“തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല” എന്നത് കേരളത്തിലെ രാഷ്ട്രീയ സമരപാതകളില്‍ കേള്‍ക്കുന്ന മുദ്രാവാക്യം മാത്രമാണ്. യാഥാര്‍ത്ഥ്യം എന്താണ്? യഥാര്‍ത്ഥത്തില്‍ മലയാളികള്‍ തോറ്റിട്ടേയുള്ളൂ. തോറ്റുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കാട്ടുതീ പോലെ ആളിപ്പടരുന്ന ഈ മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിലും കേരളത്തിന് മുന്നില്‍ തോല്‍വി മാത്രമാണ് പ്രതീക്ഷിക്കാന്‍ സാധ്യമാകുന്നത്. കാരണം എന്തെന്നല്ലേ? കേരളത്തിലെ ജനങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും നമ്മുടെ സര്‍വാദരണീയനായ പ്രധാനമന്ത്രിക്കും ഇല്ലാത്ത ഒരു ഇന്‍ഗ്രീഡിയന്റ് ആണ്- വിജയിക്കാനുള്ള ഇഛാശക്തി.
1886 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ബ്രിട്ടീഷ് ഭരണാധികാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി കേട്ടുകേള്‍വിയില്ലാത്ത 999 വര്‍ഷത്തേക്ക് മുല്ലപ്പെരിയാര്‍ ജലം തമിഴ്നാടിന് നല്‍കാനുള്ള കരാറില്‍ ഒപ്പുവെച്ചശേഷം പറഞ്ഞത് തന്റെ ഹൃദയരക്തം കൊണ്ടാണ് കരാറില്‍ ഒപ്പിട്ടത് എന്നാണ്. 50 ലക്ഷം രൂപക്ക് സുര്‍ക്കിയും ചുണ്ണാമ്പും കൊണ്ടുള്ള ഡാം പണിത് ജലം ആജന്മകാലം തീറെഴുതിക്കൊടുത്തു. അതിനുശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടി. തിരുവിതാംകൂര്‍ ഐക്യകേരളമായി. രാജപദവിയും രാജ്യവും നഷ്ടപ്പെട്ടെങ്കിലും സ്വാതന്ത്ര്യത്തിനുശേഷവും കേരളം തമിഴ്നാടിനോടുള്ള അടിമത്തം നെഞ്ചിലേറ്റി, 999 വര്‍ഷത്തേക്ക്. അന്നത്തേക്ക് കേരളത്തിലെ ജില്ലകള്‍ പത്തായി ചുരുങ്ങുമോ?
ഈ കരാര്‍ സ്വാതന്ത്ര്യശേഷം ബാധകമല്ലെന്ന് സ്ഥാപിക്കാനോ ഡാം സുരക്ഷിതമല്ലെന്ന് സ്ഥാപിക്കാനോ ഭൂചലനങ്ങള്‍ അടിക്കടി ഉണ്ടായിട്ടും ഡാം ഭൂചലന മേഖലയിലാണ് സ്ഥിതിചെയ്യുന്നത് എന്ന് തമിഴ്നാടിനെക്കൊണ്ടോ അണക്കെട്ടിന്റെ സാങ്കേതികതയെപ്പറ്റി പരിജ്ഞാനമില്ലാത്ത തമിഴ്നാടിന്റെ അഭിഭാഷകരുടെ വൈദഗ്ധ്യം തെറ്റിദ്ധരിപ്പിച്ച സുപ്രീംകോടതിയെക്കൊണ്ടോ കേരളത്തിന് അംഗീകരിപ്പിക്കാനായില്ല. ഐസ്ക്രീം അലിയാതിരിക്കാനും പാം ഓയിലില്‍ മായം കലരാതിരിക്കാനും വിദഗ്ധ അഭിഭാഷകരെ വെക്കുന്ന മുഖ്യമന്ത്രി പക്ഷെ മുല്ലപ്പെരിയാര്‍ വിഷയം വാദിക്കാന്‍ നിയോഗിച്ചത് ഡ്യൂപ്പുകളെയായിരുന്നു.
കേരള രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രതിബദ്ധത അധികാരത്തോടും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ധനത്തോടും അത് ലഭ്യമാക്കുന്ന മദ്യ-റിയല്‍ എസ്റ്റേറ്റ് മാഫിയകളോടുമാണ്. മദ്യനയം പുതുക്കാന്‍ ഇഛാശക്തി കാണിക്കും. പക്ഷെ ജനങ്ങളുടെ മനസ്സില്‍ എരിയുന്ന തീയണയ്ക്കാന്‍ ഇഛാശക്തിയുള്ള യാതൊരു ശ്രമവും കാലാകാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പ്രകടിപ്പിക്കാത്തതാണ് ഈ ദുരന്താവസ്ഥക്ക് കാരണം.
മലയാളിയുടെ അടിസ്ഥാന സ്വഭാവം മടിയാണ്. വിദ്യാഭ്യാസം നേടിയാലും ഇല്ലെങ്കിലും അധ്വാനഭാരമില്ലാത്ത സര്‍ക്കാര്‍ ജോലി മാത്രം പ്രതീക്ഷിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ തമിഴനും ബംഗാളിയും ഒറീസക്കാരനും കേരളത്തില്‍ കുടിയേറി തൊഴില്‍ നേടി ജീവിതം ഭദ്രമാക്കുന്നു. തമിഴനെ എന്നും സുപ്പീരിയോരിറ്റി കോംപ്ലക്സ് പുലര്‍ത്തുന്ന മലയാളി ആക്ഷേപിക്കുന്നത് വികാരജീവിയാണെന്നും വൃത്തിയില്ലാത്തവനെന്നും പറഞ്ഞാണ്. പക്ഷെ തമിഴന്റെ വൈകാരികതക്ക് ലക്ഷ്യബോധമുണ്ട്. അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ അണക്കെട്ട് സുദൃഢം എന്ന വാദം അംഗീകരിച്ച് മലയാളി വെറുതെ ഭീതി പരത്തുന്നു എന്ന ബോധം ഊട്ടിയുറപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അധികാരം എങ്ങനെ ഉപയോഗിക്കണമെന്നറിയുന്ന തമിഴര്‍ സമര്‍ത്ഥമായി സംസ്ഥാനം ഭരിച്ച്, സ്വന്തം മകളെ ജയിലില്‍ അടച്ചിട്ടും സഖ്യം വിടാതെ കയ്യാളുന്ന അധികാരം മലയാളിക്ക് വിനയാകുന്നു.
അല്ലെങ്കിലും കാര്‍ഷികവൃത്തി അപകര്‍ഷതാബോധം മലയാളിയില്‍ ജനിപ്പിച്ച് അവര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ ആഹാരത്തിന് അരിയും പച്ചക്കറികളും കാപ്പി കുടിക്കാന്‍ പാലും ഇറച്ചിഭ്രമക്കാര്ക്ക് കഴിക്കാന്‍ മുട്ടയും കോഴിയും മാട്ടിറച്ചിയും- എന്തിന് അമ്പലത്തില്‍ ഭഗവാന് പൂജിക്കാനുള്ള പൂവിന് പോലും ഇന്ന് നമുക്ക് തമിഴ്നാടിനെ ആശ്രയിക്കണം. ഒരു വാഹനബന്ദ് വന്നാല്‍ തമിഴ്നാട് ലോറികള്‍ വന്നില്ലെങ്കില്‍ ഇവിടെ എല്ലാത്തിനും തീവില. ഒരു രൂപക്ക് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് അരി എന്ന മാതൃക പോലും കേരളം തലൈവി ജയലളിതയില്‍നിന്നും കടമെടുത്തതാണ്. തമിഴ്നാട്ടിലെ റോഡുകള്‍ കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെ നോക്കി അപഹസിക്കുന്നു. മലയാളിയുടെ സുപ്പീരിയോരിറ്റി കോംപ്ലക്സിനോട് പുച്ഛമുള്ള തമിഴര്‍ ചിരിക്കുന്നത് ഇവിടെ സിനിമാ തിയേറ്ററുകളില്‍പോലും ഓടുന്നതും ജനങ്ങളെ രസിപ്പിക്കുന്നതും തമിഴ്ചിത്രങ്ങളാണെന്ന തിരിച്ചറിവിലാണ്. ഇവിടത്തെ കയര്‍തൊഴിലാളിക്ക് ആഹാരം കഴിക്കണമെങ്കില്‍ തമിഴ്നാട്ടില്‍നിന്നുള്ള തൊണ്ട് തല്ലിയ ചകിരി വരണം. ആശുപത്രിയില്‍ രോഗികള്‍ക്ക് കരിക്ക് കഴിക്കണമെങ്കില്‍ തമിഴ്നാട്ടിലെ ലോറി വരണം. എന്നിട്ടും നാം കേരളം എന്ന് നമ്മുടെ നാടിനെ കേരം നിറയും കേരളം! എന്ന് വിളിക്കുന്നു.
ഈ യാഥാര്‍ത്ഥ്യം അറിയുന്ന ബുദ്ധിശാലികളാണ് തമിഴര്‍. അവര്‍ പച്ചക്കറി കൃഷി ചെയ്യുന്നതുപോലും സ്വന്തം ആവശ്യത്തിനും മലയാളക്കരക്കും വെവ്വേറെയാണ്. മലയാളം പടങ്ങള്‍ പ്രകൃതിഭംഗിക്ക് വേണ്ടി ഇന്ന് ഷൂട്ട് ചെയ്യുന്നത് തമിഴ്നാട്ടിലാണ്. പച്ചപ്പ് നഷ്ടപ്പെട്ട് ഫ്ലാറ്റുകളുടെയും മലിനീകൃത ജലാശയങ്ങളുടെയും നാടായി മാറി. സിനിമാ നടന്മാരെയും കൊണ്ടുപോയ ഒരു ഡ്രൈവര്‍ ഒരു കുക്കുമ്പര്‍ തോട്ടത്തില്‍നിന്നും പറിച്ചപ്പോള്‍ തോട്ടക്കാരന് പറഞ്ഞുവത്രെ “അത് മലയാളത്താന്മാര്ക്കുള്ള കൃഷി. അതില്‍ കീടനാശിനി ധാരാളം ഉപയോഗിക്കും. നിങ്ങള്‍ അവിടെനിന്നും പറിച്ചു കഴിച്ചോളൂ. അത് ഞങ്ങളുടെ ആവശ്യത്തിനുള്ള കൃഷി.” എന്നിട്ട് കറിവേപ്പിലയിലും എന്‍ഡോസള്‍ഫാന്‍ എന്നു പറഞ്ഞ് നാം പ്രതിഷേധിക്കുന്നു. എത്ര ലജ്ജാവഹം!!
ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പുതിയ അണക്കെട്ടിനും അണക്കെട്ടിലെ വെള്ളത്തിന്റെ ലെവല്‍ കുറക്കാനും സമരരംഗത്തിറങ്ങി സത്യഗ്രഹവും ഉപവാസസമരവും അണപൊട്ടിയാല്‍ നാമാവശേഷമാകാന്‍ സാധ്യതയുള്ള നാല് ജില്ലകളിലും ഹര്‍ത്താലും നടത്തുമ്പോള്‍ കലൈഞ്ജറുടെ കഴുതയായ മകന് അളഗിരിയുടെ നേതൃത്വത്തില്‍ തമിഴ്പട പ്രധാനമന്ത്രിയെ കാണുന്നത് കേരളത്തെ അനാവശ്യഭീതി പരത്തുന്നതില്‍നിന്നും തടയണമെന്നും അണക്കെട്ട് പൊട്ടിയാലുണ്ടാകാവുന്ന ദുരന്തദൃശ്യങ്ങള്‍ തമിഴ്മനസ്സിനെ മാത്രമല്ല ഒരു പ്രേക്ഷകമനസിനെയും സ്വാധീനിക്കാതിരിക്കാന്‍ ‘ഡാം 999’ രാജ്യമെമ്പാടും നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ്. ഇവിടെ ഇടതുകക്ഷികള്‍ പുതിയ അണക്കെട്ടിനായി അണിചേരുമ്പോള്‍ തമിഴ്നാട്ടിലെ ഇടതുകക്ഷികള്‍ പുതിയ ഡാമിനെതിരെ സത്യഗ്രഹമിരിക്കുന്നു!
കേരളത്തിലെ പ്രക്ഷോഭം മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് ശുഷ്ക്കമാകുന്നതുപോലെ ശുഷ്ക്കിക്കുമോ? വര്‍ഷങ്ങളായി ഈ അണക്കെട്ട് വരാന്‍ പോകുന്ന മാരകവിപത്തിന്റെ അടയാളമായി, സുര്‍ക്കി അലിഞ്ഞ്, സുഷിരങ്ങള്‍ വര്‍ധിച്ച് നിലനില്‍ക്കുമ്പോഴും ഇതിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനോ പുതിയ അണക്കെട്ട് പ്രാവര്‍ത്തികമാക്കാനുള്ള നടപടി തുടങ്ങാനോ മാറിമാറി ഭരിക്കുന്ന രാഷ്ട്രീയകക്ഷികള്ക്കായിട്ടില്ല. സ്വാതന്ത്ര്യാനന്തരം കാലഹരണപ്പെട്ട കരാര്‍ ഇപ്പോഴും നിലനിര്‍ത്തുന്നു എന്നു മാത്രമല്ല ആ കരാര്‍ വ്യവസ്ഥ പോലും ലംഘിച്ച് പണിത ബേബിഡാമും ഇപ്പോള്‍ ചോര്‍ച്ചമൂലം തകര്‍ച്ചാഭീഷണിയിലാണ്. കൃഷിക്കും കുടിവെള്ളത്തിനും കൊടുത്ത ജലം വിദ്യുച്ഛക്തി ഉല്പാദനത്തിനും ഉപയോഗിക്കുന്നു. എന്നിട്ട് അണക്കെട്ടിലെ അനുവദനീയമായ 136 അടിയില്‍നിന്നും ജലം 136.4 അടിയായപ്പോള്‍, സ്പില്വേകളില്ക്കൂടി ജലം പുറത്തേക്കൊഴുകിയപ്പോള്‍ ആ ജലം ഒഴുകാന്‍ തടസമായി നില്ക്കുന്ന കാടും പടലവും മാറ്റാന്‍ പോലും അനുവാദത്തിന് തമിഴ്നാടിനോട് കെഞ്ചേണ്ടിവന്നു. ഹാ! കഷ്ടം! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. പക്ഷെ കേരളം ഇന്നും തമിഴ്നാടിനോടുള്ള അടിമത്തം ഊട്ടിയുറപ്പിക്കുന്നു!
സഹവര്‍ത്തിത്ത്വം ആകാം. പക്ഷെ അടിമത്തം അഭിലഷണീയമല്ല. തമിഴ്നാട്ടിലെ തൊഴിലാളികള്‍ കേരളത്തില്‍ ജോലിചെയ്ത് നാട്ടില്‍ പോകുമ്പോള്‍ പണ്ട് റേഡിയോ പോലുള്ള സാധനങ്ങളുമായാണ് പോകാറ്. “ഇത് ഞങ്ങളുടെ ഗള്‍ഫാണ്” എന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഒരു തമിഴ് തൊഴിലാളി പറയുകയുണ്ടായി. മലയാളി ഗള്‍ഫില്‍ ചെയ്യുന്നത് തമിഴര്‍ കേരളത്തില്‍ ചെയ്യുന്നു. ഇവിടെ എത്തുന്ന ഭിക്ഷക്കാരില്‍ നല്ലൊരു വിഭാഗം തമിഴരാണ്. എന്തുകൊണ്ട് എന്ന് ചോദിച്ചപ്പോള്‍ ഒരു തമിഴന് പറഞ്ഞത് മലയാളി കൂടുതല്‍ ഭിക്ഷ നല്കുന്നു എന്നും താന്‍ മകളെ കെട്ടിച്ചയച്ചത് ഇവിടെ ഭിക്ഷയെടുത്താണെന്നും ആയിരുന്നു.
ഇതെല്ലാം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ്. കേരളത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് ഒന്നും നേടാനാകുന്നില്ല. കോണ്‍ഗ്രസ് സഖ്യം കേരളം ഭരിച്ചിട്ടും ഇത്ര ആശങ്കാകുലമായ അവസ്ഥ കേരളത്തില്‍ പരക്കുമ്പോഴും ഈ ഭീതി ശമിപ്പിക്കാനുള്ള ഒരു ശ്രമവും നടത്താതെ കേസ് സുപ്രീംകോടതിയില്‍ എന്ന് പറഞ്ഞ് തടിതപ്പുന്ന കേന്ദ്രസര്‍ക്കാരാണ്. ഇപ്പോള്‍ കേരള എംപിമാരും മന്ത്രിമാരും മറുവശത്ത് തമിഴ്നാട് ജനപ്രതിനിധികളും ഒരേപോലെ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ നിര്‍വികാരതയുടെ പ്രതിരൂപമായ, തീരുമാനം അലര്‍ജിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എങ്ങനെ പ്രതികരിക്കും? കനിമൊഴി ജാമ്യം നേടിയത് സോണിയാഗാന്ധിയെ കലൈഞ്ജര്‍ കണ്ടശേഷം സിബിഐ ജാമ്യം നിഷേധിക്കാതിരുന്നപ്പോഴാണ്. പ്രതിരോധമന്ത്രി ആന്റണിക്കും ഭക്ഷ്യസഹമന്ത്രി കെ.വി. തോമസിനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കും സോണിയാഗാന്ധിയുമായി ഹോട്ട്ലൈന്‍ സമ്പര്‍ക്കമുണ്ട് എന്ന വസ്തുത മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അനുകൂല നിലപാടിന് സഹായകമാകുമോ എന്നാണ് ഇന്ന് കേരളം ഉറ്റുനോക്കുന്നത്. അതോ യുപി ഇലക്ഷന് മുല്ലപ്പെരിയാറിനെ മുക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: