മലയാളി അല്ലാത്തവരെ അപരിഷ്കൃതരെന്ന് മുദ്ര ചാര്‍ത്തി സ്വയം പ്രഖ്യാപിക്കുന്ന ബൗദ്ധിക ഔന്നത്യം പൊള്ളയാണെന്ന് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോളീകരണത്തിന്റെ ഉപോത്പന്നമായ വെട്ടിപ്പിടിക്കലും കച്ചവടതല്‍പ്പരതയും ഒരു ശരാശരി മലയാളിക്ക് സമ്മാനിക്കുന്നത് വാസ്തവത്തില്‍ ദുര്യോധനാദികള്‍ നേരിട്ട സ്ഥലജല വിഭ്രമമാണ്. മഹത്തായ ഒരു സംസ്കൃതിയുടെ പിന്‍ഗാമികളാണെന്ന തിരിച്ചറിവ് നമുക്ക് അറിഞ്ഞോ അറിയാതെയോ കൈമോശം വന്നിരിക്കുന്നു.
വാക്കുകള്‍ അളന്നുപയോഗിക്കണമെന്ന് വിവരമുള്ളവര്‍ പറയാറുണ്ട്. പൊതുസമൂഹത്തെ നേര്‍ദിശയില്‍ നയിക്കാന്‍ നിയുക്തരായ ചില രാഷ്ട്രീയ-മന്ത്രിതലങ്ങളിലുള്ളവരാണ് ഇന്ന് കൂടുതലായും ഈ പഴമൊഴിയെ തിരസ്ക്കരിക്കുന്നത്. പൊതുവഴിയില്‍ പൊതുയോഗം നടത്തരുതെന്ന ദിശാബോധമുള്ള ഒരുകോടതി വിധിയെ ‘ശുംഭന്’ എന്ന് അധിക്ഷേപിച്ച ജയരാജന് ജയിലിലായപ്പോഴാണ് പലര്‍ക്കും ഒരു നാക്കുപിഴയുടെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലായത്. സാധാരണ ഗതിയില്‍ ഇതിലുമപ്പുറവും പറഞ്ഞ് തടിയൂരാന്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള നേതാക്കള്‍ ജയരാജന് കത്രികപ്പൂട്ടില് കുടുങ്ങിയപ്പോഴുണ്ടായ ഞെട്ടലില്‍നിന്ന് ഇപ്പോഴും മുക്തി നേടിയിട്ടില്ല.
പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതാണ് പൗരുഷത്തിന്റെ ഒരു ലക്ഷണം. കോടതി ക്ലിപ്പിടുമെന്ന് ഉറപ്പായപ്പോള്‍ ശുംഭന് എന്നത് പ്രശോഭിക്കുന്നവനാണ് സല്‍മാന്‍ഖാനാണ് എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഫലം കണ്ടില്ല. ഇത് ഒരു ഗുണപാഠമാണ്. അധികാരഗര്‍വില്‍ മത്തുപിടിച്ച് പ്രതിയോഗികളുടെ നെഞ്ചില്‍ കയറി നൃത്തം ചെയ്യുന്ന വ്യവസ്ഥാപിത രാഷ്ട്രീയക്കാരനുള്ള ചൂരല്‍ കഷായം കൂടിയാണ് ഈ ഹൈക്കോടതിവിധിയിലൂടെ കൈവന്നത്.
അല്‍പ്പമെങ്കിലും നേരിന്റെ അംശം ബാക്കി നില്ക്കുന്ന കമ്മ്യൂണിസ്റ്റ് വംശാവലിയിലെ വിഎസിനെക്കുറിച്ച് ‘കാമഭ്രാന്തന്‍’, ‘ഞരമ്പുരോഗി’ എന്നിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ നീതിബോധത്തിന്റെ ഉറവ വറ്റാത്തവരില്നിന്ന് കടുത്ത വിമര്‍ശനവും പ്രതിഷേധവുമുണ്ടായി. കരുതിക്കൂട്ടി അസഭ്യം പറഞ്ഞിട്ട് പിറ്റേന്ന് അബദ്ധം പറ്റിയെന്നും പറഞ്ഞ് മാപ്പു പറയുന്നതിലെ രസതന്ത്രം പരിശോധിക്കാതെ കൈകഴുകുകയായിരുന്നു മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും. അടുത്ത ഊഴം പി.സി.ജോര്‍ജ് എന്ന പത്തരമാറ്റ് ‘മതേതര’ക്കാരന്റേതായിരുന്നു. നിയമസഭയില്‍വെച്ച് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ച ടി.വി.രാജേഷിന്റെ കരവിരുതിനെ ലൈവായി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ ലോകത്തുനിന്നുവരുന്ന വിശേഷണങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കാരണം പൊതുസമൂഹത്തെ പൂര്‍ണമായും സ്വാധീനിക്കാനുള്ള ‘കഴിവ്’ ഈ മേഖലയ്ക്കുണ്ട്. കൂതറപാട്ടുകളുടെ പ്രയോക്താവായ സന്തോഷ് പണ്ഡിറ്റ്(?) എന്ന യുവരോമാഞ്ചം പുത്തന്‍ ഭാഷാ നൃത്തശൈലിയുടെ അപ്പക്കഷണം നമ്മുടെ പ്രേക്ഷകര്‍ക്കുനേരെ എറിഞ്ഞുകൊടുത്തപ്പോള്‍ അത് പുറംകാല്‍കൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്നതിനുപകരം ചാടിക്കടിച്ച് കണ്ണടച്ചു വിഴുങ്ങുന്നതില്‍ മത്സരമായിരുന്നു ഇവിടെ. അടിമുടി ഹിന്ദു അവഹേളനം നിറഞ്ഞുനില്ക്കുന്ന പ്രസ്തുതസിനിമ മഹത്തായ രാധാകൃഷ്ണ പ്രണയത്തെ നിന്ദ്യമാംവിധം അവഹേളിക്കുകയാണ് ചെയ്യുന്നത്. ഉന്നതമായ നൃത്ത-സംഗീത പാരമ്പര്യം നമുക്കുണ്ടായിട്ടും ഈ സൃഷ്ടിയിലും ‘ഗുണമേന്മ’ കാണാന്‍ ആളുകള്‍ ഉണ്ടായി എന്നത് മലയാളിയുടെ നിലവാരത്തകര്‍ച്ചയും ചിന്താശോഷണവുമാണ് അനാവരണം ചെയ്യുന്നത്. രണ്ടാമതൊന്നാലോചിക്കാതെ അര്‍ഹമായ അവഗണനയോടെ പുറംതള്ളേണ്ട ഇത്തരം മാലിന്യങ്ങളെ സ്വീകരിക്കേണ്ട ഗതികേട് മലയാളിക്കു മാത്രമേ ഈ ഭൂമുഖത്ത് ഉണ്ടാവുകയുള്ളൂ.
പുകള്‍പെറ്റ മലയാള ഭാഷയുടെ ശൈലിയും അവതരണ രീതിയുമെല്ലാം പടിഞ്ഞാറന്‍ സായിപ്പിന്റെ അടുക്കളയിലാണ് ഇപ്പോള്‍ പാകം ചെയ്യപ്പെടുന്നത്. ഒരു പ്രമുഖ സാഹിത്യകാരന് പറഞ്ഞതുപോലെ ആധുനിക മലയാള ഭാഷയുടെ മാതാവായ രഞ്ജിനി ഹരിദാസിന്റെ ആംഗലേയത്വം നുരയുന്ന ഭാഷാശൈലിയും അവതരണവുമെല്ലാം മലയാളി പെണ്‍കുട്ടികളും വീട്ടമ്മമാരും അനുകരിക്കാന്‍ തുടങ്ങിയത് വഴിമാറുന്ന/മാറ്റപ്പെടുന്ന ജീവിതശൈലിയുടെ പ്രകടീകൃത സൂചകങ്ങളാണ്.
ഒരു വ്യക്തിയുടെ സംസ്കാരത്തിന്റെ മാനദണ്ഡം പെരുമാറ്റ രീതിയും സമീപനങ്ങളുമാണെന്നു പറയാറുണ്ട്. വ്യക്തിസംസ്കരണത്തിന്റെ ആരംഭം വിദ്യാലയങ്ങളില്നിന്നല്ല രക്ഷിതാക്കളില്‍നിന്നാണ് തുടങ്ങുന്നത്. ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയിലൂടെ വളരുന്ന കുട്ടികളില്‍നിന്ന് നല്ലൊരു പൗരനെ പ്രതീക്ഷിക്കുന്നത് മൗഢ്യമാകും. പൊതുമുതല്‍ നശിപ്പിക്കുന്നതിലും രാഷ്ട്രീയത്തിന്റെ പേരില്‍ സഹപാഠിയെ കൊല്ലുന്നതിലും എത്തിനില്‍ക്കുന്നു മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ അഭാവമുള്ള തലമുറ. പഴയ ആശാന് പള്ളിക്കൂടങ്ങളാണ് ഇതില്‍ എത്രയോ ഭേദമെന്ന് ചിന്തിച്ചുപോകുന്നത് അതുകൊണ്ടാണ്. സംസ്കാരത്തിന്റെ വീണ്ടെടുപ്പിന്റെ ആദ്യപടിയായി രക്ഷിതാക്കള്ക്കുവേണം ആദ്യം ബോധം പകരേണ്ടത്. പ്രത്യേകിച്ചും അദ്ധ്യാപക, ഡോക്ടര്‍, എഞ്ചിനീയറിംഗ് തലങ്ങളില്‍ ഉള്ളവര്‍ക്ക്. ‘മൂടിവെക്കുന്നതിലൂടെ ഒരിക്കലും സുഖപ്പെടുകയില്ലെന്ന്’ ഓഷോയുടെ നിരീക്ഷണം അക്ഷരംപ്രതി ശരിയാവുകയാണിവിടെ.
ഭാഷയുടെ വീണ്ടെടുപ്പാണ് ആദ്യത്തെ കര്‍ത്തവ്യം. കാരണം ഭാഷ പാരമ്പര്യത്തെ വിളക്കിച്ചേര്‍ക്കുന്ന ശക്തമായ ഉപാധിയാണ്. ആധികാരിക രേഖകളോ ദൃഷ്ടാന്തങ്ങളോ ഇല്ലാതെതന്നെ വാമൊഴിയിലൂടെ മാത്രം കൈമാറിയ ദൈവീകമോ അല്ലെങ്കില്‍ കേവല വിനോദോപാധിയോ എന്തുമാകട്ടെ, കലാരൂപങ്ങളും മറ്റും ഇന്ന് സജീവമായി നിലനില്‍ക്കുന്നുണ്ട്. സാമൂഹിക ജീര്‍ണതയ്ക്കെതിരെ പോരാടി കാലഗതി പൂണ്ട ധീരവ്യക്തിത്വങ്ങള്‍ തെയ്യക്കോലങ്ങളായും മറ്റും വിശ്വാസിയുടെ ഹൃദയത്തുടിപ്പായി മാറിയത് മഹത്തായ ഭൂതകാലത്തിന്റെ അനിവാര്യമായ കൈമാറ്റങ്ങള്‍ കൂടിയാണ്. മലയാണ്മയുടെ തായ്വേര് ഉറച്ചുനില്‍ക്കുന്നത് ഹൈന്ദവികതയുടെ ഹൃദയത്തില്‍ തന്നെയാണ്. ആദിശങ്കരനിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ നവചൈതന്യം ആധുനിക വിദ്യാഭ്യാസച്ചതിയില്പ്പെട്ട് കളഞ്ഞുകുളിക്കുംവരെ നമ്മുടെ പൂര്‍വികര്‍ ഭംഗിയായി പരിപാലിച്ചിരുന്നു. മണിപ്രവാളവും രാമായണവും കൃഷ്ണപ്പാട്ടുമെല്ലാം മലയാളിയുടെ വൈചാരിക തലങ്ങളില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചപ്പോള്‍, ക്ഷേത്രാചാരങ്ങളും പടയണിയും തെയ്യങ്ങളും സംസ്കാരത്തിന്റെ ഉണര്‍ത്തു പാട്ടായപ്പോള്‍ ജാതിക്കോമരങ്ങളും മറ്റും ഉയര്‍ത്തിയ നെടുങ്കോട്ടങ്ങള് തല്ലിത്തകര്‍ക്കപ്പെട്ടു എന്നതും ചരിത്രം. നിറപട്ടിണിയിലും പൂര്‍വസൂരികള്‍ ഈ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായില്ല എന്നോര്‍ക്കണം. ഇന്ന് ധനമോഹികളാല് പ്രത്യക്ഷദൈവസ്വരൂപമാകുന്ന തെയ്യങ്ങളും മറ്റും വിശുദ്ധി കളഞ്ഞുകുളിച്ച് സ്റ്റേജുകളിലും പൊതുനിരത്തിലും തുള്ളുമ്പോള്‍ തലകുനിക്കുകയേ നിര്‍വാഹമുള്ളൂ.
ആരൊക്കെ എന്തുപറഞ്ഞാലും ശരി മലയാണ്മ ഹൈന്ദവ പാരമ്പര്യത്തിന്റെ പരിച്ഛേദനമാണ്. ആധുനിക ശാസ്ത്രലോകം അംഗീകരിച്ച സംസ്കൃതത്തെ ഒരു കാലത്ത് മൃതഭാഷയെന്നു വിളിച്ചാക്ഷേപിച്ചതിലൂടെ പാശ്ചാത്യരും അവരെ പിന്തുടര്‍ന്ന കമ്മ്യൂണിസ്റ്റുകളും ഉന്നംവെച്ചത് ഭാരതീയരുടെ സാംസ്ക്കാരിക നൈരന്തര്യത്തിന്റെ നട്ടെല്ലു തകര്‍ക്കുക എന്നുതന്നെയായിരുന്നു. ഇതേ തന്ത്രമാണ് ഇപ്പോള്‍ ഭാഷാ/സംസ്ക്കാരത്തിനെതിരായി നിഗൂഢമായി നടത്തുന്ന കടന്നാക്രമണങ്ങള്‍. ഈ പ്രക്രിയയില്‍ ഇടത്തും വലത്തും നില്ക്കുന്ന രാഷ്ട്രീക്കാരോടൊപ്പം ക്രിസ്ത്യന്‍, മുസ്ലീം മതമൗലികവാദികളും ഒത്തൊരുമിച്ച് കൈകോര്‍ക്കുകയാണിപ്പോള്‍. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രധാന തസ്തികകള്‍ മുസ്ലീങ്ങള്‍ക്കുമാത്രമായി നല്കപ്പെടുന്നതും സ്വാതന്ത്ര്യ സമരകാലത്ത് ഭാരതീയരുടെ ദേശാഭിമാനത്തെ ഉദ്ദീപിപ്പിച്ചുകൊണ്ട് ‘ഹൃദന്തരം ഭയഹീനം ശിരസ്സെന്നുമുന്നതം’ എന്നു പാടിയ മഹാകവി ടാഗോറിന്റെ പേരിലുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഒരു ബ്ലോക്കിന് കേവലം ഒരു രാഷ്ട്രീയ നേതാവായ ശിഹാബ്തങ്ങളുടെ പേരിടാന്‍ നടത്തിയ ശ്രമങ്ങളുമെല്ലാം തന്നെ മേല്‍പ്പറഞ്ഞ ഗൂഢാലോചനയുടെ ഭാഗമായി വേണം കാണാന്‍.
മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ മുഴുവനാളുകളും ഈ പ്രക്രിയയില്‍ പങ്കാളികളാണ് എന്നല്ല വിവക്ഷ. എങ്കിലും മദ്രസാ പഠനം മുതല്‍ മാതൃഭാഷയെ മാറ്റിനിര്‍ത്തി അറബിക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ഇസ്ലാമിക വിശ്വാസിയും സണ്‍ഡേ സ്കൂളുകള്‍ വഴി ആംഗലേയത്വത്തിന് പരമപ്രാധാന്യം നല്കുന്ന ക്രിസ്ത്യന്‍ വിശ്വാസിയുമെല്ലാം മലയാളത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കും എന്നു കരുതുന്നത് അബദ്ധമാകും. അങ്ങനെ വരുമ്പോള്‍ മലയാളഭാഷ ഹിന്ദുവിന്റേതാണെന്ന് വസ്തുനിഷ്ഠമായി പറയേണ്ടിവരും. ആത്മീയ ജ്യോതിസ്സായ തുഞ്ചത്താചാര്യനെ അക്ഷരകുലപതിയായും ഭാഷാ പിതാവായും ആരാധിക്കുന്നവര്‍ ഒരുപക്ഷെ ഹൈന്ദവമനസ്സുകള് മാത്രമായിരിക്കും.
ഭാരതത്തിന്റെ പൗരാണിക സ്വത്വം തന്നെയാണ് കേരളീയരിലും സന്നിവേശിക്കപ്പെട്ടത്. അവയെ അറുത്തുമാറ്റേണ്ടത് ഈ മണ്ണിനെ നശിപ്പിക്കാന്‍ കച്ചകെട്ടിയവരുടെ ആവശ്യമാണ്. അതിനാല്‍ അനുദിനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കേരളത്തിലെ ഹൈന്ദവസമൂഹം നമ്മുടെ ഭാഷയുടേയും സംസ്ക്കാരത്തിന്റേയും വീണ്ടെടുപ്പിനാവണം ആദ്യം പോരാടേണ്ടത്. നാമാവശേഷമായ ഹീബ്രു ഭാഷയെ പുനരുജ്ജീവിപ്പിച്ച ഇസ്രായേലികളുടെ മാതൃക ഇവിടെ അനുകരണീയമാണ്. എന്നാല്‍ മാത്രമേ ദൃശ്യമാധ്യമങ്ങളും മറ്റും വിളമ്പുന്ന അന്തസ്സാര ശൂന്യവും അബദ്ധജഡിലവുമായ വാര്‍പ്പുമാതൃകകളെ അകറ്റിനിര്‍ത്താന്‍ കഴിയുകയുള്ളൂ. പകരം ശ്രീശങ്കരനും ഗുരുദേവനും ചട്ടമ്പിസ്വാമികളും മുന്നോട്ടുവെച്ച ആദ്ധ്യാത്മിക അവബോധവും വീരപഴശ്ശിയും പാലിയത്തച്ചനും വക്കം ഖാദറും നല്കിയ രാഷ്ട്രബോധവുമെല്ലാം അടിസ്ഥാനപ്പെടുത്തിയതാവണം. അതുവഴിമാത്രമേ പണ്ഡിറ്റുമാരും രഞ്ജിനിമാരും ശുംഭന്മാരും മലീമസമാക്കിയ കേരളത്തിന്റെ സാംസ്ക്കാരിക പരിസരം ശുദ്ധമാവുകയുള്ളൂ.
രതീഷ് എ.വി.കമ്പില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: