വര്‍ത്തമാനപത്രം, ഗവര്‍മെന്റ് ഇവയില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും പത്രങ്ങളെ തെരഞ്ഞെടുക്കുമെന്ന് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച രാജനൈതിക നിപുണനായിരുന്നു അമേരിക്കയിലെ തോമസ് ജാഫേഴ്സണ്‍. എന്നാല്‍ 21-ാം നൂറ്റാണ്ടായപ്പോഴേക്കും അമേരിക്കയില്‍ വര്‍ത്തമാന പത്രങ്ങള്‍ പരസ്യം നോക്കാനും വിപണി അറിയാനും മാത്രം ജനങ്ങള്‍ ആശ്രയിക്കുന്ന ഒരേര്‍പ്പാടായി മാറിക്കഴിഞ്ഞുവെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നു. അമേരിക്കയില്‍ കണ്ട രോഗലക്ഷണങ്ങള്‍ തന്നെയാണ് കേരളത്തിലുമിപ്പോള്‍ ദൃശ്യമായിട്ടുള്ളത്. മലയാളമണ്ണില്‍ മാധ്യമ സംസ്കാരത്തിനുമേല്‍ അനുദിനം നിപതിച്ചുകൊണ്ടിരിക്കുന്ന അപചയവും അപശകുനങ്ങളും ആശങ്കയുടെ ആഴക്കയങ്ങളിലേക്കാണ് നമ്മേക്കൊണ്ടെത്തിക്കുന്നത്.
ഉല്പന്ന വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിറ്റഴിക്കേണ്ട ഏക ഉല്പന്നമാണ് പത്രങ്ങള്‍. പരസ്യത്തിന്റെ മാന്ത്രികദണ്ഡ് കൈക്കലാക്കി സമര്‍ത്ഥമായി പ്രയോഗിക്കാനാവാത്തവര്ക്ക് മാധ്യമ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാവില്ല. കഴുത്തറുപ്പന്‍ മത്സരം നിലനില്‍ക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമമേഖലയില്‍ പാത്രം നോക്കി പകര്‍ന്നു നല്കാന് മീഡിയകള്‍ നിര്‍ബന്ധിതരാണ്. ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം മാധ്യമരംഗം അപചയത്താല്‍ നട്ടംതിരിയുന്നു. പ്രേക്ഷകന്റെ ബുദ്ധിയും യുക്തിയും മാത്രമല്ല പ്രജ്ഞയേയും മരവിപ്പിക്കുംവിധം ചാനല്‍ സംസ്കാരം മലയാളിയെ മടയനാക്കുകയാണ്.
സെന്‍സേഷണല്‍ വാര്‍ത്തകളുടെ അതിപ്രസരം ഒരു സമൂഹത്തിന്റെ ആര്‍ജ്ജിത സംസ്കാരത്തെയും സത്യനിഷ്ഠയേയും എത്രമാത്രം കുത്തിമലര്ത്തുമെന്നതിന് നമ്മുടെ മാധ്യമരംഗം ഈടുറ്റ തെളിവാണ്. പെരുമ്പാവൂരില്‍ ഒരു ബസ്സില്‍വെച്ച് കഴിഞ്ഞമാസം മര്‍ദ്ദനമേറ്റ് മരിച്ച രഘു എന്ന തൊഴിലാളിയുടെ ഭാര്യ ഈയടുത്ത ദിവസം ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തെകുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്റെ കുടുംബത്തിനും വരുംതലമുറയ്ക്കും സുഷ്ടിച്ച ആഘാതത്തെകുറിച്ച് വിലപിക്കുന്നുണ്ട്. ഒരു ഉറുമ്പിനെപോലും നുള്ളിനോവിക്കാത്ത, മരിക്കുവോളം ഒരു പെറ്റികേസ്സില്പോലും പ്രതിയാകാത്ത 40 വയസ്സുകാരനായ രഘു ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ മര്‍ദ്ദനമേറ്റ് പെരുവഴിയില്‍ പിടഞ്ഞുമരിക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന ദിവസം ചാനലുകള്‍ ആഘോഷപൂര്‍വ്വം ഒരു പോക്കറ്റടിക്കാരന് മര്ദ്ദനമേറ്റുമരിച്ച സംഭവമായി പ്രസ്തുത വാര്‍ത്ത ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.
കോടാനുകോടി രഘുവിനെ മഹാപാതകിയാക്കി മനസ്സില്‍ കുടിയിരുത്തി. പിറ്റേ ദിവസം സാക്ഷരകേരളത്തിലെ എല്ലാ പത്രങ്ങളും രഘുവിന്റെ ഫോട്ടോ സഹിതം ബസ്സില്‍ പോക്കറ്റടിച്ച ആളെ മര്‍ദ്ദിച്ചുകൊന്നു എന്ന വന്‍ വാര്‍ത്ത വായനക്കാര്‍ക്ക് പകര്‍ന്നു നല്കി. ഒരു നിരപരാധിയെ ഇപ്രകാരം കോടിക്കണക്കിനാളുകളുടെ മനസ്സിലേക്ക് പോക്കറ്റടിക്കാരനായി ചിത്രീകരിച്ച് ചിത്രവധം ചെയ്ത മാധ്യമങ്ങള്‍ കൊടുംപാതകംതന്നെയാണ് നടത്തിയത്. നാട്ടറിവുകളും കേട്ടറിവുകളും വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ വേണ്ട അന്വേഷണത്തിനു മുതിരാതെ ഒരു നിരപരാധിയെ എത്ര ക്രൂരമായാണ് ക്രൂശിച്ചത്. കൊല്ലപ്പെട്ട രഘുവിന്റെ വിധവയ്ക്കും മക്കള്‍ക്കും കുടുംബത്തിനും ഈ വാര്‍ത്തവഴി ഏല്പിച്ച മാനഹാനിയും വേദനയും കാലത്തിനുപോലും മായിച്ചു കളയാനാവില്ല. പോക്കറ്റടിക്കാരന്റെ മക്കളെന്ന് എന്റെ കുട്ടികളെ സമൂഹം വിളിക്കില്ലേ എന്ന ഹതഭാഗ്യയായ ആ അമ്മയുടെ ചോദ്യത്തിന് ഏതു മാധ്യമത്തിനാണ് തൃപ്തികരമായ ഉത്തരം നല്കാന് കഴിയുക ?
കേരളത്തില്‍ ഈയടുത്തകാലത്ത് നടന്ന നിഷ്ഠുരമായ മിക്ക ക്രിമിനല്‍ കേസ്സുകളും പൊടിപ്പും തൊങ്ങലുംവെച്ച് അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുകയായിരുന്നു. പുറംലോകമറിയാതെ കെട്ടടങ്ങി ജീര്ണ്ണിച്ചുതീരേണ്ട നിരവധി ഹീനമായ സംഭവങ്ങള്‍ക്ക് മാധ്യമ റിപ്പോര്‍ട്ടുവഴി തുമ്പുണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്. എന്നാല്‍ സത്യവുമായി പുലബന്ധംപോലുമില്ലാത്ത ആരോപണങ്ങള്‍ ബോധപൂര്‍വ്വം നിരപരാധികളുടേമേല് അടിച്ചേല്‍പ്പിക്കുകയും വേദനയുടെ ആഴക്കയങ്ങളിലേക്ക് ആളുകളെ തള്ളിനീക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇവിടെ പെരുകുകയാണ്. ചാനലുകളുടെ മത്സരത്തിന്റെ ബലിപീഠത്തില്‍ ഹോമിക്കപ്പെടുന്ന നിസ്സഹായരുടെ തേങ്ങലുകള്‍ നമ്മുടെ ജനാധിപത്യ സംസ്കാരത്തിനുമേല്‍ അനീതിയുടെ കറുത്ത പാടുകള്‍ അനുസ്യൂതം സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്.
സത്യമാണീശ്വരന്‍ എന്ന ആപ്തവാക്യം ഉരുവിടുന്ന ഈ നാട്ടില്‍ ഇത്തരം കൊടിയ ആത്മനാശത്തിന്റെ അദ്ധ്യായങ്ങളാണ് മാധ്യമ സംഭാവനകളായി നമ്മുടെ സമൂഹത്തിന് പലപ്പോഴും ലഭിക്കുന്നത്. ഈയടുത്ത കാലത്ത് ഒരു പ്രമുഖ പ്രസിദ്ധീകരണത്തിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ ഫോട്ടോ തെറ്റായി കാണിച്ചു അപമാനിച്ചതിന്റെപേരില്‍ 100 കോടി ക നഷ്ടപരിഹാരമായി വിധിച്ചിരുന്നു. കോടതി രജിസ്ട്രാര്‍ പ്രസ്തുത മാധ്യമത്തെ വിളിച്ചറിയിച്ചിട്ടും തെറ്റായ വാര്‍ത്ത തിരുത്താതെ പ്രസ്തുത വാര്‍ത്ത തുടര്‍ന്നും കാട്ടിയ ധിക്കാര സമീപനത്തിനേറ്റ തിരിച്ചടിയായിരുന്നു ഈ നഷ്ടപരിഹാരവിധി.
ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 19(1) അനുഛേദമനുസരിച്ച് സാധാരണ ജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സംസാര-പ്രചരണ സ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുള്ളൂ. മാധ്യമങ്ങള്‍ പ്രത്യേക അവകാശമുള്ള ഒരു വിഭാഗമാണെന്ന ധാരണ ശരിയല്ല. അമേരിക്കന്‍ ഭരണഘടനയില്‍ 19(1)(എ) വകുപ്പില്‍ ആദ്യ ഭരണഘടനാ ഭേദഗതിവഴി മാധ്യമങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം മൗലികാവകാശമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു വകുപ്പില്ല.
ഭരണഘടനാനിര്‍മ്മാണ സഭയില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശം എഴുതിചേര്ക്കണമെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്മാന് ഡോ: ബി.ആര് അംബേദ്കര്‍ സാധാരണ പൗരന് നല്കുന്ന സ്വാതന്ത്ര്യത്തിനപ്പുറം മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ശഠിക്കുകയാണുണ്ടായത്. 1948 ഡിസംബര്‍ 2-ാം തീയ്യതി അദ്ദേഹം ഇക്കാര്യത്തില്‍ നടത്തിയ അഭിപ്രായം ഇപ്പോഴും ശ്രദ്ധേയമാണ്. ഒരു വ്യക്തിയുടെ മാനത്തെ ഹനിക്കുന്ന വാര്‍ത്തകളും; സ്വകാര്യതകളിലേക്ക് കടന്നുകയറി ആക്രമിക്കുന്ന പ്രചരണവും; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന വാര്‍ത്തകളും നല്കാന് മാധ്യമങ്ങള്‍ക്ക് അവകാശമില്ല. പൊതു താല്പര്യവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. പക്ഷേ ഇപ്പോള്‍ ഇത്തരം നിബന്ധനകള്ക്കൊക്കെ അത് എഴുതിയ കടലാസ്സിന്റെ വിലപോലുമിവിടില്ല.
നമ്മുടെ ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന പ്രധാന സ്തംഭങ്ങളിലൊന്നായ “ഫോര്‍ത്ത് എസ്റ്റേറ്റിന്” സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനുപേക്ഷണീയമാണ്. എന്നാല്‍ മാധ്യമങ്ങളെ യഥേഷ്ടം മേയാന്‍ വിടുന്നതും നല്ലതല്ല. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടുകൂടി സാമൂഹ്യ പ്രതിബദ്ധത നിലനിര്‍ത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നല്ല സ്തംഭമായി മാധ്യമങ്ങളെ നിലനിര്‍ത്താന്‍വേണ്ട ചര്‍ച്ചയും സംവാദങ്ങളും ശുദ്ധീകരണ പ്രക്രിയകളും അത്യന്താപേക്ഷിതമാണ്. ‘ഫോര്‍ത്ത് എസ്റ്റേറ്റ’് വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനും തയ്യാറാവുകയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: