ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞു. ഇതോടെ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഒന്ന്, രണ്ട് ഷട്ടറുകളിലൂടെ നീരൊഴുക്ക് ആരംഭിച്ചു. ഈ ഷട്ടറുകളിലെ ജലം സ്പില്‍വേയിലൂടെ ഇടുക്കിയിലേയ്ക്ക് ഒഴുകുകയാണ്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നീരൊഴുക്കാണു ഡാമിലേക്ക് ഉണ്ടായിരിക്കുന്നത്. ഡാമിന്റെ അനുവദനീയമായ ജലനിരപ്പ് 136 അടിയാണ്. ഒരു ദിവസം കൊണ്ട് ഡാമിലെ ജലനിരപ്പ് നാലടി ഉയര്‍ന്നു. പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ ദേവദാസ് മുന്നറിയിപ്പു നല്കി.
15,332 ഘനയടി വെള്ളമാണ് ഓരോ സെക്കന്‍ഡിലും ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ നിന്നു തമിഴ്നാട് ഓരോ സെക്കന്‍ഡിലും കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 1872 ഘനയടിയാണ്. നിരപ്പ് കുറയ്ക്കാന്‍ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ ഈ ശ്രമം വിഫലമാകുകയാണ്. ജലനിരപ്പ് ഉയരുന്നതു പ്രദേശവാസികളെ ആശങ്കയിലാക്കി. നെടുങ്കണ്ടം, ഉപ്പുതറ എന്നിവിടങ്ങളില്‍ കണ്ട്രോള് റൂം തുറന്നു.
അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്താന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ദല്‍ഹിയില്‍ എത്തി. തിങ്കളാഴ്ച ദല്‍ഹിയിലെത്തുന്ന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജലവിഭവമന്ത്രി പി.ജെ. ജോസഫ് എന്നിവര്‍ വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടും സെസ് തയ്യാറാക്കിയ പവര്‍ പോയിന്റ് പ്രസന്റേഷനും അവിടെ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: