പ്രപഞ്ച വൈഭവത്തിന് മുന്നില്‍ വിനയാന്വീതനായി ആത്മസമര്‍പ്പണം ചെയ്ത് ജീവിക്കുന്നതിനെയാണ് നതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദുര്‍ബലന്റെ ചാപല്യത്തെ നതി എന്നു വിളിക്കില്ല. ഇന്ന് നാം കൊണ്ടുനടക്കുന്ന ഈശ്വരഭക്തിയും ക്ഷേത്രവിശ്വാസവുമെല്ലാം ആഴത്തില്‍ ചിന്തിച്ചാല്‍ നമ്മുടെ ദുര്‍ബലതയുടെ ലക്ഷണമാണെന്ന് കാണാന്‍ കഴിയും. ദൈവം കോപിക്കുമോ എന്നുകരുതി ക്ഷേത്രത്തില്‍ പോകുന്നവരാണ് നാം. ഈശ്വരന് സര്‍വ ചരാചരങ്ങളിലും അന്തര്‍ലീനമായിക്കിടക്കുന്ന ശക്തിവിശേഷമാണെന്ന് നാം ചിന്തിക്കുന്നില്ല. ഈശ്വരന് അമ്പലത്തിലെ വിഗ്രഹത്തിനുള്ളില്‍ മാത്രം ഇരിക്കുന്നവനല്ല. അവന് ഏറ്റവും അടുത്ത് നമ്മുടെ ഹൃദയമാകുന്ന മന്ദിരത്തില്‍ വസിക്കുന്നവനാണ്. വിഗ്രഹത്തില്‍ ഈശ്വനെ കാണുന്നവര്‍ ക്ഷേത്രം വിട്ടിറങ്ങിയാല്‍ അവനെ മറന്നു.
സ്വന്തം ഹൃദയപത്മത്തില്‍ നിത്യസത്യമായി വിളങ്ങുന്ന അവന്റെ വൈഭവങ്ങളെ, മഹിമകളെ നാം തിരിഞ്ഞുനോക്കുന്നില്ല. തന്റെ ഉള്ളില്‍ ഈശ്വരനെ കാണാന്‍ കഴിയുന്നവര്‍ക്ക് സര്‍വചരാചരങ്ങളിലും അവന് തന്നെയാണ് വാണരുളുന്നതെന്ന് കാണാന്‍ സാധിക്കും. ‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന് ഋഷികള്‍ പ്രഖ്യാപിച്ചത് ഈ സത്യത്തെ ദര്‍ശിച്ചുകൊണ്ടാണ്. നിത്യസത്യമായ ആ പ്രപഞ്ച സാന്നിധ്യത്തിന് മുന്നില്‍, അനാദിയായ പ്രപഞ്ചഗതിക്കുമുന്നില് നാം എന്തുചെയ്യണം? അവനെ സ്മരിക്കുക. വിനയാന്വിതനായി അവനെ നമസ്കരിക്കുക; അവന്റെ ധര്‍മ്മങ്ങളിലൂടെ ജീവിക്കുക; അത്രമാത്രം.
വിനയമില്ലെങ്കില്‍ പിന്നെ നാം അഹങ്കാരികളായിത്തീരും. അപാരമായ തപശഃക്തി ആര്‍ജ്ജിച്ച അസുരന്മാര് നശിച്ചത് അഹങ്കാരം കൊണ്ടാണെന്ന് നമുക്കറിയാം. അഹങ്കാരം നാശകാരണമായിത്തീരും. എന്നാല്‍ വിനയം നമ്മുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്നു. എല്ലാറ്റിനും ഈശ്വരീയതയെ ദര്‍ശിക്കുന്നവര്‍ക്ക് വിനയം സ്വാഭാവികമായി വന്നുചേരും. ഒരു ധീരാത്മാവിന് മാത്രമേ അതിന് കഴിയൂ. അത് ഒരിക്കലും മനസ്സിന്റെ ദുര്‍ബലതയല്ല. വിശ്വം തന്നെ വിനയത്തില്‍ അടക്കമാണ്; അത്രയ്ക്കും മഹിമയുണ്ട് ഈ ഗുണത്തിന്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: