ആലുവ: ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിന് അജ്ഞാതന്‍ തീയിട്ടു. ഭാഗ്യംകൊണ്ടു മാത്രം വന്‍ തീപിടുത്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിന് തീയിട്ടത്. ഉടന്‍ തന്നെ തീ പടരുകയും ചെയ്തു. ആലുവ ഫയര്‍ഫോഴ്സില്‍ നിന്നും ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തിയതിനാല്‍ തീ പടര്‍ന്നുപിടിക്കുന്നത് ഒഴിവായി.
ആലുവ മാര്‍ക്കറ്റില്‍ നിന്നും ദിനംപ്രതി ടണ്‍ കണക്കിന് മാലിന്യങ്ങളാണ് പുറന്തള്ളുന്നത്. നഗരസഭാ അധികൃതര്‍ മാലിന്യ നീക്കത്തില്‍ കാണിക്കുന്ന അനാസ്ഥയാണ് പലരേയും മാലിന്യങ്ങള്‍ തീയിട്ടുനശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
തീ ആളിപ്പടര്ന്നാല് വന്‍ ദുരന്തം ഉണ്ടാകുമെന്നത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും ആലോചിക്കുന്നില്ല. തീ പടരുന്നത് യഥാസമയം ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ വന്‍ ദുരന്തത്തിന് ആലുവ നഗരം സാക്ഷ്യമാകേണ്ടിവരുമായിരുന്നു. ആലുവായുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന ചിലര്‍ ഇവ റോഡുവക്കില്‍ തള്ളിക്കത്തിച്ചുകളയുന്നതായും ആക്ഷേപമുണ്ട്. പലപ്പോഴും സമീപവാസികള്‍ ഓടിയെത്തി ഇത് തടയുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: