ഈയിടെ നരേന്ദ്രമോഡി ഗുജറാത്തിലെ ഏറ്റവും മിടുക്കരായ വ്യവസായ സംരംഭകരുമായി പരിവാരസമേതം ചൈനയിലേക്ക് പോയി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയുടെ അംഗീകാരമുള്ള ഒരു ചൈനീസ് സര്‍ക്കാര്‍ ക്ഷണപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പ്രസ്തുത പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈന സന്ദര്‍ശിച്ച മറ്റു രണ്ട് ഇന്ത്യന്‍ മുഖ്യമന്ത്രിമാര്‍ ബീഹാറിലെ നിതീഷ്കുമാറും ഹരിയാനയിലെ ഭൂപീന്ദര്‍ സിംഗ് ഹൂഡയുമാണ്.
എങ്കിലും സ്വന്തം സംസ്ഥാനത്ത് ചൈനയോട് കിടപിടിക്കുന്ന വളര്‍ച്ചാ തോതുണ്ടെന്ന് വീമ്പടിക്കുവാന്‍ ത്രാണിയുള്ളത് നരേന്ദ്രമോഡിക്ക് മാത്രം. 12 ശതമാനമാണ് ഗുജറാത്തിന്റെ വളര്‍ച്ചാ നിരക്ക്. എന്തിന്, എന്നും ആസന്നമരണാവസ്ഥയിലുള്ള കാര്ഷികമേഖലപോലും ഗുജറാത്തില്‍ പത്ത് ശതമാനം വളര്‍ച്ച ഓരോ വര്‍ഷവും കൈവരിക്കുന്നു. ഗുജറാത്തിന്റെ മൊത്തം ജനസംഖ്യയില്‍ 40 ശതമാനം നഗരങ്ങളിലാണ് വസിക്കുന്നത്. ഇത് ചൈനയുടെ ജനസംഖ്യാ ഭൂപടത്തിനോട് സാദൃശ്യമായിരിക്കുന്നു.
ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന നമ്മുടെ വിശ്വാസം ലംഘിക്കാന്‍ പാടില്ലാത്ത വിധം അതീവ പവിത്രമാകുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍, ഗുജറാത്ത് ഭാരതത്തിനും ഈ ലോകത്തിനും നല്കിയ ഏറ്റവും വിശിഷ്ട സമ്മാനമായ എം.കെ.ഗാന്ധിയാണ് മേല്‍പ്പറഞ്ഞ മഹത്തായ വാക്യം മൊഴിഞ്ഞത്. ഗാന്ധിയോളം തന്നെ മഹാനായിരുന്നു സര്‍ദാര്‍ വല്ലഭഭായ് പട്ടേലും.
ഈ രണ്ട് മഹാത്മാക്കളും രൂപംകൊണ്ട അതേ മൂശയില്‍ത്തന്നെ വാര്‍ത്തെടുക്കപ്പെട്ട മറ്റൊരു മഹാത്മാവായ നരേന്ദ്രമോഡിയെ ഇന്ന് ചൈനക്കാര്‍ ഇന്ത്യയുടെ ഡെംഗ് സിയാവോ പിംഗ് ആയി കാണുന്നു. എന്തുകൊണ്ടെന്നാല്‍ ദീര്‍ഘകാലം ദേശീയാധികാര വൃത്തത്തിന്റെ പരിധിക്കു വെളിയില്‍ നിന്നിരുന്ന ഡെംഗ്സിയാവോ പിംഗ് ഒരുനാള്‍ അതിന്റെ മധ്യത്തിലേക്ക് കടന്നു നില്‍ക്കുകയും ചൈനയെ ഒരു അതിവേഗ റോക്കേറ്റ്ന്നപോലെ, അതിഗംഭീര വികസനത്തിന്റെ ആകാശപഥത്തിലേക്ക് കത്തിച്ചു വിടുകയും ചെയ്തു. ചൈനയെ ഡെംഗ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി പരിവര്‍ത്തനം ചെയ്തു. ചൈന കൈവരിച്ച നേട്ടങ്ങള്‍ മോഡിയില്‍ മതിപ്പുണ്ടാക്കുന്നുവെങ്കിലും അതിനെ വാനരസദൃശം അനുകരിക്കുവാന്‍ അദ്ദേഹം തയ്യാറല്ല.
ചൈനയിലെ ബിസിനസ് അവസരങ്ങള്‍ മോഡിക്ക് നന്നേ ബോധിച്ചു. എന്നിരുന്നാലും, ഇന്ത്യക്ക് ഉപദ്രവം ചെയ്യാന്‍ പാക്കിസ്ഥാനെ ഇളക്കിവിടുന്നതില്നിന്നും പിന്തിരിയണമെന്ന് അദ്ദേഹം തന്റെ ആതിഥേയരോട് ആവശ്യപ്പെട്ടു. പാക്-അധിനിവേശ കാശ്മീരില്‍ ചൈനീസ് സാന്നിധ്യമുള്ളതിനെ മോഡി പരാമര്‍ശിച്ചു. ഇന്ത്യയുടെ അവിഭാജ്യപ്രദേശങ്ങളായ അരുണാചല്പ്രദേശിനേയും അക്സായി ചിന്നിനേയും മറ്റും ചൈനീസ് ഭൂപടങ്ങളില്‍ ചൈനീസ് വേലിക്കപ്പുറത്താക്കിയിരിക്കുന്നതില് അദ്ദേഹം പ്രതിഷേധിച്ചു.
ചൈനയുടെ ഇത്തരം അടിസ്ഥാനപരമായിത്തന്നെ പ്രകോപനപരമായ അംഗവിക്ഷേപങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക്, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെലികോം, ഊര്‍ജമേഖലകളില്‍, അത്യാകര്‍ഷകവും ആദായകരവുമായ ഇന്ത്യന്‍ കരാറുകള്‍ കിട്ടാന്‍ സഹായകരമായിരിക്കില്ല എന്ന് മോഡി ചൂണ്ടിക്കാണിച്ചു. അതായത്, സഹായമഭ്യര്‍ത്ഥിച്ചെത്തിയ ഒരു ദരിദ്ര ഇന്ത്യക്കാരന്റെ ഭാവഹാവാദികളോടെയല്ല നരേന്ദ്രമോഡി ചൈനയില്‍ ഭാഷണങ്ങള്‍ നടത്തിയത്. യാതൊരു പ്രതിഷേധവും പ്രകടിപ്പിക്കാതെ മോഡി പറഞ്ഞ പോയിന്റുകള്‍ ചൈനീസ് അധികാരികള്‍ കുറിച്ചെടുത്തുവെന്നത് ഗുജറാത്ത് മുഖ്യമന്ത്രിക്ക് ഇന്ന് അന്താരാഷ്ട്രതലത്തിലുള്ള നിലയും വിലയും വെളിവാക്കി.
നരേന്ദ്രഭായി ദാമോദര്‍ദാസ് മോഡിയെ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാവിപ്രധാനമന്ത്രിയായി ദര്‍ശിക്കാന്‍ ചൈനക്ക്, നരേന്ദ്രമോഡിയെ മാതിരി, ഒരു ശത്രു തെമ്മാടിക്കൂട്ടത്തിനെ നേരിടേണ്ടതില്ല. പ്രധാനമന്ത്രി പദത്തിലേക്കുള്ള മോഡിയുടെ നടത്തക്ക് കല്ലും മുള്ളുമായി ഭവിക്കുന്നത് ചില രാജ്യസ്നേഹശൂന്യകേന്ദ്രങ്ങള്, 2002 ലെ ഗോധ്രാനന്തര കലാപവേളയില്‍ അദ്ദേഹം ജനക്കൂട്ടത്തിന്റെ ക്രോധം ജ്വലിച്ചുയരാന്‍ കാരണക്കാരനായെന്നോ അല്ലെങ്കില്‍ അതിന് കൂട്ടുനിന്നുവെന്നോ സംഘടിതവും ദുഷ്ടവും അടിസ്ഥാനരഹിതവുമായ ആരോപണം ഉന്നയിക്കുന്നതാണ്. നിയമപരമായി ഈ ആരോപണം നിലനില്‍ക്കുന്നതല്ലെങ്കില്‍ കൂടി, മോഡിയെ അത്തരത്തില്‍ ചിത്രീകരിക്കുന്നത് പ്രസ്തുത ദേശവഞ്ചകന്മാരും വഞ്ചകികളും അനുസ്യൂതം തുടര്‍ന്നുവരികയാണ്.
ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍, ഈ രാജ്യം സ്വതന്ത്രമായത്, ഏതാണ്ട് അഞ്ചുലക്ഷം പേര് കൊല്ലപ്പെട്ട 1946 ലെയും 1947 ലെയും അതിഭീകരമായ വര്‍ഗീയകലാപങ്ങളുടെ പരിപ്രേക്ഷ്യത്തിലാണ് എന്നതാകുന്നു. എന്നാല്‍, ആ കൊടിയ ദുരന്തം വിഭജനത്തിന്റെ മുഖ്യ ഗുണഭോക്താക്കളായ മുഹമ്മദലി ജിന്നയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്റേയും രാഷ്ട്രീയ കരിയറുകളെ ദോഷകരമായി ബാധിക്കുകയുണ്ടായില്ല. വിഭജനത്തിന്റെ മൂന്നാം ഗുണഭോക്താവായ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ വര്‍ഷങ്ങള്‍ക്കുശേഷം ബോംബിനാല്‍ കഷണങ്ങളായി തെറിച്ചു മരിച്ചതിനു പിറകില്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയായിരുന്നു; ഹിന്ദുക്കളോ മുസ്ലീങ്ങളോ ആയിരുന്നില്ല.
സമീപകാല ചരിത്രത്തില്‍, അമൃത്സറിലെ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ ഇന്ദിരാഗാന്ധി നടത്തിയ കൂട്ടക്കുരുതി, അവര്‍ അതിന് ഇന്ത്യന്‍ പട്ടാളത്തേയും ടാങ്കുകളേയും ഉപയോഗപ്പെടുത്തിയത് എന്നിവയും നമ്മുടെ സ്മൃതിപഥത്തിലുണ്ട്. ക്ഷേത്രത്തിലെ ഇടുങ്ങിയ വഴിത്താരകളിലും മുറികളിലും തടാകങ്ങളിലും മട്ടുപ്പാവുകളിലും ആയിരത്തോളം ജീവനുകള്‍ പൊലിഞ്ഞു.
ഈശ്വരനിന്ദയും മതനിന്ദയും കൂടിക്കലര്‍ന്ന അശുദ്ധപ്പെടുത്തലാണ് ഇന്ദിരയുടെ കാര്‍മികത്വത്തില്‍ സിക്കുകാരുടെ പരമപവിത്ര ആരാധനാലയത്തില്‍ അരങ്ങു തകര്‍ത്തത്. അതിന്റെ പരിണതഫലം സിഖ് ഹൃദയത്തിലെ ഇന്നും ഉണങ്ങാത്ത വ്രണമാണ്. പിന്നീട്, അതിന്റെ ദുരന്തപര്യവസായിയായ തിരിച്ചടി: ഇന്ദിര സ്വന്തം വസതിയില്‍ വെടിയേറ്റ് മരിച്ചതും അതിനു പ്രതികാരമായി ആയിരക്കണക്കിന് സിക്കുകാര്‍ രാജ്യതലസ്ഥാനത്ത് കൂട്ടംകൂട്ടമായി കശാപ്പു ചെയ്യപ്പെട്ടതും. കോണ്‍ഗ്രസിന്റെ പ്രമുഖരായ അംഗങ്ങളാണ് നാലുദിവസം നീണ്ട ആ വംശഹത്യ സംഘടിപ്പിച്ചതെന്ന് ഇന്നുവരെയും കരുതപ്പെടുന്നു.
എന്നിട്ടും പുറത്തുനിന്നു പൂട്ടിയ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍ക്കുള്ളില്‍ 59 കര്‍സേവകരെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് മനഃപൂര്‍വമായി തീയിട്ടു കൊന്ന ഗോധ്രയിലെ ബീഭല്‍സ് സംഭവത്തെത്തുടര്‍ന്നുണ്ടായ അക്രമപരമ്പരയും ഒരൊറ്റയാള്‍പോലും കൊല്ലപ്പെട്ടാത്ത, അയോധ്യയിലെ ബാബ്റി പള്ളി തകര്‍ക്കലും ഈ രാഷ്ട്രത്തിലെ വര്‍ഗീയ അസഹിഷ്ണുതയുടെ മകുടോദാഹരണങ്ങളായി കൊണ്ടാടപ്പെടുന്നു.
വര്‍ഗീയമായ മുന്‍ നടപടികള്‍ കൊണ്ടും ഒരു വര്‍ഗീയ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായതിനാലും നരേന്ദ്രമോഡി ഇന്ത്യയിലെ പരമോന്നത അധികാരസ്ഥാനം വഹിക്കുവാന്‍ തീരെ യോഗ്യനല്ലെന്ന ‘മതേതരന്മാരുടെ’ അനിര്‍ഗളമായ വാദധോരണി നമ്മുടെ രാഷ്ട്രത്തിന്റെ സമഗ്രപുരോഗതിക്ക് വിഘാതമാവുകയാണ്.
നരേന്ദ്രമോഡിയുടെ പ്രാധാന്യവും അനിവാര്യതയും എന്തെന്നാല്‍, അദ്ദേഹം കൈവരിച്ചിട്ടുള്ള വികസന റെക്കോര്‍ഡ് ഒരു പാര്‍ട്ടിയിലെയും ഒരു നേതാവിനും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്. ഇനി മോഡിയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന വര്‍ഗീയത മുഖവിലയ്ക്കെടുത്താല്‍ തന്നെ, 1984 കൂട്ടക്കുരുതിയെ വൃക്ഷങ്ങളുമായി ബന്ധപ്പെട്ട ഉപമ പറഞ്ഞ് നിശ്ശങ്കം ന്യായീകരിച്ച് രാജീവ് ഗാന്ധിയടക്കമുള്ള ഇന്ത്യാ ചരിത്രത്തിലെ പ്രമുഖ രാഷട്രീയക്കാരെക്കാള് മോശക്കാരനാകുന്നില്ല നരേന്ദ്ര മോഡി.
രണ്ടുപ്രാവശ്യം മാവോ സേതൂംഗിനാല് വെട്ടിനിരത്തപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ് ഡെംഗ് സിയാവോ ചിംഗ്. പക്ഷെ, മാവോ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത ഹുവാ ഗുവോഫെംഗിനെ മലര്‍ത്തിയടിക്കാന്‍ ഡെംഗിന് കഴിഞ്ഞു. ചൈനയെ ഇന്ന് അതിന് ലോകത്തുള്ള പ്രാമുഖ്യത്തിലേക്ക് വാണംവിട്ടപോലെ ഉയര്‍ത്തിയത് ഡെംഗ് രണ്ടാംഘട്ട സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചാണ്. ഡെംഗിന് സദൃശമായ ശക്തിലീനമായിരിക്കുന്ന മഹാ സ്റ്റേറ്റ്സ്മാന് ആണ് നരേന്ദ്രമോഡി. ഇത് ചൈന മനസ്സിലാക്കിയിരിക്കുന്നു.
ഗൗതം മുഖര്‍ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: