ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സംഘാടക സമിതി മുന്‍ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചു. കല്‍മാഡിയുടെ ജാമ്യാപേക്ഷയില്‍ ജനുവരി ആറിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി ഈ മാസം മൂന്നിന് സി.ബി. ഐ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് കാണിച്ചാണ് കല്‍മാഡി ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഒമേഗ കമ്പനി ഇതുവരെ കോടതില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ അനിശ്ചിതമായി നീളുമെന്നു കല്മാഡിക്കുവേണ്ടി ഹാജരായ അഭിഭാഷകന് സുശീല്‍ കുമാര്‍ കോടതിയെ ബോധിപ്പിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിലെ സ്വിസ് ടൈംമിങ് ഒമേഗ കമ്പനിക്കു മത്സര സമയനിര്‍ണയ ഫലപ്രഖ്യാപന സംവിധാനം സ്ഥാപിക്കുന്നതിനു 141 കോടി രൂപ നല്‍കിയതില്‍ അഴിമതിയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണു കല്‍മാഡി അറസ്റ്റിലായത്.
ഒഴിവാക്കാനാവാത്ത കേസുകളില്‍ മാത്രമെ പ്രതികള്‍ക്കു ജാമ്യം നല്കാതിരിക്കാനാവൂ എന്ന 2ജി സ്പെക്ട്രം കേസില്‍ അഞ്ചു പേര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ പരാമര്‍ശം ഉദ്ധരിച്ചാണു കല്‍മാഡിയുടെ ജാമ്യഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: