ലോസ്ഏഞ്ചല്‍സ്: പോപ്പ് ഇതിഹാസ ഗായകന് മൈക്കിള്‍ ജാക്സന്റെ മരണത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ അദ്ദേഹത്തിന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറെയ്ക്ക് നാലുവര്‍ഷം തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍. ജാക്സന്റെ മരണത്തില്‍ മുറെയ്ക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും മുറെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
ഡോ. മുറെയുടെ അഭിമുഖ സംഭാഷണങ്ങളടങ്ങിയ ഡിവിഡി പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ മുറെ കുറ്റക്കാരനാണെന്ന് ഈ മാസം ഏഴിന് ലോസ്ഏഞ്ചല്‍സ് കോടതി കണ്ടെത്തിയിരുന്നു. അന്നുമുതല്‍ ഇയാള്‍ തടവില്‍ കഴിയുകയാണ്. ജാക്സണ് ഉറങ്ങാനായി ശസ്ത്രക്രിയാ വേളയില്‍ മയക്കാന്‍ ഉപയോഗിക്കുന്ന പ്രോപ്പഫോള്‍ എന്ന മരുന്ന് അമിതമായി നല്‍കിയെന്നും അദ്ദേഹത്തെ ഉത്തരവാദിത്വപൂര്‍വം നിരീക്ഷിച്ചില്ലെന്നും എമര്‍ജന്‍സി വിഭാഗത്തെ ഉടന്‍ അറിയിച്ചില്ലെന്നും ആശുപത്രിയിലെത്തിയപ്പോള്‍ ഉറക്കമരുന്ന് നല്കിയ കാര്യം പറഞ്ഞില്ലെന്നുമായിരുന്നു കോണ്‍റാഡ് മുറെയ്ക്കെതിരെ ചുമത്തിയ കുറ്റം. ആറാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കുശേഷമാണ് മുറെ കുറക്കാരനാണെന്ന് കോടതി പ്രസ്താവിച്ചത്. 50 വയസ്സുള്ള ജാക്സണ് 2009 ജൂണ്‍ 23നാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: