തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്ന് അനുവദനീയ സംഭരണശേഷിയായ 136 അടിയിലെത്തി. ഇതോടെ അണക്കെട്ടിന്റെ ചോര്‍ച്ചയും വര്‍ദ്ധിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ സെക്കന്റില്‍ 15,082 ഘനയടി വെള്ളം മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സ്പില്‍വേയുടെ 1, 2 ഷട്ടറുകളിലൂടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി. ഇതിനിടെ ഇറച്ചില്‍പ്പാലം വഴി കൂടുതല്‍ ജലം കൊണ്ടുപോയി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന് തമിഴ്നാടും ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവില്‍ സെക്കന്റില്‍ 10000 ഘനയടിവെള്ളമാണ് തമിഴ്നാട് മുല്ലപ്പെരിയാറില്‍നിന്നും കൊണ്ടുപോകുന്നത്. ഇതിനു പുറമേയാണ് ഇറച്ചില്‍പ്പാലം വഴി കൊണ്ടുപോകുന്നത്. എന്നാല്‍ തമിഴ്നാട്ടിലും മഴ ശക്തമായി പെയ്യുന്നതിനാല്‍ കൂടുതല്‍ ജലം കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ജലനിരപ്പ് 136 അടിയായി ഉയര്‍ന്നത്. ഇന്നലെ രാവിലെ 130.5 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴതുടരുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൗമശാസ്ത്രജ്ഞരും ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരും മുല്ലപ്പെരിയാര്‍ ഡാം പരിശോധിക്കുന്നതിനായി എത്തി. ജലനിരപ്പ് 135 അടി കവിഞ്ഞതിനേത്തുടര്ന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഇ.ദേവദാസന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ കളക്ടര്‍ ഇ.ദേവദാസന് അറിയിച്ചു. തമിഴ്നാട് സര്‍ക്കാരുമായി സംസാരിച്ച് കൂടുതല്‍ ജലം ഡാമില്‍ നിന്ന് കൊണ്ടുപോകാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹവും വ്യക്തമാക്കി.
ജില്ലാ കളക്ടറേറ്റിലും(04862 232303), ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലും(04868 232050) കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. പീരുമേട് താലൂക്ക് ഓഫീസിലും(04869 232077), കുമളി പൊലീസ് സ്റ്റേഷനിലും(04869 222049) കണ്ട്രോള് റൂം തുറന്നിരുന്നു.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തയ്യാറാകണമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തമിഴ്നാട് ജലവിഭവ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന നിലപാടില്‍നിന്ന് കേരളം പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെടും. രമ്യമായ പരിഹാരമാണ് കേരളം ആവശ്യപ്പെടുന്നത്. സംയമനത്തോടെയും വിവേകത്തോടെയുമുള്ള നിലപാടായിരിക്കും കേരളത്തിന്റേത്. പുതിയ ഡാം വൈകില്ല. ഇക്കാര്യത്തില്‍ തമിഴ്നാട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ജലസേചനവകുപ്പ് മന്ത്രി പി.ജെ.ജോസഫ് മലപ്പുറത്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി എ.കെ.ആന്റണിയും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. എടപ്പാളിലെ നിര്‍ദ്ദിഷ്ട ചമ്രവട്ടം പദ്ധതി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ഉയര്‍ന്നുവെന്നത് ആശങ്കയുളവാക്കുന്നു.
ഇടുക്കിയിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ജലനിരപ്പ് 120 അടി ആക്കി എത്രയും പെട്ടെന്ന് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെള്ളം കൊണ്ടുപോകുന്ന അളവ് തമിഴ്നാട് വര്‍ദ്ധിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് വെള്ളം കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ ആശങ്ക താന്‍ മനസിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരിഹാരത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി ന്യൂദല്‍ഹിയില്‍ പറഞ്ഞു. എല്ലാവരും സംയനം പാലിക്കണം. ദല്‍ഹിയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: