കഴിഞ്ഞ വ്യാഴാഴ്ച ന്യൂദല്‍ഹിയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ സെന്ററില്‍ സാഹിത്യസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ എന്‍സിപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാറിനെ ഹര്വീന്ദര്സിംഗ് എന്ന യുവാവ് മുഖത്തടിച്ചു. അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള സിംഗിന്റെ നടപടിയായിരുന്നു ഇത്. അഹിംസയെന്ന പരമധര്മത്തെ ജീവിതവ്രതമാക്കിയ മഹാത്മജി സമ്പത്തിനും ധര്‍മത്തിനും വേണ്ടി, അക്രമികള്‍ക്കെതിരെ നിരായുധനായി പോരാടി വിജയം വരിച്ച നാട്ടിലാണ് അഴിമതിയുടെ പേരില്‍, കെടുകാര്യസ്ഥതക്ക് പേരുകേട്ട ഒരു മന്ത്രി താഡനം ഏറ്റുവാങ്ങുന്നതെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപചയത്തിന്റെ ഒരു നേര്‍ക്കാഴ്ചയായി കരുതാം. ഈ സംഭവത്തോടെ കുപ്രസിദ്ധിയുടെ നെറുകയിലെത്തിയ ശരത്ചന്ദ്ര ഗോവിന്ദ്റാവും പവാറിന്റെ ജീവിത്തിലേക്ക്.
മഹാരാഷ്ട്രയിലെ പൂനെയില്‍ 1940 ഡിസംബര്‍ 12നാണ് പവാര്‍ ഭൂജാതനായത്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പൂനയിലെ ബ്രഹാന്‍ മഹാരാഷ്ട്ര കോളേജ് ഓഫ് കൊമേഴ്സില്‍ കോളേജ് പഠനം നടത്തി. 1956ല്‍ ഗോവയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവാര നഗറില്‍ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചുകൊണ്ട് തന്റെ 16-ാമത്തെ വയസില്‍ രാഷ്ട്രീയ ഗോദയിലിറങ്ങി. 1967ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാരാഷ്ട്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് മുഖ്യമന്ത്രിയായി. ഈ പുരോഗമന ജനാധിപത്യമുന്നണിയെ 1980ല്‍ കേന്ദ്ര ഭരണത്തിലെത്തിയ ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു. 1984ല്‍ ലോക്സഭയിലേക്കും 1985ല്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടതോടെ ലോക്സഭാ അംഗത്വം രാജിവെച്ചു. മഹാരാഷ്ട്ര നിയമസഭയില്‍ ആകെയുള്ള 288 സീറ്റുകളില്‍ 54 സീറ്റ് ലഭിച്ച പവാറിന്റെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് നിയമസഭയില്‍ പ്രതിപക്ഷമായി.
1990ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ 288ല്‍ 141 സീറ്റ് നേടിയ മുന്നണി 12 സ്വതന്ത്ര എംഎല്‍എമാരുടെ സഹായത്തോടെ മന്ത്രിസഭ രൂപീകരിച്ചു. പവാറായിരുന്നു മുഖ്യമന്ത്രി. 1991 ല്‍ നരസിംഹറാവു സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായി. 1993 വരെ തുടര്‍ന്നു. 1993 മാര്‍ച്ച് ആറിന് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. ഈ അവസരത്തിലാണ് 1993ല്‍ മുംബൈ നഗരത്തെ മുള്‍മുനയില്‍നിര്‍ത്തിയ സ്ഫോടനപരമ്പരകള്‍ നടന്നത്. ബ്രഹത് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജി.ആര്.കൈമര്‍ പവാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതായും അഴിമതി നടത്തുന്നതായുമുള്ള ആരോപണങ്ങളുമായി രംഗത്തുവന്നു. തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ആരോപണങ്ങള്‍ പവാറിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു.
സാമൂഹ്യപ്രവര്‍ത്തകനായി പിന്നീട് ദേശീയ ശ്രദ്ധയാകര്‍ഷിച്ച അണ്ണാ ഹസാരെ അഴിമതിക്കാരായ 12 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സത്യഗ്രഹം ആരംഭിച്ചതും പവാര്‍ ഭരണത്തിന് വിനയായി. നാഗ്പൂരില്‍ ഗോവാരി വര്‍ഗത്തെ പട്ടികജാതിയിലുള്പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ ഒരു വന്‍ പ്രകടനത്തിനുനേരെ നടത്തിയ പോലീസ് വെടിവെപ്പില്‍ 114 പേര് കൊല്ലപ്പെട്ടു. ഇതിന്റെ പരിണതഫലമായി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാതിരുന്ന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി മധുകര്‍ റാവുവിന് രാജിവക്കേണ്ടി വന്നു. 1995 ല്‍ ശിവസേന ബിജെപി സഖ്യം അധികാരത്തിലെത്തിയതോടെ പവാര്‍ പ്രതിപക്ഷ നേതാവായി. 1997ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സീതാറാം കേസരിയുമായി മത്സരിച്ച് പരാജയപ്പെട്ടു. 12-ാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായി. 1999ല്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) രൂപീകരിച്ചു. 2004 മുതല്‍ കൃഷിമന്ത്രി, 2009 മെയ് 28 മുതല്‍ കൃഷി പൊതുവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. 2005 മുതല്‍ 2008വരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പ്രസിഡന്റ്, 2010 മുതല്‍ രണ്ടുവര്‍ഷത്തേക്ക് അന്തര്‍ദേശീയ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
തന്റെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ആരോപണങ്ങളുടെ ഒരു നിരതന്നെ പവാറിന് നേരിടേണ്ടി വന്നിട്ടുണ്ട്. 2007ല്‍ പവാര്‍ വകുപ്പ് മന്ത്രിയായിരിക്കെ ഫുഡ് കോര്പ്പറേഷന് ഗോതമ്പ് സംഭരണത്തിന് ടെണ്ടര്‍ ക്ഷണിച്ചെങ്കിലും അത് റദ്ദാക്കി. ടണ്ണിന് 263 ഡോളറിന് ഗോതമ്പ് നല്കാമെന്നതായിരുന്നു ലഭിച്ച ഏറ്റവും കുറഞ്ഞ കരാര്‍. ഇതിനിടെ സ്വകാര്യ വ്യവസായികള്‍ക്ക് കര്‍ഷകരില്‍നിന്ന് നേരിട്ട് ഗോതമ്പ് ശേഖരിക്കാന്‍ അനുവാദം നല്കി. രാജ്യത്തിനാവശ്യമായ ഗോതമ്പ് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാതെ വന്നപ്പോള്‍ കിന്റലിന് 320 മുതല്‍ 360 വരെ ഡോളറിന് ഗോതമ്പ് ഇറക്കുമതി ചെയ്തു. വ്യാപാരികള്‍ നേരത്തെ ടണ്ണിന് 900 രൂപയ്ക്ക് വാങ്ങിയ ഗോതമ്പ് 1300 രൂപയ്ക്ക് ഫുഡ്കോര്‍പ്പറേഷന്‍ വിറ്റു. ഇതിനെത്തുടര്‍ന്ന് വ്യാപാരികളെ അന്യായമായ ലാഭം നേടാന്‍ സഹായിച്ച പവാര്‍ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതുപോലെ പഞ്ചസാര, ഉള്ളി എന്നിവയ്ക്കും പവാര്‍ ഭരണത്തില്‍ വിലക്കയറ്റമുണ്ടായത് വിവാദമായി. ഒരു പൊതുതാല്പ്പര്യഹര്ജിയില് പവാറിന്റെയും മരുമക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് മഹാരാഷ്ട്ര കൃഷ്ണവാലി വികസനകോര്പ്പറേഷന് പ്രത്യേകം ഇളവുകള്‍ അനുവദിച്ചതായി ബോംബെ ഹൈക്കോടതി കണ്ടെത്തി. പവാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 141.15 ഏക്കര്‍ വീതം വരുന്ന രണ്ട് സ്ഥലങ്ങള്‍ അനുവദിച്ചു, ലവാസ കോര്പ്പറേഷന് 32.12 ഏക്കര്‍ സ്ഥലം അനുവദിച്ചു, ശിവജിനഗര്‍ കാര്‍ഷിക കോളേജിന് ഒരേക്കര്‍ സ്ഥലം നല്കി, ശരത്ചന്ദ്രജി സ്കൗട്ട്സ് ആന്റ് ഗൈഡ്സിന് മൂന്നേക്കര്‍ സ്ഥലം കൊടുത്തു എന്നിവ കോടതി മുമ്പാകെ എത്തുകയുണ്ടായി. ഈ സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ വ്യാജ സ്റ്റാമ്പ് പേപ്പര്‍ അച്ചടിച്ചതിന് പിടിയിലായ അബ്ദുള്‍ കരീം തെല്ഹി ഇതിന്റെ പുറകില്‍ പവാറിന്റെ ബുദ്ധിയാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലോക്പാല്‍ കരട് നിര്‍മാണ സര്‍ക്കാര്‍ കമ്മറ്റിയില്‍നിന്ന് പവാറിനെ നീക്കം ചെയ്യണമെന്ന ഹസാരെ ടീമിന്റെ ആവശ്യവും എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന പവാറിന്റെ പ്രഖ്യാപനവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു.
ധനസമ്പാദനത്തിള്ള മാര്‍ഗമായി രാജനൈതികരംഗത്തെ അധപ്പതിപ്പിച്ചവരുടെ പ്രതിനിധിയായി പവാറിനെ കണക്കാക്കാം. പാര്‍ട്ടി അദ്ദേഹത്തിന് അധികാരത്തിനും ധനാഗമത്തിനുമുള്ള കേവലം ഉപകരണമായതിനാല്‍ തനിക്ക് ലാഭമുണ്ടാക്കാമെന്ന ഘട്ടത്തില്‍ പഴയത് ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കാന്‍ ഒരാദര്‍ശവും അദ്ദേഹത്തിന് തടസമായില്ല. പവാറിന്റെ രാഷ്ട്രീയ ജീവിതത്തെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് അതിലെ വ്യാപാരി, വ്യവസായി ലോബികളുടെ നിര്‍ണായക സ്വാധീനം ഒരു ഞെട്ടലോടെ മനസ്സിലാക്കാനാവും. അന്താരാഷ്ട്ര തലത്തില്‍തന്നെ കുത്തകകള്‍ക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ അഴിമതിക്കെതിരെ തരംഗങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍ ഇദ്ദേഹം ജനങ്ങള്‍ക്ക് അനിവാര്യനാണോ എന്ന ചിന്ത രാജ്യത്തെ പൗരന്മാര്ക്ക് വിടുന്നു.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: