ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 0.4 അടി കൂടി ഉയര്‍ന്ന് 136.4ലെത്തി. ഇന്നലെ ഉച്ചയോടെ പരമാവധി സംഭരണശേഷിയായ 136 അടിയില്‍ ജലനിരപ്പ് എത്തിയിരുന്നു. അണക്കെട്ടിന്റെ ശേഷി 155 അടി ആണെങ്കിലും 136 അടിവരെ സംഭരിക്കാനേ ഇപ്പോള്‍ അനുവാദമുള്ളൂ.
ജലനിരപ്പ് ഉയര്‍ന്നതോടെ 13 സ്പില്‍വേകളില്‍ കൂടി അധികം ജലം പെരിയാര്‍ വഴി ഇടുക്കി ജലസംഭരണിയിലേക്കൊഴുകുകയാണ്. ഇതില്‍ ആദ്യ നാലു സ്പില്‍വേകളില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും ഇടുക്കി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്തതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. പെരിയാറിന്റെ ഇരുകരകളിലുള്ളവര്‍ക്ക് ഇന്നലെത്തന്നെ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പീരുമേട് എം.എല്‍.എ ഇ.എസ്.ബിജിമോള്‍ നടത്തുന്ന സമരം ചപ്പാത്തില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: