നിലപാടെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: