രാമേശ്വരത്തെത്തുന്ന തീര്‍ത്ഥാടകര്‍ ആദ്യം ലക്ഷ്മണതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യണം. ഇത് രാമേശ്വരം ക്ഷേത്രത്തില്‍ നിന്നു നേര്‍ പടിഞ്ഞാറ് ഒരു കിലോമീറ്റര്‍ അകലെയാണ്. അവിടെ ലക്ഷ്മണേശ്വരമെന്ന ശിവക്ഷേത്രമുണ്ട്. ഇവിടെ മുണ്ഡനവും ശ്രാദ്ധവും നടത്തുന്നു. ഇവിടെ നിന്നു തിരിച്ചുവരുമ്പോള്‍ സീതാതീര്‍ത്ഥമെന്ന കുണ്ഡം കാണാം. അവിടെ ശ്രീരാമന്റെയും പഞ്ചമുഖനായ ഹനുമാന്റെയും വിഗ്രഹങ്ങളുണ്ട്. അവിടുന്ന് അല്‍പം മുന്നോട്ടുമാറി രാമതീര്‍ത്ഥമെന്ന വലിയ സരോവരം കാണാം. ഇതിലെ ജലം ഉപ്പുരസമുള്ളതാണ്. തീരത്ത് ശ്രീരാമക്ഷേത്രമുണ്ട്.ശ്രീരാമേശ്വരം ക്ഷേത്രത്തില്‍ ഇരുപത്തിരണ്ടു തീര്‍ത്ഥങ്ങളുണ്ട്. വെളിയിലെ സമുദ്രം അഗ്നിതീര്‍ത്ഥമാണെന്നുപറയുന്നു. അതിനടുത്തുതന്നെ അഗസ്ത്യതീര്‍ത്ഥമെന്ന കിണറുണ്ട്. ക്ഷേത്രത്തിലെ തീര്‍ത്ഥങ്ങളെല്ലാം സാധാരണ കിണറുപോലുള്ളവയാണ്. ശിവതീര്‍ത്ഥം മാത്രം ചെറിയൊരു സരസ്സാണ്. മാധവതീര്‍ത്ഥം വലിയ തടാകവുമാണ്. മഹാലക്ഷ്മിതീര്‍ത്ഥവും അഗസ്ത്യതീര്‍ത്ഥവും കുളങ്ങളാണ്. ബാക്കി പതിനെട്ടും കിണറുകളാണ്. ഇവയുടെ പേര് അതാതിന്റെ മുന്നില്‍ എഴുതിവച്ചിട്ടുണ്ട്. പണ്ഡമാരുടെ ഭൃത്യന്‍ തൊട്ടിയുമായി തീര്‍ത്ഥാടകന്റെ കൂടെ വരും. അയാള്‍ ഓരോ തീര്‍ത്ഥത്തില്‍ നിന്നും ജലം കോരി സ്നാനം ചെയ്യിക്കും. രാമേശ്വരം ക്ഷേത്രം വളരെയേരെ വിസ്താരമുള്ളതാണ്. മുന്നില്‍ മാധവ തീര്‍ത്ഥത്തിനു സമീപം സേതുമാധവക്ഷേത്രമുണ്ട്. പ്രദക്ഷിണ വഴിയില്‍ വെളിയില്‍ ആറു ക്ഷേത്രങ്ങള്‍ കാണാം.പ്രദക്ഷിണവഴിയിലൂടെ പോവുമ്പോള്‍ രാമലിംഗപ്രതിഷ്ഠ കാണാം. അനന്തന്റെ പത്തികള്‍ക്കു താഴെ ലിംഗം ഇരിക്കുന്നു. ശ്രീരാമനും ജാനകിയും അതില്‍ സ്പര്‍ശിച്ചിരിക്കുന്നു. അവിടെ ഋഷിമാര്‍ വാനരന്മാരാണ്.
മറ്റൊരു ചുറ്റില്‍ ചക്രതീര്‍ത്ഥത്തിനു സമീപം സുബ്രഹ്മണ്യക്ഷേത്രമുണ്ട്. ഗംഗാജലംകൊണ്ട് അഭിഷേകം പ്രധാനമാണ്. രാമേശ്വരക്ഷേത്രത്തിനു മുന്നില്‍ വലിയ നന്ദിയുണ്ട്. ഇതു മണ്ണുകൊണ്ടുള്ള വിഗ്രഹമാണ്. പതിമൂന്നടി പൊക്കവും എട്ടടി നീളവും ഒമ്പതടി വണ്ണവുമുള്ളതാണ് നന്ദിവിഗ്രഹം. നന്ദിയുടെ മുന്നില്‍ ഇന്ത്യന്‍ മഹാസമുദ്രവും ഇടതുവശത്ത് ബാലരൂപത്തിലുള്ള ഹനുമാന്റെ മൂര്‍ത്തിയും കാണാം.
ക്ഷേത്രത്തിലെ ശ്രീകോവിലിനു വശങ്ങളിലായി ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും വിഗ്രഹങ്ങളുണ്ട്. അങ്കണത്തിന്റെ ഇടതുവശത്ത് വിശ്വനാഥക്ഷേത്രം കാണാം.രാമേശ്വരദര്‍ശനത്തില്‍ ആദ്യം ഹനുമദീശ്വരദര്‍ശനം നടത്തണം. പിന്നീടു വേണം രാമേശ്വരദര്‍ശനം.മൂന്നുകവാടങ്ങള്‍ക്കുള്ളില്‍ അനന്തന്റെ പത്തികള്‍ക്കു താഴെ രാമേശ്വരന്റെ ജ്യോതിര്‍ലിംഗം ദര്‍ശിക്കാം. പൂജാരി ജനങ്ങള്‍കൊണ്ടു ചെല്ലുന്ന ഗംഗാജലം വാങ്ങി ഇതില്‍ അഭിഷേകം നടത്തുന്നു.
സ്ഫടികലിംഗം : ഇത് വളരെ മനോഹരമായ ലിംഗമാണ്. ഇതിന്റെ ദര്‍ശനം രാവിലെ നാലരമണി മുതല്‍ അഞ്ചുമണി വരെയാണ്.
ജഗ്മോഹനനില്‍ രണ്ടു ചെറിയക്ഷേത്രങ്ങള്‍ – ഗന്ധമാദനേശ്വരനും അഗസ്ത്യേശ്വരനും ഉണ്ട്. ഇവ അനാദിയായ സ്വയംഭൂലിംഗങ്ങളാണ്. ഇവിടത്തന്നെ തെക്കുഭാഗത്ത് ശ്രീരാമജാനകീക്ഷേത്രം കാണാം.
പ്രദക്ഷിണത്തില്‍ വേറെയും കുറേദേവതാവിഗ്രഹങ്ങള്‍ കാണാം. വടക്കുഭാഗത്തു വിശാലാക്ഷീ ക്ഷേത്രമുണ്ട്.രാമേശ്വരത്തിന്റെ തെക്കുവശത്തു പാര്‍വ്വതീക്ഷേത്രത്തിന്റെ വാതിലാണ്. ഇതിനെ പര്‍വ്വതവര്‍ദ്ധിനിയെന്നാണ് പറയുന്നത്. ഇതും വലിയ ക്ഷേത്രമാണ്. മൂന്നുവാതിലുകള്‍ക്കുള്ളിലാണ് വിഗ്രഹം. പാര്‍വ്വതീ ക്ഷേത്രപ്രദക്ഷിണത്തില്‍ സന്താനഗണേശനുണ്ട്. ഇവിടെ മുന്നിലെ മണ്ഡപത്തില്‍ നടരാജന്‍, ദേവി, സുബ്രഹ്മണ്യന്‍, ഗണേശന്‍, ഹനുമാന്‍ മുതലായവരുടെ ചെറിയ ക്ഷേത്രങ്ങളുണ്ട്.രാമേശ്വരം ക്ഷേത്രത്തിന്റെ കിഴക്കു കവടാത്തില്‍ ഹനുമാന്‍ ക്ഷേത്രമുണ്ട്. ഇതുകൂടാതെ അനേകം ചെറുക്ഷേത്രങ്ങള്‍ കാണാം.
ഗന്ധമാദനം (രാംഝരോഖാ (ജനല്‍) : ഇതു രാമേശ്വരത്തുനിന്നും ഒന്നരകിലോമീറ്റര്‍ അകലെയാണ്. ഇവിടെ സുഗ്രീവതീര്‍ത്ഥം, അംഗതീര്‍ത്ഥം, ജാംബവാന്‍തീര്‍ത്ഥം, അമൃതതീര്‍ത്ഥം ഇവ കാണാം. സുഗ്രീവതീര്‍ത്ഥം തടാകമാണ്. ബാക്കിയെല്ലാം കിണറും. അതിനു മുന്നില്‍ ഹനുമാന്റെ ബാലരൂപത്തിലുള്ള ക്ഷേത്രമുണ്ട്. ഇവിത്തെ പ്രസാദം കടല കൊടുക്കുന്നു.രാംഝരോഖാക്ഷേത്രം ഒരു കുന്നിന്‍പുറത്താണ്. കയറാന്‍ പടികളുണ്ട്. ഈ ക്ഷേത്രത്തില്‍ ശ്രീരാമചന്ദ്രന്റെ പാദചിഹ്നം കാണാം.മറ്റൊരു വഴിയേ മടങ്ങിയാല്‍ ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍ ഇവരുടെ പേരിലുള്ള തീര്‍ത്ഥങ്ങളും ബ്രഹ്മതീര്‍ത്ഥവും കാണാം. ബ്രഹ്മതീര്‍ത്ഥം കുണ്ഡമാണ്. അടുത്തുതന്നെ ഭദ്രകാളീക്ഷേത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: