ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിന്റെ കാര്‍ഷികനയം മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. തെറ്റായ കാര്‍ഷികനയമാണ് കര്‍ഷക ആത്മഹത്യകള്ക്കിടയാക്കിയത്. കര്‍ഷകര്‍ക്ക് അനുകൂലമായ രീതിയില്‍ കാര്‍ഷിക നയങ്ങള്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം നടത്തിയ കണ്വെന്ഷന് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ അതേപോലെ പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതാണ് കാര്‍ഷിക ചെലവ് വര്‍ധിക്കാനിടയാക്കിയത്. മുന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. അതുകൊണ്ടാണ് അഞ്ച് വര്‍ഷക്കാലം കര്‍ഷക ആത്മഹത്യ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ രക്ഷയ്ക്കായി കുട്ടനാട് കാര്‍ഷിക പാക്കേജ് മാത്രം ആശ്രയിക്കരുത്. കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം രാജ്യത്തൊട്ടാകെ നടപ്പാക്കണം. ആഗോളവല്‍ക്കരണത്തിനെതിരെ ബദല്‍ സൃഷ്ടിച്ച് കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: