ഇടുക്കി: ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭ്രംശമേഖലയെ ബാധിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് ആശങ്ക. അണക്കെട്ടിന്റെ ഭ്രംശമേഖലയില്‍ ചെറു ചലനം പോലും അനുഭവപ്പെടാത്തതാണ് ആശങ്കയ്ക്ക് കാരണമെന്ന് ഇടുക്കിയില്‍ സന്ദര്‍ശനം നടത്തുന്ന സെസ് ഡയറക്ടര്‍ ജോണ്‍ മത്തായി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വളകോട്, ഉപ്പുതറ, കണ്ണംപടി, കോതപ്പാറ തുടങ്ങിയ പ്രദേശങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. ചെറുതോണി ചീന്തലാര്‍ ഭ്രംശമേഖലയിലാണ് ഭൂചലനമുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതിന് 30 കിലോമീറ്റര്‍ അടുത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
ഭൂചലനം ഉണ്ടായപ്പോഴുള്ള മര്‍ദ്ദം മുല്ലപ്പെരിയാറിലെ ഭ്രംശ മേഖലയില്‍ കേന്ദ്രീകരിച്ചതിനാലാണ് ഡാമില്‍ ചെറിയ ചലനങ്ങള്‍ പോലും സൃഷ്ടിക്കാത്തത്. ഇത്തരത്തില്‍ മര്‍ദ്ദം കേന്ദ്രീകരിച്ചാല്‍ അത് വലിയ ചലനങ്ങളിലേക്ക് എത്തിയേക്കാമെന്നാണ് ആശങ്ക. അണക്കെട്ട് സ്ഥിതി ചെയ്യുന്ന 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമിയുടെ ഉപരിതലത്തിന് അഞ്ച് കിലോമീറ്റര്‍ അടുത്തുവരെ ചലനമുണ്ടായാല്‍ അത് അണക്കെട്ടിനെ ബാധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ജോണ്‍ മത്തായി പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ റിക്ടര്‍ സ്കെയിലില്‍ 3.4 ശേഷിയുള്ള ചലനവും പിന്നീട് ശക്തി കുറഞ്ഞ മൂന്നു തുടര്‍ ചലനങ്ങളുമാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ പതിനെട്ടാം തീയതിയിലെ ചലനത്തിനു ശേഷം ഒരു ചെറിയ തുടര്‍ചലനം അനുഭവപ്പെടാതിരുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയുണ്ടായത് തുടര്ചലനമല്ല, പുതിയ ചലനമാണെന്നും ജോണ്‍ മത്തായി പറഞ്ഞു.
ഭൗമശാസ്ത്ര കേന്ദ്ര സീനിയര്‍ ശാസ്ത്രജ്ഞന് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുളള സംഘത്തില്‍ സന്ദര്‍ശനം നടത്തുന്നത്. ഡോ. കേശവ് മോഹന്‍, ഡോ. കുര്യാക്കോസ് തുടങ്ങിയവരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: