കോട്ടയം: തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങള്‍ ഇടുക്കിയിലെ ഭ്രംശമേഖലകളില്‍ വ്യതിയാനമുണ്ടാക്കിയതായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ(സെസ്) വിദഗ്ദ്ധ സംഘം കണ്ടെത്തി. ഈ വര്‍ഷം ഉണ്ടായ ചെറു ചലനങ്ങള്‍ ഭൗമപാളികളെ ചെറുതായി ബാധിച്ചിട്ടുണ്ട്. തുടര്‍ചലനങ്ങളുടെ തീവ്രത ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്നതും ശുഭസൂചകമല്ല. പ്രവചനാതീതമായ സ്വഭാവത്തിലേക്ക് ഇടുക്കിയിലെ ഭ്രംശമേഖല മാറിയതായും സെസ് പഠനസംഘം കണ്ടെത്തി. ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് സെസ്സിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ.ജോണ്‍ മത്തായി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമിനു സമീപത്തായി വലിയ ഭൂചലനങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള മേഖലകള്‍ രൂപപ്പെട്ടിട്ടുണ്ട്. തുടര്‍ചലനങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നതും കെട്ടിടങ്ങള്‍ക്ക് വിണ്ടുകീറലുകള്‍ ഉണ്ടായതും ആശങ്കാജനകമാണ്. മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സുര്‍ക്കിയും ഡാമിനെ ബലപ്പെടുത്താനായിട്ടിരിക്കുന്ന കോണ്‍ക്രീറ്റും രണ്ടു മിശ്രിതങ്ങളായതും ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കാന്‍ ഇടയുണ്ട്. നവംബര്‍ 18ന് ഇടുക്കിയില്‍ ഉണ്ടായ ഭൂചലനത്തെപ്പറ്റി സെസ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ക്കു പുറമേ 26ന് നടന്ന ഭൂചലനത്തെപ്പററിയും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സെസ് സംഘം വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് മുതല്‍ 12 തവണയാണ് ഇടുക്കി ജില്ലയില്‍ ഭൂചലനങ്ങള്‍ ഉണ്ടായത്. മുല്ലപ്പെരിയാര്‍ ഡാമിനു മുപ്പതുകിലോമീറ്റര്‍ മാത്രം അകലെയുളള വെഞ്ഞാര്മേട് വനമേഖല കേന്ദ്രീകരിച്ച് തുടരുന്ന ഭൂചലനങ്ങളുടെ തീവ്രത വര്‍ധിച്ചു വരികയാണ്. ആഗസ്റ്റ് 4ന് റിക്ടര്‍ സ്കെയിലില്‍ 0.6 തീവ്രതയുള്ള ചലനം ഉണ്ടായത്. എന്നാല്‍ തീവ്രത ക്രമാനുഗതമായി വര്‍ദ്ധിച്ച് നവംബര്‍ 18ന് 2.8ഉം 26ന് 3.4 വരെയും എത്തിയിട്ടുണ്ട്. ഇതാണ് ഭൗമ ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത്. തുടര്‍ചലനങ്ങളുടെ സ്വഭാവം വലിയ ഭൂചലനത്തിലേക്കാണ് നയിക്കുകയെന്നും ഇവര്‍ ഭയപ്പെടുന്നു. ഭൂകമ്പ പ്രഭവകേന്ദ്രം ഡാമിനു പത്തുകിലോമീറ്റര്‍ പരിധിയിലായാല്‍ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഭൂവിള്ളലും ഭ്രംശമേഖലയും തമ്മില്‍ യോജിക്കുന്ന സ്ഥലത്താണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത്. മേഖലയില്‍ തീവ്രത 6 വരെ എത്തുന്ന ചലനങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വലിയ ചലനം 1988 ജനുവരി 7ന് നെടുങ്കണ്ടത്ത് അനുഭവപ്പെട്ട 4.5 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: