ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് പത്ത് ലക്ഷം തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനം കണ്ട ഏറ്റവുംവലിയ തൊഴിലാളി പ്രതിഷേധത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. അടുത്ത വര്‍ഷം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്ക് നടത്തുമെന്ന് ജന്തര്‍മന്തറില്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് ബിഎംഎസ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ബി.എന്‍.റായ് പ്രഖ്യാപിച്ചു. മറ്റു തൊഴിലാളി സംഘടനകളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും അവരുമായി കൂടിയാലോചിച്ച് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്നും റായ് പറഞ്ഞു.
പെന്ഷന് മേഖലയില്‍ വിദേശ നിക്ഷേപം ഒരു കാരണവശാലും അനുവദിക്കരുതെന്നും കരാര്‍ തൊഴിലാളികളെ ഉടന്‍ സ്ഥിരപ്പെടുത്തണമെന്നും പൊതുസമ്മേളനത്തില്‍ ബിഎംഎസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍ ആവശ്യപ്പെട്ടു. പിഎഫില്‍ നിന്നുള്ള ചുരുങ്ങിയ പ്രതിമാസ പെന്ഷന് 3000 രൂപയാക്കുക,ആംഗന്‍വാടി-ആശാ വര്‍ക്കര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കുക,നിയമന നിരോധനം നീക്കുക,ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാതിരിക്കുക എന്നീ ആവശ്യങ്ങളും ബിഎംഎസ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.
കേരളത്തില്‍നിന്നും സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.എം.പി.ഭാര്ഗ്ഗവന്,ജനറല്‍ സെക്രട്ടറി കെ.കെ.വിജയകുമാര്‍,അഖിലേന്ത്യാ സമിതി അംഗം പി.ടി.റാവു,എം.പി.ചന്ദ്രശേഖരന്,എം.പി.രാജീവന്,പി.എന്‍.ഹരികൃഷ്ണകുമാര്‍,വി.രാധാകൃഷ്ണന്,കെ.ഗംഗാധരന്,എം.എസ്.കരുണാകരന്,ടി.വി.ശങ്കരനരായണന്‍,പി.ശശിധരന്,എ.എന്‍.പങ്കജാക്ഷന്,എന്‍.കെ.മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിനെത്തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ.സജിനാരായണന്‍,ജനറല്‍ സെക്രട്ടറി ബി.എന്‍.റായ് എന്നിവര്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. സമാനതകളില്ലാത്ത തൊഴിലാളീരോഷത്തിനാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ തൊഴിലാളി വിഭാഗം മുഴുവന്‍ അസ്വസ്ഥരാണെന്ന സൂചനകളാണ് തലസ്ഥാനത്തു നടക്കുന്ന പ്രക്ഷോഭങ്ങള്‍ നല്‍കുന്നത്. നവംബര്‍ എട്ടിന് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചും രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെ ബിഎംഎസിന്റെ നേതൃത്വത്തില്‍ നടന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രതിഷേധ സമരം ശക്തമായ സന്ദേശമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: