ഇടുക്കിയിലും തിരുവനന്തപുരത്തും ഭൂചലനങ്ങള്‍ ഉണ്ടായതിന് സമാനമായി കേരളാ സര്‍ക്കാരിലും ഇപ്പോള്‍ ഭൂകമ്പം ഉടലെടുക്കുന്ന സമയമാണ്. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍വന്ന യുഡിഎഫിന് ടി.എം.ജേക്കബിന്റെ നിര്യാണം കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. വെറും 157 വോട്ടിന് എം.ജെ.ജേക്കബിനെ തോല്‍പ്പിച്ച ടി.എം.ജേക്കബിന്റെ വിജയം അനുകമ്പാപ്രവാഹമുണ്ടെങ്കിലും മകന് അനൂപ് ജേക്കബിന് ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന സംശയമുയരുന്നുണ്ട്. ആ പശ്ചാത്തലത്തില്‍ ഇപ്പോള്‍ യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയം കേരളത്തില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം മദ്യ ഉപഭോഗം പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററായ കേരളത്തിലാണ്. മദ്യോപയോഗമാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക് കാരണം. റോഡപകടങ്ങള്‍ പെരുകുന്നുവെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. കേരളത്തില്‍ വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതും സ്ത്രീ-ബാലികാപീഡനങ്ങള്‍ വര്‍ധിക്കുന്നതും വര്‍ധിച്ചുവരുന്ന മദ്യോപയോഗം മൂലമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യലഭ്യത കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ മദ്യനയത്തിനനുസരിച്ച് മൂന്ന് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാറുകള്‍ ആകാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രീ സ്റ്റാര്‍ പദവിക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ നടക്കുന്ന അഴിമതിയും വാര്‍ത്തയായിരുന്നു. ബാറിന്റെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചതും വിവാദമായിരിക്കുന്നു.
കേരളത്തിന്റെ ഖജനാവിന് ഏറ്റവുമധികം വരുമാനം തരുന്ന മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള ഇഛാശക്തി മദ്യലോബി നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കോ സര്‍ക്കാരിനോ ഇല്ല. മദ്യത്തിന് എല്ലാ ആഘോഷ-അനുശോചന വേളകളിലും സ്വീകാര്യത ലഭിച്ചപ്പോള്‍ ഒമ്പത് വയസ് മുതല്‍ കുട്ടികളും മദ്യപാനം തുടങ്ങുന്നു. വര്‍ധിച്ചുവരുന്ന മദ്യോപയോഗം സാമൂഹ്യതിന്മകള് വളര്‍ത്തുന്നുവെന്ന് മാത്രമല്ല ജനത്തിന്റെ ആരോഗ്യവും നശിക്കുന്നു. ഇതെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് മദ്യനയത്തിനെതിരെ സഭകള്‍ രംഗത്ത് വന്നിരിക്കുന്നത്. യുഡിഎഫിന്റെ മദ്യനയം സുതാര്യമല്ലെന്ന് മാത്രമല്ല അവിഹിതമായ പലതും അതിന് പിന്നിലുണ്ടെന്ന് കരുതാന്‍ കാരണങ്ങളേറെയാണ്. ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന കേസില്‍ ചെന്നൈ റീജണല്‍ ടൂറിസം ഡയറക്ടര്‍ ജെ.പി.ഷായെ സിബിഐ ചോദ്യം ചെയ്തിരിക്കുകയാണ്. ത്രീസ്റ്റാര്‍ പദവിക്കുവേണ്ടി ഹോട്ടലുടമകള്‍ നല്കിയ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഷാ സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുകള്‍ അയച്ചിരുന്നു. മാര്‍ച്ച് 31വരെ മാത്രമേ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലെ വ്യവസ്ഥകള്‍ പുറത്തുവന്നയുടനെയാണ് ഷാ കത്തയച്ചത്. സര്‍ക്കാരിന്റെ മദ്യനയം പുറത്തുവന്നതോടെ ത്രീസ്റ്റാര്‍ പദവി നേടിയെടുക്കാന്‍ ഹോട്ടലുടമകളുടെ നെട്ടോട്ടമായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ‘ഒരു ത്രീസ്റ്റാര്‍ വിപ്ലവം’ ആണെന്ന വിമര്‍ശനം മദ്യനയരൂപീകരണത്തിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
യുഡിഎഫ് സര്‍ക്കാരില്‍ വിവിധ സഭകളുടെ പ്രാതിനിധ്യത്തെ ചൊല്ലി അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. മാര്‍ത്തോമ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിലുള്ള കോണ്‍ഗ്രസ് പ്രതികരണത്തിലും സഭ അതൃപ്തരാണ്. ഇപ്പോള്‍ ക്രൈസ്തവസഭകള്‍ മദ്യനയത്തിനെതിരെ രംഗത്തുവരുമെന്ന ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെതന്നെ സമുന്നതനായ നേതാവ് വി.എം.സുധീരനും സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ചുകഴിഞ്ഞു. വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന് രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചിട്ട് ഫലമില്ലാതെ വന്നതിനാലാണ് പരസ്യമായ അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നതെന്ന് ഇതിന് മറുപടിയായി സുധീരന് പ്രതികരിച്ചു. സുധീരന് പിന്തുണയുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍തന്നെ രംഗത്തുവന്നത് സര്‍ക്കാരിലും മുന്നണിയിലും കാര്യങ്ങള്‍ പന്തിയല്ലെന്ന് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ചില പാളിച്ചകളുണ്ടെന്നും അത് മാറ്റുമെന്നും തങ്കച്ചന് പറഞ്ഞിരിക്കുകയാണ്. സുധീരനെ പിന്തുണച്ച് കേന്ദ്രമന്ത്രി വയലാര്‍ രവിയും അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നതോടെ ഒറ്റപ്പെട്ടിരിക്കുന്നത് എക്സൈസ് മന്ത്രി കെ.ബാബുവാണ്. പാര്‍ട്ടിയില്‍ നിന്നുതന്നെ നിരന്തര വിമര്‍ശനമുയര്‍ന്നിട്ടും നിശബ്ദത പാലിക്കുന്ന മന്ത്രിയുടെ നിലപാട് സംശയത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. ഇത് കൂടാതെയാണ് സഖ്യകക്ഷിയായ മുസ്ലീംലീഗും മദ്യനയത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുന്നത്. ഉപതെരഞ്ഞെടുപ്പ് നേരിടുന്ന യുഡിഎഫില്‍ ഇതെല്ലാം സൃഷ്ടിക്കുന്നത് ഭൂകമ്പം തന്നെയാണ്.
അതിശക്തമായ എതിര്പ്പുകളുയര്ന്നിട്ടും പുതിയ മദ്യനയം മാറ്റം കൂടാതെ നടപ്പാക്കുന്നതിന് പിന്നില്‍ ആരാണെന്ന ചോദ്യമാണ് പൊതുവായി ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ് താന്‍ നടപ്പാക്കുന്നതെന്ന് പറഞ്ഞൊഴിയുന്ന മന്ത്രി ബാബുവിന്റെ വിശദീകരണത്തിന് വിശ്വാസ്യത കുറവാണ്. എല്‍ഡിഎഫ് ഭരണത്തിന്റെ മദ്യനയത്തിനെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്തിയവരാണ് കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭകളുടെ കാലത്ത് അടച്ചുപൂട്ടിച്ച കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചതാണ് എക്സൈസ് മന്ത്രിയായിരുന്ന പി.കെ.ഗുരുദാസന് ചെയ്ത ഏകകാര്യമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടവും വിമര്‍ശിച്ചവരാണ് അവര്‍. എന്നാല്‍ ഇപ്പോള്‍ സ്വന്തം സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ മദ്യമുതലാളിമാര്‍ക്ക് ഒത്താശ ചെയ്ത് കേരളത്തെത്തന്നെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നയം നടപ്പാക്കാന്‍ വാശിപിടിക്കുന്നവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാണ്. ഗാന്ധിജിയുടെ ആദര്‍ശമായ മദ്യവര്‍ജനം അധികാരത്തിലേറുന്ന എല്ലാ കോണ്‍ഗ്രസുകാരനും മറക്കുകയാണ് പതിവ്. എന്നാല്‍ വിഷത്തിന് തുല്യമായ നിലവാരമില്ലാത്ത മദ്യം ജനങ്ങളെക്കൊണ്ട് കുടിപ്പിച്ച് കുടുംബജീവിതവും സാമൂഹികജീവിതവും സാന്മാര്ഗികതയും തകര്‍ക്കുന്ന വിധത്തില്‍ മദ്യനയം രൂപീകരിക്കുന്നവരെ പൗരബോധമുള്ള ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ലൈംഗിക പീഡനങ്ങളുടെയും അരുംകൊലകളുടെയും പറുദീസയായി കേരളം മാറിയതിന്റെ മുഖ്യകാരണം മദ്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മദ്യനയത്തിന്റെ കാര്യത്തില്‍ ലക്കുകെട്ട സര്‍ക്കാരിന് ഇത് തിരിച്ചറിയാനാവുന്നില്ലെങ്കില്‍ മനസ്സിലാവുന്ന ഭാഷയില്‍ പ്രതികരിക്കേണ്ടതുണ്ട്. അതിനുള്ള സുവര്‍ണാവസരമാണ് പിറവത്ത് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: