പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള പോലീസ് നടപടി ശക്തമാക്കി. കഴിഞ്ഞദിവസം പൊതുനിരത്തില്‍ മാലിന്യനിക്ഷേപിച്ച പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പോലീസ് നടപടി ശക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പള്ളുരുത്തി, മട്ടാഞ്ചേരി, തോപ്പുംപടി എന്നീ സ്റ്റേഷന് പരിധിയിലാണ് പരിശോധന നടന്നത്. പള്ളുരുത്തി എസ്വിഡി സ്കൂളിന് സമീപം പരപ്പന്‍ വീട്ടില്‍ വര്‍ഗീസ്, ഇടക്കൊച്ചി പഷ്ണിത്തോട് വെളിയില്‍ വീട്ടില്‍ രാജു, സൂര്യപ്പിള്ളി വീട്ടില്‍ സേവ്യര്‍, വട്ടത്തറ വീട്ടില്‍ ഷംസുദ്ദീന്, തങ്ങള്‍നഗര്‍ ജനതാ റോഡില്‍ സെബാസ്റ്റ്യന്‍, പെരുമ്പടപ്പ് കള്‍ട്ടസ് റോഡ് തയ്യില്‍ വീട്ടില്‍ സന്തോഷ്, പെരുമ്പടപ്പ് നികര്‍ത്തില്‍ വീട്ടില്‍ സതീഷ് കുമാര്‍, പള്ളുരുത്തി ദീപം ജംഗ്ഷന് വലിയകത്ത് വീട്ടില്‍ അബു, കരുവേലിപ്പടി ചക്കനാട്ട് മുകേഷ് കുമാര്‍, മൂലങ്കുഴി കൃഷ്ണന് എന്നിവരാണ് പിടിയിലായത്. പ്ലാസ്റ്റിക് കവറില്‍ മാലിന്യം കെട്ടി അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു. പള്ളുരുത്തി പോലീസ് മഫ്തിയില്‍ പ്രത്യേകം പോലീസ് സേനയെ സജ്ജമാക്കിയിട്ടുണ്ടെന്ന് എസ്ഐ എസ്.രാജേഷ് പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. പശ്ചിമകൊച്ചിയിലെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മാലിന്യനിക്ഷേപകരെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായി മട്ടാഞ്ചേരി എസി എം.ബിനോയ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: