ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് ഉറപ്പ് നല്കി. യോഗം എന്ന് നടത്തണമെന്ന് തീരുമാനിക്കാന്‍ ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രി മന്ത്രിമാരെ അറിയിച്ചു.
കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പിജെ.ജോസഫ് എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ടത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മാധ്യസ്ഥം വഹിക്കണമെന്ന് മന്ത്രിസംഘം ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന് മുന്നില്‍ സംസ്ഥാനത്തുനിന്നുള്ള എം.പിമാര്‍ ഇന്നും സത്യാഗ്രഹം നടത്തി. അതേസമയം, പ്രശ്നം കേരളം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് എം.പിമാരും പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ സി.പി.എം, സി.പി.ഐ എം.പിമാരും പങ്കെടുത്തു. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ഡി.എം.കെ എം.പിമാര്‍, നിലവിലുള്ള ഡാം മതിയെന്ന് കേരളത്തെ ബോധ്യപ്പെടുത്താന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: