ന്യൂദല്‍ഹി: അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനെ പൊതുപരിപാടിയില്‍വെച്ച് യുവാവ് കരണത്തടിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലെ സ്റ്റേഡിയത്തില്‍ ഒരു സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപ്രതീക്ഷിതമായി മന്ത്രി ആക്രമിക്കപ്പെട്ടത്. ഹര്‍വീന്ദര്‍ സിംഗ് എന്നയാളാണ് ആക്രമിച്ചത്. ഇയാളുടെ അടിയേറ്റ് 71കാരനായ പവാര്‍ പതറിപ്പോയെങ്കിലും സമനില വീണ്ടെടുത്ത് ഓഡിറ്റോറിയത്തിന് പുറത്തെ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.
പവാറിന്റെ കരണത്ത് ശക്തിയായി അടിച്ചശേഷം അയാള്‍ അഴിമതിക്കാരനാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന സിംഗിനെ സ്വകാര്യ സുരക്ഷാ ഭടന്മാര് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ ചില ഉദ്യോഗസ്ഥര്‍ ആ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.
മന്ത്രിയെ അടിക്കാനുറച്ചുതന്നെയാണ് താന്‍ വന്നതെന്ന് പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സിംഗ് പറഞ്ഞു. അവരെല്ലാം അഴിമതിക്കാരാണെന്ന് കാവല്‍ക്കാരും പോലീസുകാരും ചേര്‍ന്ന് സംഭവസ്ഥലത്തുനിന്ന് നീക്കുന്നതിനിടെ അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇന്ന് ഗുരുതേജ് ബഹാദൂറിന്റെ ജന്മദിനമായിപ്പോയെന്നും അല്ലെങ്കില്‍ കാണാമായിരുന്നുവെന്നും ചെറിയ കൃപാണ്‍ ഉയര്‍ത്തി യുവാവ് ഭീഷണി മുഴക്കി.
തനിക്കെതിരെ നടന്നത് വൃത്തികെട്ട സംഭവമാണെന്ന് പിന്നീട് മന്ത്രി പവാര്‍ അഭിപ്രായപ്പെട്ടു. അക്രമിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ പോലീസിന്റെ പണിയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ആക്രമിക്കാനെത്തിയയാള് വാര്‍ത്താലേഖകര്‍ക്കിടയില്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നുവെന്നും സുരക്ഷയിലുണ്ടായ കുറവ് അയാള്‍ മുതലെടുക്കുകയായിരുന്നുവെന്നും പവാര്‍ പറഞ്ഞു. സംഭവത്തിനുശേഷം പവാറിനോട് സംസാരിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആക്രമണത്തെ അപലപിച്ചു. സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും കുറ്റപ്പെടുത്തി. സംഭവത്തെ അപലപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുള്ള അഴിമതിയും വിലക്കയറ്റവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി ബിജെപിയെ കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ ജനങ്ങള്‍ അക്രമാസക്തരായേക്കാമെന്ന ബിജെപിയുടെ പ്രസ്താവനയാണ് മന്ത്രി ആക്രമിക്കപ്പെടാന്‍ കാരണമെന്ന് ആല്‍വി അവകാശപ്പെട്ടു. അതേസമയം സംഭവത്തെ ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് അപലപിച്ചു. അക്രമിയെ ശിക്ഷിക്കണമെന്ന് പറഞ്ഞ അദ്ദേഹം അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. വിലവര്‍ധനയെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗും ആവശ്യപ്പെട്ടു.
പവാറിനെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച അണ്ണാ ഹസാരെ ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് അഭിപ്രായപ്പെട്ടു. ജനരോഷം തടയാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് ഉണ്ടാവുന്നുവെന്ന് പരിശോധിക്കണമെന്ന് ഹസാരെ സംഘത്തിലെ കിരണ്‍ബേദി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ബിജെപി നേതാവും എംപിയുമായ ജസ്വന്ത്സിംഗ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: