കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വൈക്കത്ത് ഭൂമി നികത്താനായി അരുണ്‍കുമാറിന് 70 ലക്ഷം രൂപ നല്‍കിയെന്ന സന്തോഷ് മാധവന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതിനകം 23 സാക്ഷികളെ ചോദ്യം ചെയ്തുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അരുണും സന്തോഷ് മാധവനും ഇടനിലക്കാരിയായ അഭിഭാഷകയും ഫോണില്‍ സംസാരിച്ചതിനു തെളിവുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഐഎച്ച്ആര്‍ഡി ഓഫിസില്‍ നിന്നു പിടിച്ചെടുക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന സന്തോഷ് മാധവന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിലാണു അന്വേഷണം. പാടം നികത്താന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു കൈക്കൂലി നല്കിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്കാന് അരുണ്‍ കുമാര്‍ തയാറായില്ലെന്നും സന്തോഷ് മാധവന് പരാതിയില്‍ ആരോപിച്ചിരുന്നു.
ഓഗസ്റ്റ് 23നു വിജിലന്‍സ് ഡയറക്റ്റര്‍ നല്കിയ ശുപാര്‍ശയിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: