ന്യൂദല്‍ഹി: വിലക്കയറ്റം, കള്ളപ്പണം എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം ദിവസവും അലങ്കോലപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ദയനീയമായി പരാജയപ്പെട്ടു. പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള ആവശ്യം ഉന്നയിച്ച ടിആര്‍എസ് അംഗങ്ങളും രംഗത്തെത്തിയതോടെ ലോക്സഭയും രാജ്യസഭയും ബഹളത്തില്‍ മുങ്ങി. ഇരുസഭകളിലും യാതൊരു നടപടിയും നടന്നില്ല.
പ്രതിപക്ഷത്തിന് പുറമെ ഭരണകക്ഷിയില്പ്പെടുന്ന ഡിഎംകെയും എന്‍സിപിയും പ്രതിഷേധമുയര്‍ത്തിയതോടെ സര്‍ക്കാര്‍ ഒറ്റപ്പെട്ടു. അണക്കെട്ടിന്റെ തകര്‍ച്ചയെക്കുറിച്ച് പറയുന്ന ‘ഡാം 999’ എന്ന സിനിമ ജനങ്ങളില്‍ ഭീതിപരത്തുന്നുവെന്ന് പറഞ്ഞാണ് ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. ഉള്ളി കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതാണ് എന്‍സിപി അംഗങ്ങളെ ചൊടിപ്പിച്ചത്. സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുമായാണ് എന്‍സിപി അംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ ഇരു സഭകളും ചേര്‍ന്നയുടന്‍ തന്നെ ഉച്ചവരെ നീട്ടിവെച്ചു.
കള്ളപ്പണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് ബിജെപി അംഗങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സഭ സുഗമമായി നടത്താന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിന് യാതൊരു ഫലവുമുണ്ടായില്ലെന്ന് സഭയില്‍ ഇന്നലെ ഉയര്‍ന്ന പ്രതിഷേധം സാക്ഷ്യം വഹിച്ചു. 2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും പാഴായിപ്പോയിരുന്നു. പിന്നീട് പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംയുക്തസഭാ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
വിലക്കയറ്റം, കള്ളപ്പണം, കരാര്‍ തൊഴിലാളികളുടെ പ്രശ്നം എന്നിവ ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ തൊഴില്‍ നയത്തെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ബിജെപി അംഗങ്ങളായ പ്രകാശ് ജാവ്ദേക്കറും രുദ്രനാരായണ് പാണിയും ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. കരാര്‍ തൊഴിലിന്റെ പേരില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പിഎഫും ഇഎസ്ഐയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുകയാണ് സര്‍ക്കാരെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഈ ആവശ്യത്തെ പിന്തുണച്ച് ഇടത് അംഗങ്ങളും ബിഎസ്പി അംഗങ്ങളും സമാജ്വാദി അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി.
എന്‍ഡിഎയുടെ ബഹിഷ്കരണ ഭീഷണി നേരിടുന്ന ആഭ്യന്തരമന്ത്രി പി. ചിദംബരം സഭയിലുണ്ടായിരുന്നെങ്കിലും ആരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. കഴിഞ്ഞ ദിവസം ലോക്സഭയിലും ചിദംബരത്തെ മിണ്ടാന്‍ അനുവദിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: