മാനവപുരോഗതിയ്ക്ക് മാനസികശക്തിയും ഹൃദയവിശുദ്ധിയും കൂടിയേ തീരൂ. മനശ്ശക്തിയും ഹൃദയശുദ്ധിയും മാത്രമാണ് മനുഷ്യനെ ദേവനാക്കുന്നത്. മനസ്സ് മനുഷ്യരാശിയുടെ നിലനില്പിന്റെ അടിത്തറയാകുന്നു. വിചാരങ്ങളാണ് മനസ്സിന്റെ നിലനില്പിന് ഹേതു. മനുഷ്യന്റെ പെരുമാറ്റം, നല്ലതായാലും ചീത്തായായലും അവന്റെ വിചാരങ്ങളെ ആസ്പദമാക്കിയാകുന്നു. മനുഷ്യജീവിതമെന്നാല് ചിന്താപ്രക്രിയയുടെ ഫലമാകുന്നു.
ഒരു ചെറുകല്ല് തടാകത്തിലേയ്ക്കെറിഞ്ഞാല് അതുളവാക്കുന്ന കല്ലോലങ്ങള്‍ തടാകമാകെ വ്യാപിയ്ക്കും. അതുപോലെ മാനസസരസ്സില്‍ ചിന്തയാകുന്ന ഒരു കല്ല് വീണാല്‍ മതി. അതുളവാക്കുന്ന വൃത്തങ്ങള്‍ എല്ലാ ഇന്ദ്രിയങ്ങളിലേയ്ക്കും വ്യാപിക്കും. ഒരു സദ് വിചാരം മനസ്സില്‍ വീണുണ്ടാകുന്ന വൃത്തങ്ങള്‍ നാവിലെത്തുമ്പോള്‍ നിങ്ങള്‍ നല്ലവാക്കുകള്‍ പറയുന്നു. ചീത്തവിചാരങ്ങളാണെങ്കില് ചീത്തവാക്കുകളേ പറയൂ. അതുപോലെ കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതും എല്ലാ നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിന്തയനുസരിച്ച് പ്രകടമാകും. അതുകൊണ്ട് ഒരുവന്റെ നന്മതിന്മകള് അവന്റെ വിചാരഗതിയ്ക്കനുസരിച്ചിരിയ്ക്കും.
ഇപ്പോള്‍ മനുഷ്യന് ഈശ്വരനെ ആഗ്രഹിയ്ക്കുന്നു. അവിടുത്തെ ധ്യാനിക്കുന്നു. പക്ഷേ, ആഗ്രഹവും ധ്യാനവുംകൊണ്ടും മാത്രം ഈശ്വാരനുഗ്രഹം നേടാനാവില്ല. ധ്യാനംകൊണ്ടും മാത്രം ഈശ്വരന് സന്തോഷിയ്ക്കില്ല. അവിടുത്തെ ലഭിയ്ക്കാന്‍ സമ്പൂര്ണശരണാഗതി മാത്രമേ ഗതിയുള്ളു. ഒരിയ്ക്കല്‍ ശരാണാഗതനായാല് നിങ്ങളും അവിടുന്നും ഏകീഭവിയ്ക്കുന്നു. ഈശ്വരനുമായുള്ള ഏകീഭാവത്തിന് മാര്‍ഗങ്ങളെന്താണ്?
തീയും കല്‍ക്കരിയും വെവ്വേറെ വെച്ചാല്‍ അതങ്ങിനെത്തന്നെ ഇരിയ്ക്കും.അവയെത്തമ്മിലടുപ്പിച്ചു വീശിയാല്‍ കല്‍ക്കരി തീയായി മാറും. അതുപോലെതന്നെ ഈശ്വരന്നടുത്തേയ്ക്ക് ചെല്ലുക. പരിപൂര്ണഹൃദയത്തോടെ അവിടുത്തെ പ്രേമിയ്ക്കുക. അത്തരം അടുപ്പവും പ്രേമവും ഒടുവില്‍ ഈശ്വരനുമായി ഏകീഭവിപ്പിയ്ക്കും. ഇതാണ് വേദാന്തം പ്രഖ്യാപിയ്ക്കുന്നത്. ബ്രഹ്മത്തെ അറിയുന്നവന് ബ്രഹ്മമായിത്തീരുന്നു എന്ന്. കഴിച്ച ഭക്ഷണം ദീപനം വന്ന് അതിന്റെ സാരം ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും എത്തിയ്ക്കുന്നു. ഇതിനര്‍ത്ഥം കഴിച്ച ഭക്ഷണം ശരീരവുമായി ഏകീഭവിച്ചു എന്നാണ്്. അതുപോലെ നിങ്ങള്‍ പൂര്‍ണമായും സ്വയം ഈശ്വരന്നര്പ്പിയ്ക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അവിടുന്നുമായി ഏകീഭവിയ്ക്കാനാവൂ. നിങ്ങളുടെ എല്ലാ വിചാരങ്ങളും ഈശ്വരപരമായിരിയ്ക്കണം.
ശ്രീസത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: