ഇസ്ലാമബാദ്: അഫ്ഗാന് അതിര്‍ത്തിയില്‍ നിന്ന് നാറ്റോ ഹെലികോപ്റ്ററുകള്‍ നടത്തിയ ആക്രമണത്തില്‍ 28 പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ യുഎസ് സേനക്കും സഖ്യസേനക്കും സാധനങ്ങളെത്തിക്കുന്നത് പാക് സര്‍ക്കാര്‍ നിര്‍ത്തി.
മൊഹ്മന്ദ് ഗോത്രമേഖലയിലെ ബയ്സായ് ചെക്ക് പോസ്റ്റിനു നേരെയാണ് വെള്ളിയാഴ്ച രാത്രി നാറ്റോ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാക് സൈന്യത്തിലെ ഒരു മേജറും ക്യാപ്റ്റനും കൊല്ലപ്പെട്ടതായി പാക് ടിവി റിപ്പോര്‍ട്ട് ചെയ്തു. 15 സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഏറുമെന്ന് കരുതപ്പെടുന്നു.
ഇതിന്റെ പ്രതികാരമായി അഫ്ഗാനിസ്ഥാനിലേക്ക് യുഎസ് സേനക്കും നാറ്റോ സേനക്കുമുള്ള സാധന സാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കുകള്‍ പാക് അധികൃതര്‍ പിടിച്ചിടുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് നാറ്റോ ഹെലികോപ്റ്ററുകള്‍ സൈനിക ചെക്ക് പോസ്റ്റിന് നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് പാക് അധികൃതര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അമേരിക്കന്‍ സേന വധിച്ചതിനെത്തുടര്ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുന്ന തരത്തില്‍ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. കാബൂളിലെ തങ്ങളുടെ എംബസിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയതും നയതന്ത്ര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന അല്‍-ഖ്വയ്ദയുടെയും മറ്റ് ഭീകര സംഘടനകളുടെയും വിളനിലമായാണ് പാക്കിസ്ഥാനിലെ ഗോത്രമേഖലയെ അമേരിക്ക കാണുന്നത്.
അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രവേശനകവാടങ്ങള്‍ അടച്ച് നാറ്റോ സേനക്കുള്ള സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന 100ലേറെ ട്രക്കുകള്‍ പെഷവാറിലേക്ക് തിരിച്ചുവിട്ടതായാണ് പാക് ടിവി റിപ്പോര്‍ട്ട് ചെയ്തത്. നാറ്റോ ആക്രമണത്തെ അപലപിച്ച ബൈര്പഷ്ഠ്തൂണ് ഖ്വ ഗവര്‍ണ്ണര്‍ മസൂദ് അസര്‍ ഈ ആക്രമണം പാക്കിസ്ഥാന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മസൂദും പറഞ്ഞു.
അതേസമയം അതിര്‍ത്തിയില്‍ നടന്ന സംഭവം അറിവില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും നാറ്റോ വക്താവ് പറഞ്ഞു.
പാക്കിസ്ഥാന് കരസേനാ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനിയും അഫ്ഗാനിലെ സഖ്യസേനാ മേധാവി ജനറല്‍ ജോണ്‍ അല്ലനും അഫ്ഗാന് പാക്കിസ്ഥാന് അതിര്‍ത്തിയിലെ ഭീകരരുടെ നീക്കം തടയുന്നതിനെക്കുറിച്ച് ഇസ്ലാമബാദില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് നാറ്റോ ആക്രമണമുണ്ടായിരിക്കുന്നത്. ഇതോടെ കയാനി-അല്ലന് ചര്ച്ചാഫലത്തെക്കുറിച്ച് സംശയമുയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: