തിരുവനന്തപുരം: വയനാട്ടിലടക്കം സംസ്ഥാനത്ത് അടുത്ത കാലത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി. വയനാട്ടിലെ കര്‍ഷക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലു മാസത്തിനിടെ ആകെ എട്ടു കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ നാലുപേര്‍ വയനാട് ജില്ലയിലുള്ളവരാണ്. വയനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയതിനാല്‍ വയനാട് ജില്ലയെ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കും. വയനാട്ടിലെ ബാങ്കുകള്‍ നല്കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തുടര്‍ന്ന് വായ്പകള്‍ പുനഃക്രമീകരിക്കും. അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടക്കാല വായ്പകള്‍ മധ്യകാല വായ്പകളാക്കിയും മധ്യകാല വായ്പകളെ ദീര്‍ഘകാല വായ്പകളാക്കിയും പുനഃക്രമീകരിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പിഴപ്പലിശയില്‍ ഇളവു നല്കുന്ന കാര്യം പരിഗണിക്കാമെന്ന് ബാങ്കുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വായ്പയെടുത്ത കര്ഷകന് മരിച്ചാല്‍ ആ വായ്പയുടെ പലിശബാധ്യത എഴുതിത്തള്ളാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കണം. കൂടാതെ പുതുതായി വായ്പകള്‍ നല്‍കുന്നതിന് ഉദാരസമീപനം സ്വീകരിക്കാനും ബാങ്കുകള്‍ തയ്യാറായിട്ടുണ്ട്. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ വിപുലമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബാങ്കുകള്‍ക്ക് പരിമിതിയുണ്ട്. വേണ്ട സമയത്ത് വായ്പ ലഭിക്കുന്നില്ലെന്ന പരാതികള്‍ പരിഹരിക്കും. വായ്പാ തുക കൂട്ടേണ്ടത് ശാസ്ത്രീയ പഠനത്തിനു ശേഷം തീരുമാനിക്കും. കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: