മരട്: ഭൂമി ഏറ്റെടുക്കലില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദമായ പനങ്ങാട് 110 കെവി സബ്സ്റ്റേഷന്റെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാരും മറ്റും ചേര്‍ന്നാണ് ഭൂമി ഇടപാടില്‍ ക്രമക്കേട് കാട്ടി എന്ന പരാതിയാണ് അന്വേഷണ ഉത്തരവിനെത്തുടര്‍ന്ന് വിവാദമായത്. കെഎസ്ഇബിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതിന് സമീപത്തെ പൊതുതോടിന്റെ ഭാഗം കയ്യേറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തോടിന്റെ കയ്യേറ്റം അളന്നുതിട്ടപ്പെടുത്തുവാന് ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് 2008 മെയ് 24ന് റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മരട്, കുമ്പളം പഞ്ചായത്ത് സെക്രട്ടറിമാര്‍ സ്ഥലത്ത് ഹാജരായിരുന്നില്ല. ഈ വീഴ്ചക്ക് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഭൂമി ഇടപാട് സംബന്ധിച്ച ആക്ഷേപത്തെക്കുറിച്ച് നിരവധിതവണ വിശദീകരണം ചോദിച്ചിരുന്നുവെങ്കിലും മരട്, കുമ്പളം പഞ്ചായത്ത് സെക്രട്ടറിമാര്‍ മറുപടിപോലും നല്‍കിയില്ലെന്നാണ് ഫയല്‍ നമ്പര്‍ 51-48/08ല്‍ അഡീഷണല്‍ തഹസില്‍ദാര്‍ നോട്ടെഴുതിയിരിക്കുന്നത്. കയ്യേറ്റത്തെക്കുറിച്ച് കുമ്പളം പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നുവെങ്കിലും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. കയ്യേറ്റവിവരം വളരെ വൈകിയാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത്.
പുറമ്പോക്ക് തോടിന്റെ വീതി പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി മറച്ചുവെച്ച് കയ്യേറ്റ സ്ഥലം കെഎസ്ഇബിക്ക് വില്‍പ്പന നടത്തുവാന്‍ കുമ്പളം, മരട് പഞ്ചായത്ത് സെക്രട്ടറിമാര്‍ കൂട്ടുനിന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. കുമ്പളം പഞ്ചായത്ത് സെക്രട്ടറി പാടെ അവഗണിച്ചതായും ആക്ഷേപമുണ്ട്.
കെഎസ്ഇബിക്കുവേണ്ടി ഏറ്റെടുത്ത 1.52 ഏക്കര്‍ ഭൂമിക്ക് സമീപത്തെ 35 സെന്റ് ഭൂമി നഷ്ടപ്പെട്ടതായി കാണിച്ച് സമീപവാസിയായ ആള് 2007ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിക്കും മറ്റും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് 2007 ജൂലൈ 31 ന് അന്നത്തെ തൃക്കാക്കര അസി. കമ്മീഷണര്‍ കെ.സേതുരാമന് നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം കണ്ടെത്തിയതായി ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നുവെങ്കിലും തുടര്‍ നടപടിയൊന്നും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: