തലസ്ഥാനമായ ഇസ്ലാമാബാദിനടുത്ത് അബോട്ടാബാദില്‍ ഒളിവില്‍ പാര്‍ക്കുകയായിരുന്ന അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ യുഎസ് സേന കണ്ടെത്തി വധിച്ചതോടെ വല്ലാതെ ഉലഞ്ഞ പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അഫ്ഗാന് അതിര്‍ത്തിയില്‍നിന്ന് നാറ്റോ നടത്തിയ ആക്രമണത്തില്‍ ഇരുപത്തിയെട്ടോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അത്യന്തം വഷളായിരിക്കുകയാണ്. അഫ്ഗാന് അതിര്‍ത്തിയില്‍നിന്ന് നാറ്റോ ഹെലികോപ്റ്ററുകള്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ചെക്ക് പോസ്റ്റിന് നേരെ നടന്ന ഈ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ യുഎസ് സേനക്കും സഖ്യസേനക്കും സാധനങ്ങളെത്തിക്കുന്നത് പാക് സര്‍ക്കാര്‍ നിര്‍ത്തുകയുണ്ടായി. അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രവേശനകവാടങ്ങള്‍ അടച്ച് നാറ്റോ സേനക്കുള്ള സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന 100ലേറെ ട്രക്കുകള്‍ പെഷവാറിലേക്ക് തിരിച്ചുവിട്ടതായാണ് പാക് ടിവി റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചുദിവസത്തിനകം ഷംസി വ്യോമത്താവളത്തില്‍നിന്ന് പിന്മാറണമെന്നും പാക്കിസ്ഥാന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിലെ സഖ്യസേനയുമായുള്ള എല്ലാത്തരം സഹകരണവും പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ള പാക് സര്‍ക്കാര്‍ അന്താരാഷ്ട്ര സുരക്ഷാ സഹായസേനക്ക് (ഐഎസ്എഎഫ്) എത്തിക്കുന്ന എണ്ണയും മറ്റുമാണ് ശനിയാഴ്ച രാവിലെ മുതല്‍ തടഞ്ഞിരിക്കുന്നത്.
അടിയന്തരമായി വിളിച്ചുചേര്‍ത്ത മന്ത്രിസഭയുടെ പ്രതിരോധ സമിതിയോഗം നാറ്റോയുടെ അകാരണമായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പരമാധികാരത്തിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമായാണ് നാറ്റോയുടെ ആക്രമണത്തെ യോഗം വിലയിരുത്തിയത്. എന്നാല്‍ എന്തു തിരിച്ചടിയാണ് നല്‍കുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൊഹ്മന്ദ് ഗോത്രമേഖലയിലെ ബയ്സായ് ചെക്ക് പോസ്റ്റിനു നേരെയുണ്ടായ നാറ്റോ ആക്രമണത്തില്‍ പാക് സൈന്യത്തിലെ ഒരു മേജറും ക്യാപ്റ്റനും കൊല്ലപ്പെട്ടതായി പാക് ടിവി റിപ്പോര്‍ട്ട് ചെയ്തു. 15 സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഏറുമെന്ന് കരുതപ്പെടുന്നു. ഒരു വര്‍ഷത്തിനുമുമ്പ് ഇതുപോലെ മറ്റൊരു സംഭവമുണ്ടായി. അഫ്ഗാന് അതിര്‍ത്തിയിലെ നാറ്റോ ആക്രമണത്തില്‍രണ്ട് പാക് പൗരന്മാര് കൊല്ലപ്പെടുകയായിരുന്നു. ഭീകരരെന്ന് കരുതിയാണ് ആക്രമണം നടന്നത്. ഇതില്‍ പ്രതിഷേധിച്ചും നാറ്റോക്ക് സാധനങ്ങളെത്തിക്കുന്ന ട്രക്കുകള്‍ പത്തുദിവസം പാക്കിസ്ഥാന് തടഞ്ഞിട്ടിരുന്നു. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അമേരിക്കന്‍ സേന വധിച്ചത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഒളിവില്‍ കഴിഞ്ഞ ലാദനെ പാക് സൈന്യത്തെപ്പോലും അറിയിക്കാതെയാണ് യുഎസ് നാവികസേനയിലെ പ്രത്യേക പരിശീലനം ലഭിച്ച കമാന്റോകള്‍ കൊന്നത്. മരണത്തിനുശേഷം അനുയായികള്‍ ലാദനെ നായകനാക്കുന്നത് ഒഴിവാക്കാന്‍ മൃതദേഹം യുഎസ് സേന കടലില്‍ തള്ളുകയായിരുന്നു.
ഇതിനെതിരെയും പാക് സര്‍ക്കാര്‍ ചില പ്രതിഷേധങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും അതൊക്കെ അധികം താമസിയാതെ കെട്ടടങ്ങുകയായിരുന്നു. കാബൂളിലെ തങ്ങളുടെ എംബസിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയതും നയതന്ത്ര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന അല്‍-ഖ്വയ്ദയുടെയും മറ്റ് ഭീകര സംഘടനകളുടെയും വിളനിലമായാണ് പാക്കിസ്ഥാനിലെ ഗോത്രമേഖലയെ അമേരിക്ക കാണുന്നത്. അതുകൊണ്ടുതന്നെ ഇവിടെയുള്ള സൈനിക നടപടിക്ക് പാക്കിസ്ഥാന്റെ അനുമതിക്ക് കാത്തുനില്ക്കാന് യുഎസ് സേന തയ്യാറാകില്ലെന്നതാണ് സത്യം. അസ്വാഭാവികമായി എന്തെങ്കിലും നീക്കം കണ്ടാല്‍ ഉടന്‍ ആക്രമിക്കുക എന്നതാണ് അവരുടെ നയം. പാക് സര്‍ക്കാരിനേയും സൈന്യത്തെയും ഒരുപോലെ നടുക്കിയ സംഭവത്തിന് ശേഷം പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യ സെക്രട്ടറി സല്മാന് ബഷീര്‍ പാക്കിസ്ഥാനിലെ യുഎസ് അംബാസഡര്‍ കാമറോണ്‍ മുന്ററിനെ കാണുകയുണ്ടായി. മുന്ററിനെ ശക്തമായി പ്രതിഷേധം അറിയിച്ച് ബഷീര്‍ നാറ്റോ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും യുഎസ് -നാറ്റോ സേനകളുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വാഷിംഗ്ടണിലും ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്തും പാക്കിസ്ഥാന് പ്രതിഷേധമറിയിക്കുകയുണ്ടായി.
അതിര്‍ത്തിയില്‍ നടന്ന സംഭവം അറിവില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മാത്രമാണ് നാറ്റോ വക്താവ് പറഞ്ഞത്. പാക്കിസ്ഥാന് കരസേനാ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനിയും അഫ്ഗാനിലെ സഖ്യസേനാ മേധാവി ജനറല്‍ ജോണ്‍ അല്ലനും അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയിലെ ഭീകരരുടെ നീക്കം തടയുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഇസ്ലാമബാദില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളോടെ കയാനി-അല്ലന് ചര്‍ച്ചയുടെ ഫലത്തെക്കുറിച്ച് സംശയമുയര്‍ന്നിരിക്കുകയാണ്. നാറ്റോയുടെ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെങ്കിലും സ്വന്തം മണ്ണില്‍ ഭീകരര്‍ക്ക് പരിശീലനം നല്കി പണവും ആയുധങ്ങളുമായി മറ്റ് രാജ്യങ്ങളിലേയ്ക്ക് പറഞ്ഞയയ്ക്കുന്നതില്‍ യാതൊരു തെറ്റും കാണാത്ത പാക്കിസ്ഥാന് ഒരുതരത്തിലും പിന്തുണ അര്‍ഹിക്കുന്നില്ല. അമേരിക്കയുമായി സവിശേഷമായ ബന്ധമാണ് പാക്കിസ്ഥാന് നിലനിര്‍ത്തുന്നത്. ഭീകരവാദത്തിനെതിരായ സൈനിക നടപടിക്കായി യുഎസ് സേനയ്ക്ക് ചില സൗജന്യങ്ങള്‍ അനുവദിക്കുന്ന പാക്കിസ്ഥാന് ഇന്ത്യയില്‍ നിരന്തരമായ ഭീകരാക്രമണങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ്. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നത് അമേരിക്കയുടെ സഹായത്തോടെ തടയുകയെന്നതാണ് പാക് തന്ത്രം. ഇന്ത്യന്‍ ഭരണാധികാരികളുടെ ഭീരുത്വപൂര്‍ണമായ സമീപനം കൊണ്ട് ഇക്കാര്യത്തില്‍ ഒരു പരിധിവരെ പാക് ഭരണാധികാരികള്‍ക്ക് വിജയിക്കാനും കഴിയുന്നുണ്ട്. ഏറ്റവുമൊടുവിലത്തെ നാറ്റോ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാന് എന്തുതന്നെ കോലാഹലമുയര്‍ത്തിയാലും അമേരിക്ക അത് വളരെയൊന്നും ഗൗനിക്കുമെന്ന് തോന്നുന്നില്ല. സംഭവത്തെ അപലപിക്കാതെ ഖേദിക്കുക മാത്രം ചെയ്ത യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന് പാക് ഭരണാധികാരികള്‍ക്ക് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. സ്വന്തം മണ്ണിനെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായും പരിശീലനക്കളരിയായും നിലനിര്‍ത്തുന്ന നടപടി പാക്കിസ്ഥാന് എന്നേക്കുമായി അവസാനിപ്പിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: