തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര കേന്ദ്ര ഇടപെടല്‍ തേടി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം നാളെ ദല്‍ഹിയിലെത്തും. പ്രദേശത്തെ ഭൂകമ്പ സാധ്യതകളെ കുറിച്ച് റൂര്‍ക്കി ഐ.ഐ.റ്റിയുടെ പഠന റിപ്പോര്‍ട്ട് കേരളം കേന്ദ്രത്തിന് കൈമാറും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ജലവിഭവ മന്ത്രി പി.ജെ ജോസഫും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നാളെ ദല്‍ഹിയിലെത്തും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, നിയമ സെക്രട്ടറി, മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ അംഗങ്ങള്‍ എന്നിവരും കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
നാളെ വൈകിട്ട് മൂന്നര മണിക്ക് കേന്ദ്ര ജലവിഭവ മന്ത്രി പവന് കുമാര്‍ ബന്‍സലുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും കേരള സംഘം ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ മുല്ലപ്പെരിയാറില്‍ 28 തുടര്‍ ചലനങ്ങള്‍ ഉണ്ടായത് പ്രദേശത്ത് കനത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് കേരളം അറിയിക്കും. ഈ സാഹചര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ക്കായി കാത്തു നില്‍ക്കാതെ കേന്ദ്രം ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.
റിക്ടര്‍ സ്കെയില്‍ ആറ് വരെ ശക്തിയുള്ള ഭൂചലനത്തിന് മേഖലയില്‍ സാധ്യതയുണ്ടെന്നും അത്രയും വലിയ ഭൂകമ്പമുണ്ടായാല്‍ അണക്കെട്ട് തകരുമെന്നാണ് റൂര്‍ക്കി ഐ.ഐ.റ്റിയുടെ പഠന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതി നേരത്തെ വിസമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: