ട്രിപ്പൊളി: ലിബിയയുടെ ഇടക്കാല പ്രധാനമന്ത്രി അബ്ദുള്‍ റഹിം അല്‍ കീബ് തന്റെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു. ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതും അടുത്ത ജൂണില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തുന്നതുമാണ് ഇടക്കാല സര്‍ക്കാരിന്റെ ദൗത്യം.
പ്രാദേശികമായുള്ള അസ്വാരസ്യങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ടാണ് മന്ത്രിമാരെ നിശ്ചയിച്ചിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പിടികൂടപ്പെട്ട മുന്‍ ഭരണാധികാരി മുവമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സയിഫ് അല്‍ ഇസ്സാറിനെ ലിബിയയില്‍ തന്നെ വിചാരണ ചെയ്യാമെന്ന് അന്തര്‍ദേശീയ ക്രിമിനല്‍ കോടതി സമ്മതിച്ചു.
യുദ്ധകാലത്തെ കുറ്റങ്ങള്‍ക്കാണ് അന്തര്‍ദേശീയ കോടതി സയിഫിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ തുനിയുന്നത്. ഇയാള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമ്പോള്‍ ലിബിയയിലെ ക്രമസമാധാന പാലനം ആകെ അവതാളത്തിലായിരുന്നുവെന്നും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായതിനെത്തുടര്‍ന്നാണ് ഇവിടെ വിചാരണ നടത്തുന്നതെന്നും അന്തര്‍ദേശീയ കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടര്‍ ലൂയിസ് മോറിനോ ഒക്കാംപോ അറിയിച്ചു. ലിബിയയില്‍ നടക്കുന്ന വിചാരണ വേളയില്‍ അന്തര്‍ദേശീയ കോടതിയുടെ സഹായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസമാണ് ദേശീയ പരിവര്‍ത്തന സമിതി ലിബിയയിലെ താല്‍ക്കാലിക പ്രധാനമന്ത്രിയായി അബ്ദു റഹ്മാന്‍ അല്‍കൈബിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 20ന് സിര്‍ത്തെയില്‍ കൊല്ലപ്പെട്ട ഗദ്ദാഫിയെ എതിര്‍ക്കുന്ന കക്ഷികളുടെ കൂട്ടായ്മയാണ് ദേശീയ പരിവര്‍ത്തന സമിതി. സിന്‍ടാന്‍ നഗരത്തിലെ പട്ടാള കമാന്‍ഡറായിരുന്ന ഒസാമ അല്‍ ജവാലിയാണ് പ്രതിരോധമന്ത്രി. ഗദ്ദാഫിയെ പിടികൂടിയ വിമതരുടെ നേതാവ് ഫൗസി അബദ് ലാല്‍ ആഭ്യന്തരമന്ത്രിയായി.
ഇറ്റാലിയന്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥനായിരുന്ന അബ്ദു റഹിം ബിന്‍ യാസയാണ് എണ്ണവാതക മന്ത്രി. അഷദര്‍ ബിന്‍ ഖകാലാണ് വിദേശകാര്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: