ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തിനില്ക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരവസാനം ഡോളറിന്റെ വില 52.29 രൂപയായത് സര്‍വകാല ഇടിവാണ്. അന്താരാഷ്ട്ര വിപണിയില്‍, പ്രത്യേകിച്ച് യൂറോ മേഖലയിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയില്‍നിന്നും വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതുമാണ് രൂപയുടെ മൂല്യശോഷണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് അന്താരാഷ്ട്ര കമ്പോള നിലവാരത്തിന്റെ പ്രതിഫലനമാണെന്ന് ആസൂത്രണ കമ്മീഷന് ഡെപ്യൂട്ടി ചെയര്മാന് മോണ്ടെക് സിംഗ് ആലുവാലിയ പറയുമ്പോഴും ഇതുണ്ടാക്കാനിടയുള്ള പ്രത്യാഘാതം ആശങ്ക പരത്തുന്നതാണ്. പെട്രോള്‍ വില വര്‍ധിക്കുന്നത് രൂപയുടെ മൂല്യത്തകര്‍ച്ച മൂലമാണ്. ഇതും നാണ്യപ്പെരുപ്പ വര്‍ധനക്ക് കാരണമാകും. നാണ്യപ്പെരുപ്പം കുറക്കലാണ് അടിയന്തരമായി ചെയ്യേണ്ടതെന്നാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി പറയുന്നത്. ഈ വിലയിടിവ് ഇനിയും തുടരാനാണ് സാധ്യത. പക്ഷെ യുപിഎ സര്‍ക്കാരിനോ റിസര്‍വ് ബാങ്കിനോ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഉളവായിരിക്കുന്നത്. പെട്രോള്‍ വില വര്‍ധന മറ്റ് സാധനങ്ങളുടെ വിലവര്‍ധനക്ക് കാരണമാകുകയും സാധാരണക്കാരുടെ ജീവിതം വഴിമുട്ടുകയും ചെയ്യുന്ന അവസ്ഥാവിശേഷമാണിത്.
രാജ്യത്തിന്റെ ഇറക്കുമതിയെയും ഇത് ബാധിക്കും. ഈ മൂല്യത്തകര്‍ച്ചയില്‍ ആഹ്ലാദിക്കുന്നത് പ്രവാസികളാണ്. പ്രവാസി പണമിടപാടുകളില്‍ 40 ശതമാനം വര്‍ധനവാണത്രെ ഉണ്ടായിരിക്കുന്നത്. നാണ്യപ്പെരുപ്പം കുറക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കാണ് ഈ മൂല്യത്തകര്‍ച്ച ഏറ്റവും കനത്ത ആഘാതമേല്‍പ്പിക്കുന്നത്.
ഇപ്പോള്‍ത്തന്നെ ധനമന്ത്രാലയം ഡിസംബര്‍ മാസത്തില്‍ പണപ്പെരുപ്പം 8.2 ശതമാനമോ 8.5 ശതമാനമോ ആയേക്കാം എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ വിപണി നിക്ഷേപം ഡോളറിലേക്കും യുഎസ് ട്രഷറി ബോണ്ടുകളിലേക്കും മാറുന്ന പ്രവണതയും ഉളവായിട്ടുണ്ട്. 2009 മാര്‍ച്ചിലെ 51.97 രൂപയില്‍നിന്ന് ജൂലൈ മാസത്തില്‍ 44.08 എന്ന നിലയിലെത്തിയ രൂപയാണ് യൂറോ മേഖലയിലെ സാമ്പത്തികത്തകര്‍ച്ച മൂലം തകര്‍ന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ശോഷിപ്പിക്കുകയും വ്യാപാരക്കമ്മി ഉണ്ടാക്കുകയും ചെയ്യും. മിക്ക ഏഷ്യന്‍ കറന്‍സികളും തകരുന്നു എന്നത് സമാധാനം തരുന്നതല്ല. സെന്‍ട്രല്‍ ബാങ്ക് ഈ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ എടുക്കുമെന്നുമാണ് ധനമന്ത്രിയുടെ വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: