ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് വന്‍ ബഹളത്തോടെ തുടക്കം. സ്പെക്ട്രം കുംഭകോണത്തില്‍ ആരോപണം നേരിടുന്ന ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിപക്ഷ ബഹളം ഇരുസഭകളെയും സ്തംഭിപ്പിക്കുകയായിരുന്നു. ചിദംബരത്തെ പാര്‍ലമെന്റില്‍ ബഹിഷ്കരിക്കാന്‍ എന്‍ഡിഎ നേരത്തെ തീരുമാനിച്ചിരുന്നു.
ഇന്നലെ ലോക്സഭയില്‍ ചോദ്യോത്തരവേള ആരംഭിച്ചതോടെയാണ് ബഹളത്തിന് തുടക്കമായത്. ആര്‍ജെഡി അംഗം രഘുവംശ് പ്രസാദ് സിങ്ങിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ചിദംബരം തയ്യാറെടുത്തെങ്കിലും ബഹളത്തില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തി. പിന്നീട് വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. ചിദംബരത്തിന്റെ രാജി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെടുന്നതുവരെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. ശാന്തരായിരിക്കാന്‍ പ്രധാനമന്ത്രി നടത്തിയ അഭ്യര്‍ത്ഥന മറികടന്നാണ് പ്രതിപക്ഷ എംപിമാര്‍ ചിദംബരത്തിനെതിരെ തിരിഞ്ഞത്. ഇന്നലെ ചോദ്യോത്തരവേളയില്‍ ആദ്യത്തെ ചോദ്യത്തിന് തന്നെ മറുപടി പറയേണ്ടിയിരുന്നത് ചിദംബരമായിരുന്നു.
ആഭ്യന്തരമന്ത്രിയുടെ രാജി തേടണമെന്ന് എന്‍ഡിഎ അംഗങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തനിക്കെതിരായ പ്രതിപക്ഷ രോഷം ശക്തമായതോടെ ഒന്നും പ്രതികരിക്കാതെ ചിദംബരം സഭവിട്ടുപോവുകയും ചെയ്തു.
ചിദംബരം പ്രശ്നത്തിന് പുറമെ ഉത്തര്‍പ്രദേശിന്റെ വിഭജനം, തെലുങ്കാന പ്രശ്നം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. രാജ്യസഭയിലും സമാനരംഗങ്ങള്‍ അരങ്ങേറി.
ഇന്നലെ ലോക്സഭ സമ്മേളിച്ചയുടന്‍ ഹിസാറില്‍ നിന്നുള്ള പുതിയ അംഗം കുല്‍ദീപ് ബിഷ്ണോയി സത്യപ്രതിജ്ഞ ചെയ്തു. അടുത്തയിടെ മരിച്ച ആറ് മുന്‍ എംപിമാര്‍ക്ക് ലോക്സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാംദയാല്‍ മുണ്ട, സില്‍വിയസ് കൊണ്ടാവെന് എന്നീ രണ്ട് അംഗങ്ങളുടെ വേര്‍പാടില്‍ അനുശോചിച്ച് രാജ്യസഭയും പിരിഞ്ഞു. അജ്ഞാത രോഗത്തിന് വിദേശത്ത് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണുമായ സോണിയാഗാന്ധിയും ഇന്നലെ സഭയില്‍ എത്തിയിരുന്നു.
ഇതിനിടെ, സ്പെക്ട്രം ഇടപാട് സംബന്ധിച്ച് ചിദംബരവും മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജയും നടത്തിയ ഗൂഢാലോചന തെളിയിക്കുന്ന രേഖകള്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യംസ്വാമി പുറത്തുവിട്ടു. അന്ന് ധനമന്ത്രിയായിരുന്ന ചിദംബരവും രാജയും 2001ലെ നിരക്കില്‍ 2 ജി സ്പെക്ട്രത്തിന് വില നിശ്ചയിക്കാന്‍ തീരുമാനിച്ചിരുന്നതായി 2008 ജൂലൈ 4ലെ ധനമന്ത്രാലയ രേഖകള്‍ പുറത്തുവിട്ട് അദ്ദേഹം ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിദംബരവും രാജയും തമ്മില്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന വാദം തകര്‍ക്കാനാണ് ഈ രേഖകള്‍ പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്പെക്ട്രം കേസില്‍ ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ് സ്വാമി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഡിസംബര്‍ 3ന് ഈ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: