കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി പദവിയില്‍ നിന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയരാനുളള നടപടികള്‍ ആരംഭിച്ചു. 150 വര്‍ഷത്തെ ചരിത്രമുളള ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജാക്കി മാറ്റണമെന്നുളള ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി വികസന സൊസൈറ്റി സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി പുതിയ പടവുകള്‍ ഒരുക്കുന്നത്. ദേശീയ ആരോഗ്യ ഏജന്‍സിയുടെ അക്രഡിറ്റേഷന് ലഭിച്ച കേരളത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്.
800 കിടക്കകളും നിരവധി സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യവുമുളള ജനറല്‍ ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണം നല്കി ദേശീയ ശ്രദ്ധയാകര്‍ഷിച്ച ആരോഗ്യ സ്ഥാപനമാണ്. ജില്ലയില്‍ നിന്നുളള കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും വികസന ഫണ്ടുപയോഗിച്ചാണ് മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനറല്‍ ആശുപത്രിയ്ക്ക് സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുംവിധം ചികിത്സാ സൗകര്യം നല്കാന് കഴിയുന്നതെന്ന് ആശുപത്രി വികസന സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് ചൂണ്ടിക്കാട്ടി. ജനറല്‍ ആശുപത്രിയുടെ വളര്‍ച്ചയ്ക്കൊപ്പം ദേശീയ ആരോഗ്യ ദൗത്യ ഫണ്ടും മറ്റു വികസന പദ്ധതികളും ഉപയോഗപ്പെടുത്തി ജില്ലയിലെ താലൂക്ക്, കമ്മ്യൂണിറ്റി ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു.
മെഡിസിന്, സര്‍ജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, ഡര്‍മെറ്റോളജി, ഇഎന്‍ടി, ദന്തല്‍ സര്‍ജറി, ഒഫ്താല്‍മോളജി, ഓംകോളജി, ഫിസിക്കല്‍ മെഡിസിന്, സൈക്യാട്രി, ഫാമിലി പ്ലാനിംഗ്, അനസ്തേഷ്യ, റേഡിയോ ഡയഗണോസിസ് എന്നിവയാണ് നിലവിലെ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍. എക്സ്റേ, സിടി സ്കാന്‍, മാമോഗ്രാഫി, അള്‍ട്രാസോണോഗ്രാഫി, റോഡിയോളജി, ആര്‍ഡിസി- ക്ലിനിക്കല്‍ ലാബുകള്‍, രക്ത ബാങ്ക്, മൊബെയില്‍ ഒഫ്താല്‍മോളജി, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ഡീ -അഡിക്ഷന് സെന്റര്‍, കൗമാര ക്ലീനിക് എന്നിവയാണ് അനുബന്ധ വിഭാഗങ്ങള്‍.
ജില്ലയിലെ ദരിദ്ര ജനവിഭാഗം ഏറ്റവും ആശ്രയിക്കുന്ന പ്രധാന ആതുരാലയം എന്ന നിലയില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ സാമൂഹ്യ രംഗത്തുളള സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, യൂറോളജി, എന്റോക്രൈനോളജി, ഗ്യാസ്ട്രോ എന്റോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒപി, ശസ്ത്രക്രിയ സംവിധാനം ഒരുക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യമൊരുക്കാനാണ് ആലോചന. ഒപിയും ശത്രക്രിയാ സൗകര്യവും ഇതുപ്രകാരം ഏര്‍പ്പെടുത്തും. ആശുപത്രി വികസന സൊസൈറ്റി യോഗം ചേര്‍ന്ന് ഈ കാര്യത്തില്‍ താമസിയാതെ തീരുമാനം കൈക്കൊളളും. കഴിഞ്ഞയാഴ്ച രണ്ടു കോടി രൂപ ആശുപത്രി വികസന ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി സൂപ്രണ്ട് എം.ഐ.ജുനൈദ് റഹ്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: