ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്ക് കേരളം പുതിയ അപേക്ഷ നല്‍കും. അടുത്തിടെയുണ്ടായ ഭൂചലനങ്ങള്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് അപേക്ഷ. അടുത്ത മാസം അഞ്ചാം തീയതി സമിതി യോഗം ചേരും. ഈ സമയത്ത് മുതിര്‍ന്ന അഭിഭാഷകനെ ഹാജരാക്കാനും കേരളം ശ്രമിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഇന്ന് ദല്‍ഹിയില്‍ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വയുമായി കേരള സംഘം ചര്‍ച്ച നടത്തും.
നേരത്തെ റൂര്‍ക്കി ഐ.ഐ.ടി മുല്ലപ്പെരിയാറില്‍ നടത്തിയ ഭൂകമ്പ സാധ്യതാ പഠന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേരളം കഴിഞ്ഞയാഴ്ച പുതിയ അപേക്ഷ നല്‍കിയിരുന്നു. പഠനം നടത്തിയ ഡോ.എം.എല്‍ ശര്‍മ്മയേയും ഡോ.ഡി.കെ പോളിനെയും സാക്ഷികളാക്കി അവരുടെ അഭിപ്രായം കൂടി തേടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും മുല്ലപ്പെരിയാറില്‍ ഭൂകമ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ ഒരു അപേക്ഷ കൂടി നല്കാന് കേരളം തീരുമാനിച്ചത്.
ഈവര്‍ഷം 28 തുടര്‍ ചലനങ്ങള്‍ മുല്ലപ്പെരിയാര്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഇത് അണക്കെട്ടിന്റെ ശക്തിയെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂകമ്പത്തെക്കുറിച്ചുള്ള പഠനങ്ങളും വിശദാംശങ്ങളും കണക്കിലെടുത്ത് മാത്രമേ ഉന്നതാധികാര സമിതി മുന്നോട്ട് പോകാന്‍ പാടുള്ളൂ. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: