ചരിത്രത്തില്‍നിന്നും ഒന്നുമേ പഠിക്കാത്തവര്‍ അമേരിക്കക്കാര്‍. ഇന്തോ-ചൈനയിലെ ഫ്രാന്‍സിന്റെ അനുഭവത്തെ അവര്‍ അവഗണിച്ചു. പശ്ചിമേഷ്യയില്‍ ബ്രിട്ടനു പറ്റിയ പരാജയങ്ങളില്‍നിന്നും അവര്‍ ഒരു പാഠവും ഉള്‍ക്കൊണ്ടതുമില്ല. ഇതാണ് ‘അറബ് വസന്ത’ത്തോടുള്ള യുഎസ് സമീപനം തെളിയിക്കുന്നത്.
ഓക്സ്ഫോര്‍ഡ് ചരിത്രകാരന് ഫൈസല്‍ ദേവ്ജി നിരീക്ഷിച്ചത് വളരെ ശരിയാണ്.
“ടര്‍ക്കി കേന്ദ്രമായ ഒട്ടോമന്‍ ഇസ്ലാമിക സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ പിന്നീട് വിഘടിച്ചപ്പോള്‍ തീരെ ചെറിയവയും ദുര്‍ബലവുമായതിനാല്‍ തന്‍കാലില്‍ നില്ക്കുവാന് അവയ്ക്ക് ത്രാണിയില്ലായിരുന്നു. അതിനാല്‍ കൊച്ചു രാഷ്ട്രങ്ങള്‍ വിദൂരങ്ങളില്‍ സ്ഥിതി ചെയ്യുന്ന വന്‍ശക്തികളുടെ സാമന്തരാജ്യങ്ങളായി മാറി. ഇത് ആ മുഴുവന്‍ അറബിനാടുകളെയും പരസ്പ്പര കലാപങ്ങളുടെ ചെളിക്കുണ്ടാക്കി മാറ്റി. ആ രാജ്യങ്ങളില്‍ പണത്തിനോടു അത്യാര്‍ത്തിയുള്ള മര്‍ദ്ദക ഭരണകൂടങ്ങള്‍ നിലവില്‍ വന്നു.”
ആ രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാജാക്കന്മാര് അവിടെ ക്രമസമാധാനപാലനം നടത്തുമെന്നും പാശ്ചാത്യാനുകൂല നയങ്ങള്‍ നടപ്പിലാക്കുമെന്നും സങ്കല്പ്പിച്ച ബ്രിട്ടീഷുകാര്‍ മതത്തിന്റെ കരുത്ത് മറന്നുപോയി.
പ്രസ്തുത മേഖലയിലെ ഏറ്റവും ഹീനന്മാരായ സ്വേച്ഛാധിപതികളില് ചിലര്‍ മറയത്ത് പോയെങ്കിലും ഈജിപ്ത്, ടുണീഷ്യ, ലിബിയ തുടങ്ങിയയിടങ്ങളില്‍ ഉണ്ടായിരിക്കുന്ന അധികാരശൂന്യതയെ നിറയ്ക്കുവാന്‍ പോകുന്നത് “ഇസ്ലാമാണ് പരിഹാരം” എന്നോതുന്ന ഭ്രാന്തന് ശക്തികളാണ്. നവംബര്‍ 28 ന് തുടങ്ങി അടുത്തകൊല്ലം മാര്‍ച്ച് വരെ നീളുന്ന ഈജിപ്തിലെ പൊല്ലാപ്പു പിടിച്ച ഇലക്ഷനില്‍ വോട്ടര്‍മാരെ വശത്താക്കാന്‍ യത്നിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും മറ്റൊന്നല്ല.
പര്‍ദ്ദയെ ഗര്‍ഹണീയമായ പഴന്തുണി എന്നു വിശേഷിപ്പിച്ച, ടുണീഷ്യയുടെ രാഷ്ട്രപിതാവ്, ഹബീബ് ബോര്‍ഗ്യൂബ അറബ് മേഖലയിലെ ചുരുക്കം ചില യഥാര്‍ത്ഥ മതേതര മാനസരില്‍ ഒരാളായിരുന്നു. മറ്റു ഭരണാധികാരികള്‍, ഗദ്ദാഫിയും സദ്ദാം ഹുസൈനും മറ്റും തങ്ങളുടെ ഭരണകൂടങ്ങളെ മതനിരപേക്ഷമാക്കി നിറുത്തിയത് രാജ്യാധികാരത്തിനുമേല്‍ കണ്ണുണ്ടായിരുന്ന മുസ്ലീം പുരോഹിതവര്‍ഗത്തെ ഭയന്നാണ്, ഇറാനിലെ റിസാഷാ പഹ്ലവി അയത്തൊള്ളന്മാരെ പേടിച്ചതുപോലെ.
1956 ല്‍ ഫ്രഞ്ച് ഭരണം തീര്‍ന്ന് ഇതാദ്യമായി, ടുണീഷ്യയില്‍ ഈയിടെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു. ഒരു മലക്കറി വില്‍പ്പനക്കാരന്റെ ആത്മാഹുതി അറബ് വസന്തത്തിന് കുയില്‍പാട്ടായിത്തീര്‍ന്നതിനുശേഷം അറബിനാട്ടില്‍ ഇദംപ്രഥമമായി നടന്ന ജനാധിപത്യ പ്രക്രിയ ആണത്.
അയല്‍പക്കങ്ങളെക്കാള്‍, വിദ്യാസമ്പന്നരായ ടുണീഷ്യക്കാര് മതത്തിനോട് അലസ വീക്ഷണമുള്ളവരും മദ്യപിക്കുന്നവരും അനിസ്ലാമിക വസ്ത്രങ്ങളണിഞ്ഞു ശരീരഭാഗങ്ങളെ അനാവൃതമാക്കുന്നവരും സര്‍വോപരി അപൂര്‍വമായി മാത്രം പള്ളിയില്‍ പോയി നിസ്കരിക്കുന്നവരുമാകുന്നു. ഇത്തരം ഒരു ലിബറല്‍ അന്തരീക്ഷം ടുണീഷ്യയുടെ പ്രസരിപ്പാര്‍ന്ന ടൂറിസം വ്യവസായത്തിന് അത്യന്താപേക്ഷിതമാകുന്നു. പാശ്ചാത്യ നയതന്ത്ര പ്രതിനിധികള്‍ പ്രത്യാശിക്കുന്നത്, ബിസിനസ്സുകാര്‍ ധനസഹായം ചെയ്യുന്ന റാഷിദ് ഘനൗച്ചിയുടെ എന്നാഹ്ദാ പാര്‍ട്ടി ഇസ്ലാമിക മര്‍ക്കടമുഷ്ടിയെ തിരസ്ക്കരിച്ച് മാര്‍ക്കറ്റനുകൂല സാമ്പത്തികനയങ്ങള്‍ സ്വീകരിക്കുമെന്നും മതേതരകക്ഷികളുമായി സഖ്യമുണ്ടാക്കുമെന്നാണ്.
എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട്, പൊതുജീവിതത്തില്‍ ഇസ്ലാമിന് കൂടുതല്‍ സാന്നിദ്ധ്യമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത്, എന്നാഹ്ദാ, ആക്രമണോത്സുകമായി അടിച്ചേല്‍പ്പിക്കപ്പെട്ട മതനിരപേക്ഷതയാല്‍ ക്ഷുഭിതരായ, സാദാ ടുണീഷ്യക്കാരെ വശീകരിച്ചു ഈ ഒത്തുതീര്‍പ്പ് എത്രത്തോളം ഘനൗച്ചിയുടെ കൈകളെ കെട്ടിവരിയുമെന്നറിഞ്ഞുകൂടാ. അദ്ദേഹം വ്യക്തിപരമായി ഇസ്ലാംവല്‍ക്കരണത്തിനോട് പ്രതിബദ്ധതയില്ലാത്തയാളാണെന്നാണ് വെയ്പ്. എന്തായാലും നിയമനിര്‍മാണസഭയില്‍ അധ്യക്ഷയാകാന്‍ മുഖംമൂടി അണിയാത്ത ഒരു വനിതയെ നിര്‍ദ്ദേശിച്ചത് ശുഭസൂചകമായി പരിഗണിക്കപ്പെടുന്നു.
അടുത്ത വസന്തരാഷ്ട്രമായ ലിബിയയില്‍ ഗോത്രനേതാക്കള്‍ “വിദേശ ഇടപെടല്‍ വേണ്ട-ലിബിയക്കാര്‍ക്ക് ഇത് തനിയെ ചെയ്യാനാകും” എന്ന മുദ്രാവാക്യമുയര്‍ത്തിയിരിക്കുന്നു. അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്ലാമിക് ഫൈറ്റിംഗ് ഗ്രൂപ്പിന്റെ നേതാവ് അബ്ദെല് ഹക്കീം ബെല്‍ഹാജിന് ഖത്തര്‍ പണവും ആയുധങ്ങളും സപ്ലൈ ചെയ്യുകയുണ്ടായി. ആ സംഘമാണ് ഇപ്പോള്‍ ലിബിയയിലെ മാറ്റത്തിനായുള്ള ഇസ്ലാമിക പ്രസ്ഥാനം.
ലിബിയയിലെ കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് സകല മൗലികവാദ പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴിലാക്കി നിര്‍ത്തിയിരിക്കുന്ന, എത്തിലാഫ് എന്ന അണിയറ സംഘടനയാണ്. സ്ത്രീകള്‍ വാഹനങ്ങളോടിക്കുന്നത് ഹറാമാണെന്നാണ് ഇതിന്റെ ഫത്വ. മനുഷ്യരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകം, സിനിമ ആദിയായ കലാവൈകൃതങ്ങള്‍ തീര്‍ത്തും അനിസ്ലാമികമെന്നു കണ്ട് അവയെ അപ്പാടെ നിരോധിക്കണമെന്നാണ് ട്രിപ്പോളി കൗണ്‍സില്‍ അംഗങ്ങള്‍ക്കു വെളിപാടുണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യ ഏത് ദിശയില്‍ പോകുമെന്ന് കാണിക്കുന്ന വഴി സൂചനാ ബോര്‍ഡാകുന്നു ഈജിപ്ത്. 1928 ല്‍ ഹസ്സന് അല്‍-ബന്നയാല്‍ സ്ഥാപിക്കപ്പെടുകയും രാഷ്ട്രീയ കൊലപാതക ശ്രമങ്ങള്‍ ആരോപിക്കപ്പെട്ടു നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്ത തീവ്ര ഇസ്ലാമിസ്റ്റ് മര്‍ക്കടമുഷ്ടിയായ മുസ്ലീം ബ്രദര്‍ഹുഡ് 2005 ല്‍ അമേരിക്കയുടെ പിന്തുണയില്‍, തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ അനുവദിക്കപ്പെടുകയുണ്ടായി. 2011 ഏപ്രിലില്‍ ബ്രദര്‍ഹുഡിനെ സര്‍ക്കാര്‍ നിയമപരമായി അംഗീകരിക്കയും ചെയ്തിരിക്കുന്നു.
ഇസ്ലാമിക രാജ്യങ്ങളില്‍ ജനാധിപത്യത്തിന് കൊടുക്കേണ്ട വില ഇസ്ലാമീകരണം ആകുന്നു. ഏതുതരം ഇസ്ലാമീകരണം എന്നതാണ് ചോദ്യം. ഇസ്ലാം വര്‍ണരാജിയുടെ ഒരറ്റം അല്‍ഖ്വയ്ദയും താലിബാനും കൈയടക്കിയിരിക്കുന്നു. അനേകം നിറങ്ങളുള്ള ഇസ്ലാം മഴവില്ലിന്റെ മറ്റേയറ്റത്ത് 2003 മുതല്‍ ടര്‍ക്കിയെ ഭരിക്കുന്ന ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി നില്ക്കുന്നു. ഈ രണ്ട് അറ്റങ്ങള്‍ക്കും ഇടയിലായി ജെമാ അഹ് ഇസ്ലാമിയ, സലാഫികള്‍, ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ അക്രമികളും മര്ക്കടമുഷ്ടികളും വിപ്ലവകാരികളുമൊക്കെ ഇടം കണ്ടെത്തിയിട്ടുണ്ട്.
ഈ വക ദുരൂഹ ടീമുകളുമായി പശ്ചിമേഷ്യയിലെ സ്വേച്ഛാധിപതികള്‍ താല്‍ക്കാലിക ലാഭത്തിനായി ചില രഹസ്യബന്ധങ്ങള്‍ പുലര്‍ത്താതിരുന്നിട്ടില്ല. എങ്കിലും, മൊത്തത്തിലെടുത്താല്‍, ഇസ്ലാമിക അക്രമോത്സുകതയെ തളച്ചിടുന്നത് അവരുടെ സുരക്ഷിതത്വത്തിന് ആവശ്യമായിരുന്നു. വ്യവസ്ഥാപിത ഭരണകൂടങ്ങളെ മറിച്ചിട്ട് സ്വന്തം കാലിഫേറ്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന അല്‍ഖ്വയ്ദയെ പിന്തുണയ്ക്കാന്‍ ഏറ്റവും അധികം മതനിഷ്ഠയുള്ള മുഹമ്മദീയ ഭരണാധികാരികള്‍ പോലും ഒരുമ്പെട്ടിട്ടില്ല. കുവൈത്തിനെ ആക്രമിച്ച് ഐറിഷ് ഭീകരരെ ആയുധമണിയിച്ചു എന്നൊക്കെ കുറ്റപത്രങ്ങള്‍ നല്കി മുഹമ്മദീയ ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കിയ യുഎസ് മേല്‍പ്പറഞ്ഞ അന്തര്‍ലീന വൈരുദ്ധ്യത്തെ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന് അമേരിക്ക നല്കുന്ന പരമപ്രാധാന്യമാണ് ഇന്ന് അറബി നാടുകളില്‍ ദൃശ്യമാകുന്ന മാറ്റത്തിന് ഒരു പരിധിവരെ നിദാനമാകുന്നത്. പ്രസ്തുത രാഷ്ട്രീയ പരിവര്‍ത്തനവുമായി രാജിയാകുവാന്‍ അമേരിക്ക ശ്രമിക്കുന്നു. ഇസ്ലാമിക മര്‍ക്കടമുഷ്ടികളായ ബ്രദര്‍ഹുഡ് ഉള്‍പ്പെടുന്ന ഒരു ഗവണ്മെന്റുമായി സഹകരിക്കാന്‍ അമേരിക്ക തയ്യാറെന്ന് ഹിലാരി ക്ലിന്റണ് ഈജിപ്ഷ്യന്‍ ടിവി ചാനലിനോട് പറയുമ്പോള്‍, “ഉയര്‍ന്നുവരുന്ന എല്ലാ രാഷ്ട്രീയശക്തികളോടും ബന്ധം പുലര്‍ത്തേണ്ട ആവശ്യകത” മറ്റൊരു യുഎസ് ഡിപ്ലോമാറ്റ് ചൂണ്ടിക്കാട്ടുന്നു.
അപ്പറയുന്നത് തീര്‍ച്ചയായും ശരി തന്നെ-പക്ഷേ, ഈജിപ്തിന്റെ ഭരണസംവിധാനം തുലാസില്‍ ആടുന്നു എന്നത് കൂടുതല്‍ ശരിയാണ്, പ്രത്യേകിച്ചും സദ്ദാം ഹുസൈനെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയ ജയിലിലെ ഇരുമ്പഴി സ്മാരകങ്ങളെ അമേരിക്കക്കാര്‍ നോക്കിക്കൊണ്ടു നില്ക്കുമ്പോള്.
സുനന്ദ കെ. ദത്താറായ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: