സന: യെമനില്‍ ഒമ്പതുമാസത്തെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി അടുത്തവര്‍ഷമാദ്യം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനും അധികാര കൈമാറ്റത്തിനുമുള്ള ധാരണയായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ കരാര്‍ പ്രകാരം പ്രസിഡന്റ് അലി അബ്ദുള്ള സാല ഈ വര്‍ഷാവസാനം അധികാരം ഒഴിയും.
കഴിഞ്ഞ ബുധനാഴ്ചയാണ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഇതു സംബന്ധിച്ച ധാരണയില്‍ ഒപ്പുവെച്ചത്. ഇതുപ്രകാരം 30 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തന്റെ അധികാരങ്ങള്‍ വൈസ് പ്രസിഡന്റിന് കൈമാറും. വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാലയേയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും ശിക്ഷണ നടപടികളില്‍ നിന്നൊഴിവാക്കുന്ന നിയമം പാസ്സാക്കും. 90 ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തും. 33 വര്‍ഷത്തെ പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ കഴിഞ്ഞ ഒമ്പതുമാസമായി പ്രതിഷേധം ഇരമ്പുകയായിരുന്നു. അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഈ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ക്ക് വഴങ്ങാന്‍ മൂന്ന് പ്രാവശ്യം പ്രസിഡന്റ് തയ്യാറാവുകയും വഴുതി മാറുകയും ചെയ്തതാണ്. ഫെബ്രുവരി 21 ന് തെരഞ്ഞെടുപ്പുകള്‍ നടക്കുമെന്നും ഒരു കക്ഷിക്കും ഈ തീയതി മാറ്റാനധികാരമുണ്ടാവുകയില്ലെന്നും വൈസ് പ്രസിഡന്റ് അസദ് റബ്ബോ മന്‍സൂര്‍ഹഡി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു.
അമേരിക്ക ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അല്‍ഖ്വയ്ദയുടെ ശക്തമായസാന്നിദ്ധ്യമുള്ളയെമനില്‍ അസ്ഥിരത ഉണ്ടാകുമോ എന്നവര്‍ ഭയപ്പെടുന്നു. പ്രസിഡന്റ് അധികാരം ഒഴിയുന്നതിനുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷവും പ്രകടനങ്ങള്‍ തുടരുന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിന് പേരുടെ മരണത്തിനുത്തരവാദിയായ അഴിമതിക്കാരനായ പ്രസിഡന്റ് സാലയെ വിചാരണചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. യെമന്‍ ഇപ്പോഴും അശാന്തമാണ്, ശനിയാഴ്ച യുദ്ധവിമാനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധരായ 80 ഗോത്രവര്‍ഗക്കാരെ വധിച്ചു. അധികാര ഭൃഷ്ടനാക്കിയെങ്കിലും പ്രസിഡന്റ് സാലക്ക് രാഷ്‌ട്രീയത്തില്‍ സ്വാധീനമുണ്ടാകുമോ എന്നും സാധാരണക്കാര്‍ക്ക് ഭീതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: