അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഒരു പൊതുപരിപാടിയില്‍വെച്ച് കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ കരണത്ത് ഒരു യുവാവ് അടിച്ചു. ഇപ്പോള്‍ അഴിമതിക്ക് ജയിലിലായിരിക്കുന്ന സുഖ്റാമിന്റെ കരണത്തടിച്ച ആള്‍തന്നെയാണ് പവാറിന്റെയും കരണത്തടിച്ചത്. അഴിമതിക്കാരനാണെന്നാരോപിച്ചാണ് ഹര്‍വിന്ദര്‍ സിംഗ് എന്ന സിഖ് യുവാവ് ഇതുചെയ്തത്. രാജ്യത്ത്, പ്രത്യേകിച്ച് കേന്ദ്രത്തില്‍ അരങ്ങേറുന്ന കൊടും അഴിമതിക്കെതിരെ അണ്ണാ ഹസാരെ സമരം ഉണര്‍ത്തിയ കാഹളത്തിന്റെ പ്രതിധ്വനി കെട്ടടങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് സംഭവം. സംഭവം കേട്ട ഹസാരെ “ഒരടി മാത്രമേ കിട്ടിയുള്ളോ” എന്ന് ചോദിച്ചതും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഗാന്ധിമാര്‍ഗം പിന്തുടരുന്ന ഹസാരെയുടെ ചോദ്യം ആണ് ചിലരെ ഞെട്ടിച്ചത്. പക്ഷെ ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ജനരോഷം തടയാന്‍ ഉചിതമായ നടപടി എടുക്കണമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യവിലക്കയറ്റവും നാണ്യപ്പെരുപ്പവും കുറയാത്തതില്‍ ജനങ്ങള്‍ ക്ഷുഭിതരാണ്.
ശരത് പവാര്‍ ചൂണ്ടിക്കാണിച്ച പോലെ സുരക്ഷാക്രമീകരണങ്ങളുടെ പോരായ്മയും ഈ ആക്രമണത്തില്‍ പ്രതിഫലിക്കുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള പവാറിനെ ആക്രമിക്കാന്‍ സിംഗിന്റെ കയ്യില്‍ കൃപാണും ഉണ്ടായിരുന്നു. സുരക്ഷാ കവചങ്ങളുടെ പാളിച്ചയിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. നേതാക്കള്‍ ജനരോഷത്തിന് പാത്രീഭൂതരാകാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബുഷിന് നേരെയും ഇന്ത്യന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനുനേരെയും ഷൂ എറിയപ്പെട്ടിരുന്നല്ലോ. ശരത് പവാറിന് നേരെയുണ്ടായ ആക്രമണം ദേശവ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. അക്രമി പത്രപ്രവര്ത്തകനാണെന്നത്രെ പവാര്‍ ആദ്യം ധരിച്ചത്. അക്രമിയുടെ നടപടി അത്യന്തം അപലപനീയമാണെന്ന് പറയുമ്പോള്‍തന്നെ അയാളില്‍ ഈ പ്രതികരണം ഉണര്‍ത്തിവിട്ട വികാരം ഇന്ന് രാജ്യവ്യാപകമാണെന്നും അഴിമതി ഇനിയും പൊറുക്കപ്പെടില്ലെന്നുമുള്ള സന്ദേശം കൂടി ഇതില്‍ ഉള്‍ക്കൊള്ളുന്നില്ലേ? പക്ഷെ അക്രമം അല്ല പരിഹാരം, ക്രിയാത്മകമായ പ്രതികരണമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: